വാര്‍ത്തകള്‍

നന്മകള്‍ ഞാനറിഞ്ഞത്‌ ചേമഞ്ചേരിയിലൂടെ -മട്ടന്നൂര്‍
13 വയസ്സുള്ളപ്പോഴാണ്‌ നാട്യാചാര്യനെ ആദ്യമായി കാണുന്നത്‌. കണ്ണൂരിലെയും, പരിസര പ്രദേശങ്ങളിലെയും ധാരാളം മനകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അദ്ദേഹത്തെ കാണാനന്ന്‌ കഴിഞ്ഞു. അദ്ദേഹം ഇവിടങ്ങളിലെത്തി ഒരു കളി കളിക്കട്ടെയെന്ന്‌ ചോദിച്ചാല്‍ ആരും നിരസിക്കുമായിരുന്നില്ല. ആശാന്‌ ലഭിക്കുന്ന സ്‌നേഹാദരവ്‌ അക്കാലത്ത്‌ എന്റെ മനസ്സില്‍ പതിഞ്ഞിരുന്നു. ഈ ബഹുമാനം അന്നും ഇന്നും എല്ലാവരില്‍ നിന്നും അദ്ദേഹത്തിന്‌ ലഭിക്കുന്നുണ്ട്‌.
തലശ്ശേരി തിരുവങ്ങാട്‌ ക്ഷേത്രത്തില്‍ ഞാന്‍ എത്തുമ്പോള്‍ അവിടത്തുകാര്‍ ആശാനെക്കുറിച്ച്‌ കേമമായി പറഞ്ഞുതരാറുണ്ടായിരുന്നു. 1965-66 കാലഘട്ടത്തില്‍ പേരൂര്‍ നാട്യസേവാ സദനത്തില്‍ നിന്നും ഞാന്‍ കഥകളിക്ക്‌ ചെണ്ട അഭ്യസിച്ചു. അരങ്ങേറ്റം കഴിഞ്ഞ്‌ പിറ്റേ ദിവസം മുതല്‍ രണ്ടാഴ്‌ചയിലധികം ഗുരുവിനോടൊപ്പം കഴിയാനും അദ്ദേഹത്തിന്റെ കഥകളി വേഷങ്ങള്‍ക്ക്‌ കൊട്ടാനുമുള്ള ഭാഗ്യവും എനിക്ക്‌ ലഭിച്ചു. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ ശ്രദ്ധിച്ച പ്രധാന കാര്യമുണ്ട്‌. നാട്ടുകാരുടെയും ശിഷ്യരുടെയും അതിരറ്റ ആദരവ്‌. അതിപ്പോള്‍ കൂടിയിരിക്കുന്നുവോ എന്ന്‌ സംശയമുണ്ടെങ്കിലും അത്‌ ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമാണ്‌. കാരണം പണ്ടുമുതലേ അദ്ദേഹം കൊണ്ടുനടക്കുന്ന വിനയം കാത്തു സൂക്ഷിക്കുക എന്നത്‌ കലാകാരന്‌ ആവശ്യമായ ഘടകമാണ്‌. ഇത്‌ ഗുരു ചേമഞ്ചേരിയെ മറ്റു കലാകാരന്‍മാരില്‍ നിന്നും വ്യത്യസ്‌തനാക്കുന്നു. ആദരിക്കുന്നതും ഇതിനാലാണ്‌. പ്രായം പരിഗണിച്ചല്ല. പലയിടത്തും ഞങ്ങള്‍ ഒന്നിച്ച്‌ വേദികള്‍ പങ്കിടാറുണ്ട്‌. അവിടെ എന്റെ തായമ്പകയോ മേളയോ ഉണ്ടെങ്കില്‍ ആസ്വാദകനായി മുഴുവന്‍ സമയവും ചേമഞ്ചേരിയെ കാണാം. ഈ പ്രായത്തിലും എല്ലാവരെയും കാണാനും അവരോടൊത്ത്‌ സൗഹൃദം പുലര്‍ത്താനും സന്തോഷകരമായ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാനും അദ്ദേഹത്തിന്‌ കഴിയുന്നു. വിനയം, സ്‌നേഹം ഈ രണ്ടു കാര്യങ്ങളാല്‍ ഗുരു ചേമഞ്ചേരി അജയ്യനായ കലാകാരനാണെന്ന്‌ നിസംശയം പറയാം.
അദ്ദേഹം സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തില്‍ `കൊട്ടാ`നായി ഞാന്‍ കുറച്ചുകാലം പോയിട്ടുണ്ട്‌. കലാലയം തുടങ്ങിയ കാലത്താണിത്‌. കൈവശമുള്ള സമ്പത്ത്‌ നഷ്‌ടപ്പെടുന്ന കാര്യമായതിനാല്‍ മിക്കവരും സ്വന്തമായൊരു കഥകളി സംഘം തുടങ്ങാന്‍ മുതിരില്ല. പക്ഷേ നമ്മുടെ സ്വന്തം പൈതൃകം കാത്തുസൂക്ഷിക്കാന്‍ അക്കാലത്ത്‌ ചേമഞ്ചേരി തയ്യാറാവുകയായിരുന്നു. ഈ സ്ഥാപനവുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ച ഏതൊരാള്‍ക്കും ഗുരുവിനെയോ തിരിച്ചോ ഒരിക്കലും മറക്കാന്‍ കഴിയില്ല.
എത്ര ചെറിയവരോടായാലും, മുതിര്‍ന്നവരോടായാലും ആശാന്‍ കാണിക്കുന്ന വിനയം കൊണ്ടുമാത്രമാണിത്‌. ആകൃതി കൊണ്ടും നമ്മള്‍ കണ്ടു പരിചയിച്ച കൃഷ്‌ണരൂപമാണ്‌ ചേമഞ്ചേരിക്ക്‌. ആശാന്‍ കൃഷ്‌ണ വേഷം കെട്ടിക്കഴിഞ്ഞാല്‍ സാക്ഷാല്‍ ഭഗവാന്‍ കൃഷ്‌ണന്‍ മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെയാണ്‌ തോന്നുക. പണ്ടുകാലത്ത്‌ കളിച്ചതിനെക്കാള്‍ ചുറുചുറുക്കോടെയാണ്‌ ചേമഞ്ചേരിയുടെ ഇന്നത്തെ നടനം. അരങ്ങത്തും അണിയറയിലും സജീവമാകുന്നതുപോലെ ആസ്വാദകരുടെ മനസ്സിലും സജീവമാണ്‌ ആശാനെന്നും.

തയ്യാറാക്കിയത്‌ : അനീഷ്‌ കുട്ടന്‍

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: