കലാലയം

തയ്യാറാക്കിയത്‌ : അനീഷ്‌ കുട്ടന്‍

 

? ചേലിയ കഥകളി വിദ്യാലയ
ത്തിന്റെ പിറവി എങ്ങനെയാ
യിരുന്നു.

ദീര്‍ഘകാലം രാപ്പകലില്ലാതെ നൃത്താവതരണവും ക്ലാസുകളുമായി നാടുമുഴുവന്‍ ഓടി നടക്കുമ്പോഴും മനസ്സിലൊരു സ്വപ്‌നം താലോലിച്ചു കൊണ്ടു നടന്നിരുന്നു. ഉത്തര കേരളത്തിലെ അരങ്ങുകളില്‍ നിന്നും മാഞ്ഞുപോയ കഥകളിയുടെ പുനരുജ്ജീവനം. ഇതായിരുന്നു 1986 ഏപ്രില്‍ 26ന്‌ സ്വന്തം നാട്ടില്‍ ചേലിയ കഥകളി വിദ്യാലയം എന്ന സ്ഥാപനത്തിന്‌ തുടക്കമിടാന്‍ പ്രേരിപ്പിച്ചത്‌. തുടര്‍ന്ന്‌ പടര്‍ന്നു പന്തലിച്ചു. ഇന്നിവിടെ കഥകളി വേഷം സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, കര്‍ണ്ണാടക സംഗീതം, ചിത്ര രചന തുടങ്ങിയവയിലെല്ലാം വിദഗ്‌ദ്ധ ശിക്ഷണം നല്‍കുന്നു. എല്ലാത്തിനും അമരക്കാരനായി മറ്റു പരിപാടികളൊന്നും ഇല്ലെങ്കില്‍ മിക്കപ്പോഴും ഞാനിവിടെയുണ്ടാകും. കേരള നടനം എന്താണെന്ന്‌ നിങ്ങള്‍ക്കറിയാമോ? കഥകളിയിലെയും, മോഹിനിയാട്ടത്തിലെയും മുദ്രകളും ചലനങ്ങളും കൂട്ടിയിണക്കിയാണ്‌ കേരള നടനമെന്ന നൃത്തത്തിന്റെ അവതരണം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ വിശ്വകലാകേന്ദ്രം നടത്തുന്ന ഗുരു ഗോപിനാഥാണ്‌ ഈ കലാരൂപം ചിട്ടപ്പെടുത്തിയത്‌. കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ നിന്നും ഞാനുമായുള്ള അദ്ദേഹത്തിന്റെ പരിചയത്തെ തുടര്‍ന്നാണ്‌ കേരള നടനം പിറവിയെടുക്കുന്നത്‌. മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി നാളുകളില്‍ മിക്ക കലാകാരന്മാരും ദേവീപ്രസാദനത്തിനായി എത്തും. ക്ഷേത്രമുറ്റത്ത്‌ ഈ ദിവസങ്ങളില്‍ അവരവര്‍ക്ക്‌ പ്രാവീണ്യമുള്ള കലാകഴിവുകള്‍ പ്രകടിപ്പിക്കും. എന്റെ കഥകളി അവതരണം കണ്ടതിനാല്‍, ഈ കലാരൂപത്തെക്കുറിച്ച്‌ കൂടുതലറിയാന്‍ ഗുരുഗോപിനാഥ്‌ താല്‍പ്പര്യപ്പെട്ടു. അങ്ങനെ എനിക്കറിയാവുന്ന കഥകളിയെക്കുറിച്ച്‌ ഗോപിനാഥുമായും, അദ്ദേഹത്തിനറിയാവുന്ന നൃത്തചലനങ്ങള്‍ ഞാനുമായും പങ്കുവെച്ചു. ക്ഷേത്രത്തിനു സമീപം തന്നെ ഗുരു ഗോപിനാഥിനൊരു വീടുണ്ടായിരുന്നതിനാല്‍ പഠനം കൂടുതല്‍ സഹായകവുമായി. തുടര്‍ന്നു നടന്ന ചര്‍ച്ചകള്‍ രൂപപ്പെട്ട്‌ പിന്നീട്‌ കേരള നടനം ചിട്ടപ്പെടുത്തുകയായിരുന്നു. കേരള നടനത്തിന്റെ പ്രചരണത്തിനും, ഞാന്‍ സഹായിച്ചിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക കലാകാരന്‍മാരെയും നേരില്‍ കണ്ട്‌ ഒപ്പുശേഖരണം നടത്തി സര്‍ക്കാറിന്‌ നിവേദനം സമര്‍പ്പിച്ചാണ്‌ കേരള നടനം സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ മല്‍സരയിനമാക്കി മാറ്റിയത്‌. ഇതിന്റെ പിന്നിലും ഗുരുഗോപിനാഥിന്റെ അശ്രാന്ത പ്രയത്‌നമായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഏഴ്‌ അവാര്‍ഡുകളായിരുന്നു ചേമഞ്ചേരിയിലെ മറ്റൊരു കലാ സ്ഥാപനമായ പൂക്കാട്‌ കലാലയത്തെത്തേടിയെത്തിയത്‌. മികച്ച നാടകം, മികച്ച നടി, മികച്ച സംവിധായകനും ഇരട്ട അവാര്‍ഡുകള്‍, മികച്ച രണ്ടാമത്തെ നടന്‍ തുടങ്ങിയ പുരസ്‌കാരങ്ങളാണ്‌ പൂക്കാട്‌ കലാലയം അവതരിപ്പിച്ച “നെല്ല്‌” എന്ന നാടകത്തിലൂടെ കൊയ്‌തെടുത്തത്‌. ഇങ്ങനെ പുരസ്‌കാരങ്ങള്‍ കായ്‌തെടുക്കാന്‍ പൂക്കാട്‌ കലാലയമെന്ന നൃത്ത-സംഗീത വിദ്യാലയത്തിന്‌ വിത്തുകള്‍ പാകിയത്‌ ഗുരു ചേമഞ്ചേരിയായിരുന്നു. 1974-ലെ തിരുവോണ ദിവസമാണ്‌ നാട്ടിലുള്ള മറ്റു കലാകാരന്‍മാരായ അന്തരിച്ച മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, ഇപ്പോഴത്തെ പൂക്കാട്‌ കലാലയം പ്രിന്‍സിപ്പാളായ തബല വിദ്വാന്‍ ചേമഞ്ചേരി ശിവദാസ്‌ എന്നിവരോടൊത്തു ചേര്‍ന്ന്‌ നാട്യാചാര്യന്‍ പൂക്കാട്‌ കലാലയത്തിന്‌ തുടക്കമിടുന്നത്‌.

? പൂക്കാട്‌ കലാലയത്തിന്റെ
തുടക്കത്തെക്കുറിച്ച്‌
പറയാമോ

ഇന്നു കാണുന്ന പൂക്കാട്‌ കലാലയത്തിന്റെ കെട്ടിടം നാലാമത്തെ സ്ഥലത്താണ്‌ സ്ഥിതിചെയ്യുന്നത്‌. വളരെയേറെ കഷ്‌ടപ്പെട്ടിട്ടുണ്ട്‌ ഈയൊരു സ്ഥലം കിട്ടാന്‍. യുവജന വിദ്യാലയം എന്നാണ്‌ പൂക്കാട്‌ കലാലയത്തിന്റെ ആദ്യപേര്‌. രണ്ടുകുട്ടികളുമായാണ്‌ തുടക്കം. നീണ്ട കുറെ വര്‍ഷങ്ങള്‍ ധാരാളം നൃത്ത- സംഗീത നാടകങ്ങളും, ബാലെകളുമായി നിരവധി അരങ്ങുകള്‍. ഞാനും സുകുമാരന്‍ ഭാഗവതരും, ഈ സംഘത്തിന്റെ അമരക്കാരായും.

ഒരു അതിഥി കൂടി നാട്യാചര്യനെ കാണാനെത്തി. പത്താംതരം വിദ്യാര്‍ത്ഥിനിയും, ഗുരുവിന്റെ ശിഷ്യയുമായ പല്ലവി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കഥകളിയിനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ പല്ലവിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. കഥകളിയെക്കുറിച്ച്‌ പഠിക്കാന്‍ പാഠപുസ്‌തകത്തില്‍ ഒരദ്ധ്യായമുണ്ട്‌. ആ പാഠത്തിലെ ചില സംശയങ്ങളാണ്‌ പല്ലവിക്ക്‌. ഇവയെല്ലാം നിഷ്‌പ്രയാസം ഗുരു പരിഹരിച്ചുകൊടുത്തതോടെ പല്ലവി മടങ്ങി.

ഇന്നത്തെ കുട്ടികള്‍ക്ക്‌ പാഠഭാഗങ്ങളിലൂടെ ഇത്തരം കലാരൂപങ്ങളെക്കുറിച്ചറിയാന്‍ അവസരം ലഭിക്കുന്നുണ്ട്‌. പ്രശംസാവഹമാണെങ്കിലും `പുസ്‌തകം വായിച്ച്‌ നീന്തല്‍ പഠിക്കുന്നതുപോലെയാണിത്‌. എന്റെ കുട്ടിക്കാലത്ത്‌ തെയ്യം, തിറ, കഥകളി തുടങ്ങി എല്ലാ കലാരൂപങ്ങളെയും അടുത്തറിയാന്‍ സാധിച്ചിരുന്നു. ഇവയെല്ലാം നശിച്ചുകൊണ്ടിരിക്കയാണ്‌. ക്ഷേത്രങ്ങളിലും, വിശിഷ്‌ട സദസ്സുകളിലും ഈ കലാരൂപങ്ങളുടെ അവതരണം ഉണ്ടാവുമെങ്കിലും പുതുതലമുറയ്‌ക്ക്‌ പുസ്‌തക വായനയിലൂടെയുള്ള പഠനമെന്ന ഒറ്റ ചിന്തയാല്‍ ഇവ കണ്ടറിയാനാവുന്നില്ല. ഈയൊരു സ്ഥിതി തുടര്‍ന്നാല്‍ കാലക്രമത്തില്‍ പാഠപുസ്‌തകങ്ങളില്‍ നിന്നും ഇവ അപ്രത്യക്ഷമാവും.

നാലാം ക്ലാസുവരെയെ പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഇവയെല്ലാം എങ്ങനെ അറിയുന്നു. ഞാന്‍ സംശയിച്ചു. പലരുമായും, വിശിഷ്യാ കുട്ടികളുമായി അവരുടെ വിശേഷങ്ങള്‍ പങ്കിട്ടാണല്ലോ അധ്യാപകനായ നാട്യാചാര്യന്റെ ജീവിതം. ഈ കുട്ടികളുമായുള്ള സംഭാഷണങ്ങളില്‍ നിന്നും അറിഞ്ഞതായിരിക്കുമെന്ന്‌ ഞാനൂഹിച്ചു. കലാ-സാഹിത്യ രംഗത്തെ പുതുതലമുറക്ക്‌ പരിചയപ്പെടുത്താനായി `മിഴിയും മൊഴിയും’ എന്ന പേരില്‍ സ്‌കൂള്‍ തിയ്യേറ്ററെന്ന സംരംഭത്തിനും നാട്യാചാര്യന്‍ തുടക്കമിട്ടിട്ടുണ്ട്‌. പത്താം തരത്തിലെയും പ്ലസ്‌വണ്‍ ക്ലാസിലെയും കഥകളിയെക്കുറിച്ച്‌ വിവരിക്കുന്ന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കിയാണിതിന്റെ അവതരണവും. ജില്ലയിലെ പല സ്‌കൂള്‍ വേദികളിലും ഇതവതരിപ്പിച്ചപ്പോള്‍, തങ്ങള്‍ വായിച്ചറിഞ്ഞ കലിയേയും, ഭീമനേയും നളനെയുമെല്ലാം നേരിട്ടു കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും കുട്ടികള്‍ക്കുണ്ടായിരുന്നു. ഞാന്‍ പഠിച്ച പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ ഓര്‍ത്തുനോക്കി, കിട്ടുന്നില്ല. വീണ്ടും പത്താം ക്ലാസ്‌ പരീക്ഷ എഴുതിയാലോ… തോറ്റതു തന്നെ.
എന്നാല്‍ നാട്യാചാര്യന്‍ കാലവും പാഠഭാഗങ്ങളും മാറുന്നതിനനുസരിച്ച്‌ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഗുരു ചേമഞ്ചേരി മുമ്പ്‌ പറഞ്ഞതുപോലെ ഒരു കലാകാരന്‍ എത്ര വേദികള്‍ പങ്കിട്ടാലും ഒരിക്കലും പൂര്‍ണ്ണനാകുന്നില്ല. അവന്‍ കലാകാരന്‍ ആയിരിക്കുന്നിടത്തോളം കാലം അവനും പഠിച്ചുകൊണ്ടിരിക്കയാണ്‌…
നൃത്തത്തിന്‌ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌, 1993-ല്‍ നൃത്തത്തിനും കഥകളിക്കും സംയുക്തമായി കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്‌. കേരള കലാമണ്‌ഡലം കലാരംഗത്തെ വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌ക്കാരം, കലാദര്‍പ്പണത്തിന്റെ നാട്യകുലപതി അവാര്‍ഡ്‌, മയില്‍പ്പീലി പുരസ്‌കാരം, മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം, കേരള കലാമണ്‌ഡലം അവാര്‍ഡ്‌, കഴിഞ്ഞ വര്‍ഷം രൈക്വ ഋഷി പുരസ്‌ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുള്ള ഗുരുവിന്‌ ഇത്തവണത്തെ പത്മശ്രീ പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. അവര്‍ അപേക്ഷ തയ്യാറാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖാന്തരം അധികൃതര്‍ക്ക്‌ സമര്‍പ്പിക്കുകയും ചെയ്‌തു. എന്തോ, പരിഗണിക്കപ്പെട്ടില്ല. പുരസ്‌കാരങ്ങള്‍ വരട്ടെ, വരാതിരിക്കട്ടെ നാട്യാചാര്യന്‍ അപ്പോഴും ഉടുത്തുകെട്ടും ചുവടുകളുമായി കളരിയിലുണ്ടാകും…….

“കുട്ടിക്കാലം മുതലേ രാവിലെ നേരത്തെ ഉണരുന്ന ശീലക്കാരനായിരുന്നു. കഥകളി പഠനം തുടങ്ങിയതില്‍ പിന്നെ പുലര്‍ച്ചെ മൂന്നു മണിയോടെ കച്ചകെട്ടിയും മുക്കൂട്ടുപുരട്ടിയും കളരിയിലെത്തണം. മെയ്യഭ്യാസം ചെയ്‌ത്‌ വിയര്‍ത്തു നില്‍ക്കുമ്പോഴേക്കും ആശാനെത്തും. പിന്നെ തുടങ്ങുകയായി കലശവും കടകം മറിയലും ഉഴിച്ചിലുമൊക്കെയായി ഓരോ പ്രഭാതവും.”??
പ്രായത്തെ കീഴടക്കി നടന നൃത്ത വേദികളില്‍ ഇന്നും വിരാജിച്ച്‌ നില്‍ക്കുന്നതിന്റെ പിന്നിലെ സ്വന്തം ആരോഗ്യ രഹസ്യത്തെപ്പറ്റി ചേമഞ്ചേരി:
“ഇന്നത്തെ കുട്ടികള്‍ക്ക്‌ ഉറക്കമില്ലാ രാത്രികളാണ്‌. എത്രത്തോളം വൈകി ഉറങ്ങാമോ അത്രത്തോളം വൈകി ഉറങ്ങും. എന്നാലും രാവിലെ കോഴികൂവുന്നതിന്‌ മുമ്പെതന്നെ എഴുന്നേല്‍ക്കണമെന്നാണ്‌ പറയുക. അതു ചെയ്യില്ല. അവര്‍ എഴുന്നേല്‍ക്കുമ്പോഴേക്കും ചിലപ്പോള്‍ കോഴികള്‍ക്ക്‌ രണ്ടാമതൊരു ഉറക്കത്തിന്‌ സമയമായിട്ടുണ്ടാവും.??
കഥകളി പഠനം തുടങ്ങിയതു മുതല്‍ ഇതായിരുന്നു ഗുരുചേമഞ്ചേരിയുടെ ചര്യ. കഥകളി അരങ്ങത്ത്‌ അവതരിപ്പിക്കുന്ന കാലംമുതല്‍ ഉറക്കമില്ലാ രാത്രികളും. എന്നിട്ടും അതിരാവിലെത്തന്നെ ഉണരും. കുറച്ച്‌ അഭ്യാസക്രമങ്ങള്‍ ചെയ്‌ത്‌. ശരീരം ചൂടാക്കും. എന്നിട്ടാവും തലേ ദിവസത്തെ ക്ഷീണം തീര്‍ക്കാനുള്ള മയക്കം.
ഈയൊരു ദിനചര്യയുടെ ചുവടുപിടിച്ചാണ്‌ 95-ാം വയസ്സിലും ആട്ടവിളക്കിനു മുന്നില്‍ തളരാത്ത ചുവടുകളുമായി നിറഞ്ഞാടാന്‍ ഗുരുവിന്‌ കഴിഞ്ഞത്‌. എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുകയാണെങ്കില്‍ ഇനിയും വേഷമണിയാന്‍ ഗുരു ഒരുക്കമാണ്‌. ഒപ്പം പുതുലമുറയിലെ കലാകാരന്‍മാര്‍ക്ക്‌ ഇന്നും ശിക്ഷണം നല്‍കാന്‍ കഴിയുന്നതിന്റെ ധന്യതയിലും.
“പണ്ടത്തെ കഥകളിയുടെ ചിട്ടവട്ടങ്ങള്‍ എല്ലാം മാറിയിരിക്കുന്നു. ആര്‍ക്കും സമയമില്ല. എല്ലാം പെട്ടെന്ന്‌ തന്നെ തീര്‍ക്കണം. കളി നടത്തുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും കലാകാരനും സ്‌കൂള്‍ യുവജനോത്സവത്തില്‍ വിജയിച്ച്‌ കൂടുതല്‍ മാര്‍ക്ക്‌ നേടണമെന്ന ചിന്താഗതിമാത്രം.”??
“കോഴിക്കോട്‌ നടന്ന 50-ാം സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിനിടയില്‍ ഒരു സംഭവമുണ്ടായി. അതിരാവിലെ മുതല്‍ അന്നു കളിയുള്ള കുട്ടികള്‍ക്ക്‌ ചമയമിട്ടു കൊണ്ടിരിക്കുകയാണ്‌. രാവിലെ ഒന്‍പത്‌ മണിയോടെ മത്സര വേദി മാറ്റിയിരിക്കുന്നു വെന്ന വിവരം പെട്ടെന്ന്‌ അധികൃതര്‍ അറിയിച്ചു. എന്തു ചെയ്യാന്‍, ആരോട്‌ പരാതിപ്പെടാന്‍. ഉടുത്തുകെട്ട്‌ വേഷത്തില്‍ത്തന്നെ പുതിയ സ്ഥലത്തേക്ക്‌. അന്ന്‌ കളി കഴിയും വരെക്കും കൂടെയുള്ളവരുടെ ഉള്ളില്‍ തീയായിരുന്നു. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ കിരീടം അഴിയുകയോ, മറ്റോ ചെയ്‌താലോ, മുന്‍പത്തെ കാര്യങ്ങള്‍ ഒന്നും ഓര്‍ക്കാറില്ല. കുറ്റം മുഴുവന്‍ ഞങ്ങള്‍ക്കാവും.??
ഇക്കാലത്തെ കഥകളി നടപടി ക്രമങ്ങളെക്കുറിച്ച്‌ നാട്ട്യാചാര്യന്‍ പരിഭവപ്പെടുകയാണ്‌.
“കഥകളി അവതരിപ്പിക്കാനായി എവിടെയെങ്കിലും പോയാല്‍ എത്ര സമയം കൊണ്ടു തീരുമെന്നത്‌ സംഘാടകര്‍ ഉന്നയിക്കുന്ന സ്ഥിരം ചോദ്യമാണ്‌. ചുരുങ്ങിയത്‌ മൂന്നുമണിക്കൂറിലധികം വേണം ചുട്ടികുത്തി ഒരുങ്ങാന്‍. രണ്ട്‌ മണിക്കൂര്‍ അവതരണവും. ഇതു കേള്‍ക്കുമ്പോള്‍ `അയ്യോ ഇത്രയും സമയമൊന്നും വേണ്ട, എല്ലാംകൂടി രണ്ടരമണിക്കൂറില്‍ തീര്‍ക്കാമോ? എന്നായിരിക്കും സംഘാടകരുടെ ചോദ്യം.??
“പണ്ടത്തെക്കാലത്ത്‌ ശരിക്കുമുള്ള കഥകളി ഭ്രാന്തന്മാര്‍ തന്നെയായിരുന്നു പ്രേക്ഷകരായി ഉണ്ടാകുക. കഥകളിയുണ്ടെന്ന്‌ നാട്ടുകാരെ അറിയിക്കുന്ന കേളികൊട്ട്‌ തുടങ്ങുന്നതു മുതല്‍ തന്നെ ഇവര്‍ സദസ്സിനുമുന്നില്‍ ഇടം പിടിച്ചിരിക്കും. കേളിക്കൈ, തോടയം, പുറപ്പാട്‌ തുടങ്ങിയവയെല്ലാം നിര്‍ബന്ധമാണ്‌. ഇന്നിതില്ലാത്ത കാര്യമായതു കൊണ്ടാണ്‌ ഇത്രയും വ്യക്തമാക്കിയത്‌. പിന്നെ കഥകളി തുടങ്ങിക്കഴിഞ്ഞാല്‍ കളിക്കാരുടെ ഓരോ ചലനവും വ്യക്തമായി നിരീക്ഷിക്കും. നളന്റെയോ, കൃഷ്‌ണന്റേയോ, ഭീമസേനന്റെയോ, കിരാതത്തിന്റെയോ ഏതു വിഭാഗത്തിലുള്ള വേഷമായാലും കലാകാരന്റെ ചുവടുകള്‍ പിഴച്ചാല്‍ അവ അപ്പോള്‍ത്തന്നെ തിരുത്താനായി പറയും. അങ്ങനെ പുലര്‍ച്ചവരെ നീണ്ടു നില്‍ക്കുന്ന കളി. ഒരു രാത്രി മിക്കവാറും രണ്ടു ആട്ടക്കഥകളാവും അവതരിപ്പിക്കുക. രാവുമുഴുവന്‍ ഒരു പോള കണ്ണുകളടക്കാതെ അവരീകളി ആസ്വദിച്ചിരിക്കും.” ഇതു താല്‍ക്കാലികമായി പ്രയാസങ്ങള്‍ ഉണ്ടാക്കുമെങ്കിലും തങ്ങളുടെ പ്രകടനത്തിലെ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ കലാകാരനാകുന്നു. ഇക്കാലത്ത്‌ ഇത്തരം നാടന്‍ കലാ രൂപത്തെ സാംസ്‌കാരിക സമ്പത്തായി ഒതുക്കി, അടുത്തറിയുന്നവരും ആസ്വാദകരും കുറഞ്ഞിരിക്കുന്നു.??
പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. എന്താണ്‌ എന്റെ ദിനചര്യയെന്ന്‌. അവരുടെ ആരോഗ്യം എങ്ങനെ കാത്തു സൂക്ഷിക്കാം എന്നാവും അവര്‍ക്ക്‌ അറിയേണ്ടത്‌. രഹസ്യങ്ങളൊന്നുമില്ല. നേരത്തെ എഴുന്നേല്‍ക്കുക, ചിട്ടയായി കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കുക. ഇതാണ്‌ എന്റെ ജീവിത ക്രമം.
“കഥകളി പഠനത്തിലൂടെ എങ്ങനെ ചിട്ടയായി ജീവിക്കാമെന്നാണ്‌ പഠിക്കാനായത്‌. അക്കാലത്തെ ചര്യകള്‍ അണുകിട തെറ്റാതെ ശീലിച്ചതാവാം ശരീരത്തിനും മനസ്സിനും വാര്‍ദ്ധക്യം ബാധിക്കാത്തത്‌.??“എന്നും രാവിലെ അഞ്ചു മണിക്ക്‌ തന്നെ ഉണരും. പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ്‌ വരുമ്പോഴേക്കും പാലൊഴിച്ച ചായ കുടിക്കും. പിന്നെയാവും കുളിക്കുക. ഇതിനിടയില്‍ കുറച്ചു വ്യായാമങ്ങളും ചെയ്യും. പണ്ടു മുതലെ എണ്ണതേച്ചാണ്‌ കുളിക്കുക. ഈയടുത്ത കാലത്തായി ഈ പതിവില്‍ മാറ്റം വന്നിട്ടുണ്ട്‌. തൊലിപ്പുറത്ത്‌ ചില അസുഖങ്ങള്‍ വന്നതിനാല്‍ എണ്ണ ദേഹത്ത്‌ തൊടരുത്‌ എന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞതനുസരിച്ച്‌ നിര്‍ത്തിയതാണ്‌. പതിവായി സോപ്പ്‌ ഉപയോഗിക്കാറില്ല. കടലപ്പൊടിയോ ചെറുപയര്‍പൊടിയോ ആവും.
“കഥകളി പഠിക്കുന്ന കാലം മുതലേ തുടങ്ങുന്നതാണ്‌ കര്‍ക്കിടക മാസത്തിലെ ചവിട്ടിയുഴിച്ചില്‍. ആശാന്‍ തന്നെയാവും ചവിട്ടിയുഴിച്ചില്‍ നടത്തുക. കഥകളി രംഗത്തു നിന്നും മാറി നൃത്തരംഗത്ത്‌ എത്തിയപ്പോഴേക്കും മാടാശ്ശേരി കൊച്ചു ഗോവിന്ദന്‍ ആശാന്റെ അടുത്തുപോയി ചവിട്ടി ഉഴിച്ചിലിന്‌ വിധേയനാകും. അദ്ദേഹത്തിന്‌ വയ്യാതായതില്‍ പിന്നെ ചില ആയുര്‍വ്വേദ ശാല കളിലും കളരിയിലും പോയി ചവിട്ടിയുഴിച്ചില്‍ നടത്തിയിരുന്നു.
“കളി കഴിഞ്ഞ്‌ പൂജാമുറിയില്‍ വാതിലടച്ചിരുന്ന്‌ അര മണിക്കൂറിലധികം പ്രാര്‍ത്ഥിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നാണ്‌ തുടങ്ങുക. തിരുവങ്ങാട്‌ ക്ഷേത്രം, ശ്രീരാമ സ്വാമി ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, തറവാടായ കിണറ്റും കര ക്ഷേത്രത്തിലെ കുല ദൈവം. പിഷാരികാവ്‌, ശബരി മല… അങ്ങനെ സഞ്ചരിച്ച്‌ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലാണ്‌ പ്രാര്‍ത്ഥന അവസാനിപ്പിക്കുക. പണ്ടു ഞാനിവിടെയെല്ലാം വര്‍ഷാവര്‍ഷം എത്തുമായിരുന്നു. ഇന്ന്‌ പ്രായമായി എന്ന ഒറ്റക്കാരണത്താല്‍ ഇവിടെയൊന്നും പോകാന്‍ കഴിയുന്നില്ലെങ്കിലും ഈ ക്ഷേത്രങ്ങളിലെല്ലാം ഞാന്‍ ദിവസവും എത്തും.??
പൂജാമുറിയില്‍ നിന്നും പുറത്തിറങ്ങുമ്പോഴേക്കും പ്രഭാത ഭക്ഷണത്തിന്‌ കാലമായിട്ടുണ്ടാവും. മത്സ്യം, മാംസം, മുട്ട എന്നിവ ഒഴിച്ച്‌ എന്തും കഴിക്കും. ചായയില്‍ പൊതുവെ പഞ്ചസാര ഉപയോഗിക്കാറില്ല. രക്തസമ്മര്‍ദ്ദം, പ്രമേഹം ഒന്നും ഇല്ല. ഇനി പഞ്ചസാരയിട്ടാണ്‌ തരുന്നതെങ്കിലും ചായ വാങ്ങി കഴിക്കും. പ്രഭാത ഭക്ഷണത്തിന്റെ ഒരു ഭാഗം ഞാന്‍ മാറ്റിവെക്കും. മരിച്ചുപോയ പിതൃക്കളും വീട്ടില്‍ വളര്‍ത്തുന്ന പശുവുമാണ്‌ ഇതിന്റെ അവകാശികള്‍.

കലാകാരന്മാര്‍ക്ക്‌  മാതൃക

ചില കലാകാരന്മാര്‍ക്ക്‌ അവരുടെ സര്‍ഗവാസനകള്‍ പൊട്ടി വിടരാനും പടര്‍ന്നു പന്തലിക്കാനും മദ്യം പോലുള്ള മയക്കു മരുന്നുകള്‍ വേണമെന്നും എങ്കില്‍ മാത്രമെ തങ്ങള്‍ക്ക്‌ എല്ലാം മറന്ന്‌ കലാപ്രവര്‍ത്തനത്തില്‍ മുഴുകാന്‍ കഴിയൂ എന്നുമുള്ള അഭിപ്രായത്തെ ഖണ്‌ഡിക്കുകയാണ്‌ ചേമഞ്ചേരി തന്റെ ജീവിതത്തിലൂടെ.
വ്യക്തി ജീവിതത്തില്‍ രണ്ടര വയസ്സില്‍ അമ്മയും 13-ാം വയസ്സില്‍ പിതാവും 36-ാം വയസ്സില്‍ ഭാര്യയും നഷ്‌ടപ്പെട്ട ആഘാതത്തെ മറക്കാനും മനസ്സിന്റെ കഠിനതയെ ജയിക്കാനും ഇതുവരെ ലഹരിയെ കൂട്ടുപിടിച്ചിട്ടില്ല ഈ മാതൃകാ കലാകാരന്‍. ഇടക്കിടക്ക്‌ പലയിടത്തും വീഴുന്നതുമാത്രമാണ്‌ ഒരൊറ്റ വിഷമം. ഇതു പ്രായത്തിന്റെയല്ല. ചെറുപ്പകാലം മുതല്‍ തന്നെ വീഴ്‌ച തുടങ്ങിയെന്നാണ്‌ ഗുരുപറയുന്നത്‌. അതിനാല്‍ “വീണ വിദ്വാന്‍” എന്നും അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം പലരും വിളിക്കാറുണ്ടത്രെ. കണ്ണൂര്‍, മൂകാംബിക ക്ഷേത്രങ്ങളില്‍ പോകാന്‍ കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ ഗുരു ചേമഞ്ചേരി `റെഡിയാണ്‌.’ “എന്തെങ്കില്‍ വീഴ്‌ച പറ്റിയാല്‍ ഈ പ്രായത്തിലും അടങ്ങിയൊതുങ്ങിയിരിക്കാതെ എന്തിനാണീ അപകടം വരുത്തി വെച്ചിരിക്കുന്നത്‌ എന്നു ചോദിച്ചു പലരും ശകാരിക്കുമെന്നത്‌ ഭയ ന്നിട്ടാണ്‌ ഇതിന്‌ മുതിരാത്തത്‌.”.

കഥകളി പഠനം
ഇവിടെ സൗജന്യം

കേരളത്തിന്റെ തനത്‌ കലാരൂപമായ കഥകളിയെ നിങ്ങള്‍ക്ക്‌ അടുത്തറിഞ്ഞ്‌ പഠിക്കണമെന്നാഗ്രഹമുണ്ടോ? സംശയിക്കേണ്ട. പണ്ടു കാലത്തെപ്പോലെ കഠിനമായ പരിശീലന ക്രമങ്ങളോ, ഉഴിച്ചിലോ, അതിനെല്ലാം ഉപരിയായി നിലവിലുള്ള ജോലിക്ക്‌ തടസ്സമോ വരാത്തരീതിയില്‍ ക്ലാസുകള്‍ ക്രമപ്പെടുത്തി കഥകളി പഠിക്കാം. സൗകര്യപൂര്‍വ്വം, തികച്ചും സൗജന്യമായി. പക്ഷേ കഥകളി പഠിച്ചെടുക്കണമെന്ന ആഗ്രഹം കൈമുതലായി വേണമെന്ന്‌ ഗുരു ചേമഞ്ചേരി പ്രത്യേകം പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റോടെ കഥകളി വേഷം, ചെണ്ട, മദ്ദളം, സംഗീതം ചുട്ടി എന്നീ വിഷയങ്ങളില്‍ മാത്രമാണ്‌ സൗജന്യമായി രണ്ടു വര്‍ഷക്കാലം പഠിക്കാനാവുക. യുവജനോത്സവ വേദികളില്‍ സമയക്രമത്തിനനുസരിച്ച്‌ ഒതുങ്ങി നില്‍ക്കാവുന്ന തരത്തിലല്ലാതെ, കഥകളിയുടെ മര്‍മ്മമറിയാവുന്ന തരത്തില്‍ ഒരു കലാകാരനെ ഇക്കാലയളവില്‍ വാര്‍ത്തെടുക്കാന്‍ ഒരു പരിധിവരെ കഴിയുമെന്ന്‌ ഗുരു ചേമഞ്ചേരി ഉറപ്പ്‌ നല്‍കുന്നു.
സ്‌കൂള്‍ അവധിക്കാലത്ത്‌ ഒരു മാസക്കാലയളവില്‍ സൗജന്യമായി കഥകളിയെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും, സാമാന്യ വിവരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കഥകളി പഠന ശിബിരവും ചേലിയ കഥകളി വിദ്യാലയത്തില്‍ സൗജന്യ ദ്വിവത്സര കോഴ്‌സിന്‌ മുന്നോടിയായി സംഘടിപ്പിക്കാറുണ്ട്‌. കേരളത്തിനകത്തും, പുറത്തുനിന്നുമായി നിരവധി വിദ്യാര്‍ത്ഥികളാണ്‌ കഥകളി ശിബിരത്തില്‍ പങ്കെടുക്കാറുള്ളത്‌.

 

 

Advertisements

2 പ്രതികരണങ്ങള്‍

  1. Very useful informations.
    We, Quilandy NRI Forum, Dubai, is now collecting the datas about ‘Guru’. The website will be launched in August.

    best wishes

  2. Informative and good feature. But, I noticed one mistake.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: