തിരനോട്ടം

തയ്യാറാക്കിയത്‌ : ഡോ.ഒ.വാസവന്‍ (AIR)

ഭിജാത കലയായ കഥകളിയില്‍ തുടങ്ങി ശാസ്‌ത്രീയ നൃത്തങ്ങളിലേക്ക്‌ ചുവടുമാറ്റി പിന്നെ ജനപ്രിയമായ നാടോടി നൃത്ത ശൈലികളിലൂടെ സഞ്ചരിച്ച്‌ വീണ്ടും കഥകളിയിലേക്ക്‌. അഹംബോധം ഒട്ടുമേശാത്ത ഒന്നിനെയും തള്ളാത്ത കലാകാരന്റെ മനസ്സ്‌…. ഭാരതീയ നാട്യകലാപാരമ്പര്യത്തിന്റെ തേജോമയമായ ആള്‍രൂപം…..

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍

പതിനഞ്ചാം വയസ്സിലാരംഭിച്ച സാര്‍ഥകമായ കലാ ജീവിതത്തിന്റെ പിന്നിട്ട പാതകള്‍ എളിമയോടെ ഓര്‍ത്തെടുക്കുകയാണ്‌ ഈ കഥകളി ആശാന്‍.

വടക്കന്‍ കേരളത്തില്‍ കഥകളിയിലൂടെ ചരിത്രം കുറിച്ച കുഞ്ഞിരാമന്‍ നായരോടൊപ്പം പിറകോട്ട്‌ സഞ്ചരിക്കുകയാണ്‌ നാമിവിടെ. ഒരു കലാതപസ്വിയുടെ ജീവിതത്തിലെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങള്‍ കുറിച്ചിടുകയാണിവിടെ.

ജനനം, കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം:

കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ കലാസാംസ്‌ക്കാരിക രംഗങ്ങളൊന്നും തന്നെ ഒട്ടും ശുഭകരമല്ലാത്ത ഒരു കാലത്താണ്‌ കുഞ്ഞിരാമന്‍ നായര്‍ ജനിച്ചത്‌. ബ്രിട്ടീഷുകാരുടെ ഭരണകാലം. നാട്ടില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥിതിയും നാടുവാഴി സമ്പ്രദായവുമായിരുന്നു നിലനിന്നത്‌. പന്തലായനി പ്രദേശത്തെ പുത്തലത്ത്‌, പുനത്തില്‍ സ്ഥാനികളുടെ പ്രധാന കുടിയാനായിരുന്നു ചേലിയ കിണറ്റിന്‍ കര തറവാട്ടുകാര്‍. നാല്‍പ്പതേക്കറോളം വരുന്ന സാമാന്യം ഭേദപ്പെട്ട കൃഷിഭൂമി ഇവര്‍ക്കുണ്ടായിരുന്നു. കിണറ്റിന്‍ കര തറവാട്ടിലെ അമ്മുക്കുട്ടി അമ്മയുടെയും ചെങ്ങോട്ടുകാവിലെ മടയന്‍കണ്ടി ചാത്തുക്കുട്ടി നായരുടെയും മകനായി 1916 ജൂണ്‍ 26ന്‌ മിഥുന മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ കുഞ്ഞിരാമന്‍ നായര്‍ ജനിച്ചു. പ്രായത്തില്‍ മൂന്നു വയസ്സിനു മൂത്ത സഹോദരി ഉണ്ണിമാധവി മാത്രമായിരുന്നു ഏക കൂടപ്പിറപ്പ്‌. മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന കുടുംബത്തില്‍ തികഞ്ഞ കാര്‍ഷിക പശ്ചാത്തലത്തിലായിരുന്നു ബാല്യകാലം. കുഞ്ഞിരാമന്‍ നായര്‍ക്ക്‌ രണ്ടര വയസ്സ്‌ പ്രായമുള്ളപ്പോള്‍ അമ്മയും 13 വയസ്സുള്ളപ്പോള്‍ അച്ഛനും പിന്നെ 38-ാമത്തെ വയസ്സില്‍ ഭാര്യയും നഷ്‌ടപ്പെട്ടത്‌ വ്യക്തിപരമായി ജീവിതത്തിനേറ്റ വലിയ ആഘാതങ്ങളായിരുന്നു. ഏഴു വര്‍ഷം മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിനന്ത്യം കുറിച്ച്‌ ഭാര്യ ജാനകി മരിക്കുമ്പോള്‍ ഇപ്പോള്‍ മുംബെയില്‍ കഴിയുന്ന ഏകമകന്‍ പവിത്രന്‌ 1 വയസ്സായിരുന്നു പ്രായം. വ്യക്തിജീവിതത്തിലെ ഈ തിക്താനുഭവങ്ങളാകാം ഒരുപക്ഷെ കുഞ്ഞിരാമന്‍ നായരെ കലയ്‌ക്ക്‌ വേണ്ടി ജീവിക്കാന്‍ പ്രേരിപ്പിച്ചത്‌.

കുട്ടിക്കാലത്തെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചുമൊക്കെ ഗുരു ഓര്‍മ്മിച്ചെടുക്കുന്നത്‌ ഇങ്ങനെയാണ്‌

– “അമ്മ മരിച്ചതിനു ശേഷം തറവാട്ടില്‍ അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞത്‌. വീട്ടില്‍ വലിയ ചിട്ടയായിരുന്നു. ഇന്നത്തെ പോലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും വലിയ ശ്രദ്ധ കൊടുക്കുന്ന കാലമായിരുന്നില്ല. സ്‌കൂളില്‍ പഠിക്കാനായി എനിക്ക്‌ അധികം ദൂരം നടക്കേണ്ടതായോ ഒരുപാട്‌ കഷ്‌ടതകള്‍ സഹിക്കേണ്ടതായോ വന്നിട്ടില്ല. ചെങ്ങോട്ടുകാവിന്‌ പടിഞ്ഞാറ്‌ കണ്ണന്‍കിടാവിന്റെ സ്‌കൂളിലാണ്‌ ഞാന്‍ ഹരിശ്രീ കുറിച്ചത്‌. ചെങ്ങോട്ടുകാവ്‌ വെസ്റ്റ്‌ സ്‌കൂള്‍ എന്ന പേരിലാണ്‌ പിന്നീട്‌ ആ സ്‌ക്കൂള്‍ അറിയപ്പെട്ടിരുന്നത്‌. ആ സ്‌ക്കൂള്‍ ഇന്ന്‌ നിലവിലില്ല. ഇവിടെ നിന്നും മാറി പിന്നീട്‌ ഞാന്‍ ചെങ്ങോട്ടുകാവ്‌ കോരന്‍ വൈദ്യരുടെ സ്‌ക്കൂളില്‍ ചേര്‍ന്നു. ഇന്നത്തെ ചെങ്ങോട്ടുകാവ്‌ ഈസ്റ്റ്‌ യു.പി. സ്‌ക്കൂളാണത്‌. ഇവിടെയാണ്‌ നാലാം ക്ലാസ്സ്‌ വരെ പഠിച്ചത്‌. തുടര്‍ന്ന്‌ സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊന്നും പോയില്ല. സ്‌കൂള്‍ പഠനകാലത്തെ കുറിച്ച്‌ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌ ഈസ്റ്റ്‌ യു.പി സ്‌ക്കൂളിലെ വാര്‍ഷികാഘോഷമാണ്‌. അന്നവിടെ കുട്ടികള്‍ ഒരു നാടകമവതരിപ്പിച്ചിരുന്നു. `സോളമന്റെ നീതി’ എന്നായിരുന്നു നാടകത്തിന്റെ പേര്‌. ആ നാടകത്തില്‍ ഞാനും അഭിനയിച്ചിരുന്നു. പിന്നീട്‌ മുന്നോട്ട്‌്‌ അഭിനയത്തില്‍ കമ്പം വളര്‍ത്തിയത്‌ ഈ നാടകമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. സ്‌ക്കൂളില്‍ പഠിക്കുമ്പോഴും പഠനത്തെക്കാള്‍ എനിക്ക്‌ താല്‌പര്യം ഇത്തരം കലാപരിപാടികളോടൊക്കെയായിരുന്നു. അക്കാലത്ത്‌ പഠിത്തത്തിനൊന്നും വലിയ പ്രാധാന്യം കല്‍പ്പിക്കാതിരുന്നതു കൊണ്ട്‌ തുടര്‍ന്ന്‌ പഠിക്കാന്‍ കഴിഞ്ഞില്ല.”

കലയുടെ ശ്രീകോവിലിലേക്ക്‌:

വടക്കന്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരു കാലത്ത്‌ കോല്‍ക്കളി സംഘങ്ങള്‍ വളരെ സജീവമായിരുന്നു. കുഞ്ഞിരാമന്‍ നായരുടെ അമ്മാവന്മാരായ കുഞ്ഞിക്കണ്ണന്‍ നായരും രാരുക്കുട്ടി നായരും ചേലിയ പ്രദേശത്തെ പ്രമുഖ കോല്‍ക്കളി ആശാന്മാരായിരുന്നു. തറവാട്ട്‌ മുറ്റത്ത്‌ നിലവിളക്കിന്‌ വട്ടംനിന്ന്‌ ഇവര്‍ കോല്‍ക്കളിക്ക്‌ ചുവടുവെക്കുന്നതും മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതും ചെറുപ്രായത്തില്‍ കുഞ്ഞിരാമന്‍ നായര്‍ നോക്കി നിന്നിട്ടുണ്ട്‌. കലാരംഗത്തെ കുടുംബ പാരമ്പര്യം ഇതു തന്നെയുള്ളൂ. നാട്യകല ഗുരുവിന്‌ ജന്മസിദ്ധവും ദൈവദത്തവുമാണെന്ന്‌ തന്നെ പറയാം. പിന്നെ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും തീവ്രപരിശ്രമവും. കലകള്‍ക്കൊന്നും ഇന്നത്തെ പൊലിമയും പ്രോത്സാഹനവും അന്നുണ്ടായിരുന്നില്ല എന്നത്‌ വിസ്‌മരിച്ചു കൂട. അനുഷ്‌ഠാനങ്ങളായാണ്‌ കലകളധികവും അവതരിപ്പിച്ചിരുന്നത്‌. ദൈവവിശ്വാസവും ഐശ്വര്യ പ്രാപ്‌തിയുമായിരുന്നു അവ നടത്തുന്നതിന്‌ പിന്നിലെ വികാരം. തറവാടിന്റെ ഐശ്വര്യത്തിനായി തറവാട്‌ ക്ഷേത്രങ്ങളില്‍ തെയ്യവും തിറയും വെള്ളാട്ടും നടത്തി പോന്നിരുന്നു. എണ്ണാന്തരവും ബലിക്കളയുമൊക്കെ ഇങ്ങനെ നടത്തിപോന്നവയാണ്‌. തെരണ്ടു കല്യാണവും കാതുകുത്തു കല്യാണവുമെല്ലാം തറവാടുകളില്‍ പതിവായിരുന്നു. ഇതിനൊക്കെ പുറമെ കോല്‍ക്കളിയും വെള്ളരി നാടകവും പുറാട്ടു നാടകവും ഗ്രാമങ്ങളിലൊക്കെ നടന്നിരുന്നു. കുഞ്ഞിരാമന്‍ നായരുടെ ഗ്രാമത്തിലും കേമന്മാരായ കുറെ തറവാട്ടുകാരുണ്ടായിരുന്നതിനാല്‍ ഈ പറഞ്ഞ അനുഷ്‌ഠാന കലകളും ആര്‍ഭാടങ്ങളുമെല്ലാം ഉണ്ടായിരുന്നു. തെയ്യവും തിറയും കണ്ടു വളര്‍ന്ന കുഞ്ഞിരാമന്‍ നായര്‍ കോല്‍ക്കളി സംഘങ്ങളിലും നാടക സംഘങ്ങളിലും താത്‌പര്യം പ്രകടിപ്പിച്ചു. പില്‍ക്കാലത്തെ കലാജീവിതത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു ഇതെല്ലാം.

ആദ്യകാലത്തെ കലാനുഭവങ്ങളെ കുറിച്ച്‌ കുഞ്ഞിരാമന്‍ നായര്‍ –

“വാര്യംവീട്ടില്‍ കുഞ്ഞിരാമന്‍ കിടാവിന്‌ അക്കാലത്തൊരു നാടക സംഘമുണ്ടായിരുന്നു. പല സ്ഥലത്തും അദ്ദേഹം നാടകം കളിപ്പിച്ചിരുന്നു. അതിനു കെല്‍പ്പുള്ള പ്രമാണിയായിരുന്നു കിടാവ്‌. പുല്ലാട്ട്‌ രാരുക്കുട്ടി നായരും വടക്കുംപുനത്തില്‍ കുഞ്ഞിരാമന്‍ നായരുമൊക്കെ നാടകത്തില്‍ അഭിനയിക്കുന്നവരാ യിരുന്നു. ഇവരോടൊപ്പം ഞാനും നാടകത്തില്‍ ചെറിയ വേഷങ്ങളൊക്കെ ചെയ്യാന്‍ തുടങ്ങി. നാടകം കഴിഞ്ഞാല്‍ പലപ്പോഴും പുല്ലാട്ട്‌ വീട്ടിലായിരുന്നു താമസം. അക്കാലത്ത്‌ കളിച്ച `വള്ളിത്തിരുമണ’ എന്ന നൃത്തനാടകം ഇപ്പോഴും മനസ്സിലുണ്ട്‌. പാലക്കാട്‌ ഗോപാലകൃഷ്‌ണ ഭാഗവതരായിരുന്നു നാടകം പഠിപ്പിച്ചിരുന്നത്‌. നാടകത്തില്‍ വള്ളിയുടെ തോഴിയായി രണ്ടു പേരുണ്ടായിരുന്നു. അതിലൊന്ന്‌ ഞാനായിരുന്നു. നാടകം കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല അഭിപ്രായമാണ്‌ പറഞ്ഞത്‌. അന്ന്‌ നാടകത്തിന്‌ രംഗസജ്ജീകരണം നടത്തിയിരുന്ന ഗോവിന്ദ മേനോന്‍ എന്നെ അടുത്ത്‌ വിളിച്ച്‌ ചോദിച്ചു – ‘കഥകളി പഠിക്കാന്‍ ആഗ്രഹമുണ്ടോ?’ എനിക്കന്ന്‌ കഥകളിയെ കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. എങ്കിലും കേട്ടപ്പോള്‍ പഠിക്കണമെന്ന്‌ തോന്നി. കീഴ്‌പ്പയൂരില്‍ അപ്പുക്കുട്ടി നമ്പ്യാര്‍ ഒരു കഥകളിയോഗം നടത്തുന്നുണ്ടെന്നും അവിടെ ചേര്‍ന്ന്‌ പഠിക്കാമെന്നും ഗോവിന്ദമേനോന്‍ പറഞ്ഞു. എങ്ങനെയെങ്കിലും കഥകളി പഠിക്കണമെന്ന മോഹം മനസ്സിലുണ്ടായെങ്കിലും ഇതെങ്ങനെ വീട്ടിലവതരിപ്പിക്കുമെന്ന പേടിയായിരുന്നു. അന്നെനിക്ക്‌ 15 വയസ്സാണ്‌ പ്രായം. വീട്ടില്‍ ചോദിച്ചാല്‍ വിടില്ല എന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. കാരണവന്മാര്‌ സമ്മതിക്കില്ല. അതുകൊണ്ട്‌ ഞാന്‍ വീട്ടില്‍ പറയാന്‍ പോയില്ല. എങ്ങനെയൊക്കെയോ നാലണ സംഘടിപ്പിച്ചു. പിന്നെ വീട്ടില്‍ നിന്നൊരൊളിച്ചോട്ടം. നേരെ ചേമഞ്ചേരി റെയില്‍വെ സ്റ്റേഷനില്‍ ചെന്നു. പലരോടും ചോദിച്ചറിഞ്ഞ്‌ വടക്കോട്ടുള്ള വണ്ടിയ്‌ക്ക്‌ തിക്കോടിയിലേക്കൊരു ടിക്കറ്റെടുത്തു. അധികം ദൂരത്തേക്ക്‌ യാത്ര ചെയ്‌ത ശീലമൊന്നുമില്ലായിരുന്നു. അതുകൊണ്ട്‌ കുറച്ച്‌ പേടിയുണ്ടായിരുന്നു. വണ്ടി വന്നു. അതില്‍ കയറി ഇരുന്നു. സ്റ്റേഷനൊക്കെ ചോദിച്ചറിഞ്ഞ്‌ തിക്കോടിയില്‍ ഇറങ്ങി. റെയില്‍വെ സ്റ്റേഷനില്‍ ഗോവിന്ദമേനോന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അത്‌ നേരത്തെ പറഞ്ഞുറപ്പിച്ചതാണ്‌. അവിടെ നിന്ന്‌ ഞങ്ങള്‍ രണ്ടുപേരും കൂടി നടന്ന്‌ പള്ളിക്കരയിലെത്തി. അവിടെനിന്ന്‌ പിന്നെയും നടന്നു. അവസാനം കീഴ്‌പ്പയൂരിലെത്തി. കീഴ്‌പ്പയൂരില്‍ നിന്ന്‌ നേരെ ചെന്നത്‌ കരുണാകര മേനോന്റെ അരികിലേക്കാണ്‌. അദ്ദേഹം അക്കാലത്തെ പ്രസിദ്ധനായ കഥകളി നടനാണ്‌. അപ്പുക്കുട്ടി നമ്പ്യാരുടെ രാധാകൃഷ്‌ണ കഥകളി വിദ്യാലയത്തിലെ ആശാന്‍ അദ്ദേഹമായിരുന്നു. എന്നെ കണ്ടപ്പോള്‍ കരുണാകര മേനോന്‌ വലിയ സന്തോഷമായി. ഗോവിന്ദമേനോന്‍ എന്നെ കുറിച്ച്‌ എന്തൊക്കെയോ സൂചനകള്‍ നല്‍കിയിരിക്കണം. കഥകളി പഠിക്കാന്‍ ആരും മിനക്കെടാതിരുന്ന സമയത്ത്‌ ഒരു കുട്ടിയെ കിട്ടിയ സന്തോഷമായിരുന്നു ആശാന്‌. അന്ന്‌ കഥകളിയിലേക്ക്‌ നിര്‍ബന്ധിച്ചായിരുന്നു ആളെ പിടിച്ചിരുന്നത്‌. കഥകളി പഠിക്കാന്‍ തീരുമാനിച്ച്‌ വന്നതാണല്ലൊ എന്ന്‌ ആശാന്‍ ചോദിച്ചത്‌ ഓര്‍മ്മയിലുണ്ട്‌. അടുത്ത ദിവസം തന്നെ പരിശീലനം തുടങ്ങാമെന്നായി. അപ്പുക്കുട്ടി നമ്പ്യാര്‍ ആ പ്രദേശത്തെ ഒരു പ്രമാണിയായിരുന്നു. സ്വന്തം ചിലവില്‍ അഗ്രശാല പണിത്‌ അവിടെ അദ്ദേഹം കഥകളിയോഗം നടത്തുകയായിരുന്നു. കഥകളിയോഗത്തോടനുബന്ധിച്ച്‌ കളരിയുണ്ട്‌. മെയ്‌വഴക്കവും കളരിയുമൊക്കെ അടുത്ത ദിവസം തന്നെ തുടങ്ങി. കഥകളി ശരീരം കേടാകുന്ന ഏര്‍പ്പാടായതു കൊണ്ടാണ്‌ അക്കാലത്ത്‌ കുട്ടികളെയും മറ്റും ആരും അതിന്‌ വിടാതിരുന്നത്‌. ചവിട്ടി ഉഴിച്ചിലും മറ്റും ഉണ്ടായിരുന്നു. നമ്പ്യാരുടെ കഥകളി യോഗത്തില്‍ അന്ന്‌ പന്ത്രണ്ട്‌ പേരുണ്ടായിരുന്നു എന്നാണ്‌ ഓര്‍ക്കുന്നത്‌. കൂത്താളി ഗോപാലന്‍ നായര്‍, പാടിവട്ടത്ത്‌ കുഞ്ഞിരാമന്‍ നമ്പീശന്‍ (മുയിപ്പോത്ത്‌) കുനിയില്‍ ഇല്ലത്ത്‌ കേശവന്‍ നമ്പൂതിരി, കുട്ടിമാധവന്‍ നമ്പൂതിരി എന്നിവരെ ഓര്‍ക്കുന്നു. ഇവരിലാരും ഇന്ന്‌ ജീവിച്ചിരിപ്പില്ല. നിരന്തരമായ പരിശീലനമായിരുന്നു. കരുണാകര മേനോനാശാന്‌ വലിയ ചിട്ടയായിരുന്നു. രണ്ടു മൂന്നു കൊല്ലം പഠിച്ചപ്പോള്‍ അരങ്ങേറ്റമായി. കീഴ്‌പ്പയൂരിലെ കുനിയില്‍ അമ്പലത്തിലായിരുന്നു അരങ്ങേറ്റം. അരങ്ങേറ്റം കഴിഞ്ഞതോടെ ധൈര്യം കിട്ടി. പിന്നീടങ്ങോട്ട്‌ ചെറിയ വേഷങ്ങളൊക്കെ ചെയ്‌തു തുടങ്ങി.”

കഥകളി അരങ്ങുകളിലെ സജീവ സാന്നിദ്ധ്യം:

കളിപ്പിക്കാന്‍ കെല്‍പ്പുള്ള നാടുവാഴികളും പ്രമാണിമാരും കഥകളിയോഗക്കാരെ വിളിച്ചു വരുത്തി ഒരു നിശ്ചിത കാലത്തേക്ക്‌ കളി നടത്തിക്കുന്ന സമ്പ്രദായമായിരുന്നു ഉത്തര കേരളത്തില്‍ പണ്ട്‌ നിലനിന്നിരുന്നത്‌. മുല്ലപ്പള്ളി ഇല്ലത്തെ തിരുമേനിയും പറശ്ശിനിക്കടവ്‌ കുഞ്ഞിരാമന്‍ മാനേജരും (കുഞ്ഞിരാമന്‍ മടയന്‍) ചിറക്കല്‍ രാജവംശക്കാരുമൊക്കെ ഇങ്ങനെ കഥകളി കളിപ്പിക്കുന്നവരായിരുന്നു. അപ്പുക്കുട്ടി നമ്പ്യാരുടെ കഥകളിയോഗത്തെ ഇവരൊക്കെ കളി നടത്താനായി ക്ഷണിച്ചിരുന്നു. ആശാനായ കരുണാകരമേനോനും ശിഷ്യര്‍ക്കൊപ്പം വേഷമിട്ടിരുന്നു. അരങ്ങേറ്റത്തിനു ശേഷം തുടര്‍ച്ചയായി പത്ത്‌ പന്ത്രണ്ട്‌ വര്‍ഷക്കാലം ഉത്തര കേരളത്തിലെ നൂറുകണക്കിനു വേദികളില്‍ കുഞ്ഞിരാമന്‍ നായര്‍ കഥകളി അവതരിപ്പിച്ചു.

കഥകളി അരങ്ങുകളിലെ ആ അനുഭവങ്ങളിലേക്ക്‌ ഒരെത്തിനോട്ടം നടത്തുകയാണദ്ദേഹം.

“കാരംവള്ളി കുറുപ്പാശാന്‍ എഴുതിയ കഥകളായിരുന്നു അന്ന്‌ അധികവും കളിച്ചിരുന്നത്‌. കൃഷ്‌ണലീല, മാര്‍ക്കണ്‌ഡേയ ചരിതം, സീമന്തിനി പരിണയം, ശൂരപത്മാസുര വധം എന്നീ കഥകളായിരുന്നു പ്രധാനപ്പെട്ടവ. ശ്രദ്ധയില്‍പ്പെട്ട എന്റെ ആദ്യത്തെ കൃഷ്‌ണവേഷം `കൃഷ്‌ണലീല’യിലേതാണെന്നാണ്‌ എല്ലാവരും പറഞ്ഞത്‌. മുല്ലപ്പള്ളി ഇല്ലത്ത്‌ കളിച്ചതൊക്കെ നല്ല ഓര്‍മ്മയുണ്ട്‌. പിന്നെ പറശ്ശിനിക്കടവ്‌ കുഞ്ഞിരാമന്‍ മാനേജര്‍ കുറെ സ്ഥലങ്ങളില്‍ കളിപ്പിച്ചു. തളിപ്പറമ്പ്‌, തൃച്ചംബരം, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലെ `സേവ’ കളിയോടെയായിരുന്നു തുടക്കം. കുചേലവൃത്തവും ദുര്യോധന വധവുമായിരുന്നു പ്രധാന കഥകള്‍. അന്നൊക്കെ രാത്രി തുടങ്ങി പുലരും വരെയാണ്‌ കളി. അധികവും ലവണാസുരവധം, ദുര്യോധനവധം, കുചേലവൃത്തം എന്നീ മൂന്നു കഥകളാണ്‌ ഒരു ദിവസം കളിക്കുക. മൂന്നിലും എനിക്ക്‌ കൃഷ്‌ണവേഷം തന്നെയായിരിക്കും. തൃച്ചംബരത്ത്‌ `ദുര്യോധനവധം’ കളി നടക്കുമ്പോഴാണ്‌ കരുണാകര മേനോനാശാന്‌ അസുഖം വന്നത്‌. രൗദ്രഭീമനായി ആശാന്‍ വേഷമിടുകയായിരുന്നു. അതിനിടയില്‍ ഛര്‍ദിക്കാന്‍ തോന്നി. ചുട്ടി തുടങ്ങി കഴിഞ്ഞെങ്കിലും കളിക്കാന്‍ പറ്റാത്ത അവസ്ഥ. അന്ന്‌ കൊച്ചു ഗോവിന്ദനാശാനാണ്‌ പകരം വേഷമിട്ടത്‌. ചുട്ടി തേച്ച വേഷങ്ങള്‍ പിന്നീട്‌ ആശാന്‍ കളിച്ചിട്ടില്ല. മിനുക്ക്‌ വേഷങ്ങള്‍ മാത്രമെ പിന്നീട്‌ ചെയ്‌തിട്ടുള്ളൂ. കുചേലവൃത്തത്തില്‍ ആശാന്‍ കുചേലനും ഞാന്‍ കൃഷ്‌ണനുമായാണ്‌ അഭിനയിക്കുക പതിവ്‌”.

ആശാന്റെ വേര്‍പാട്‌

കുഞ്ഞിരാമന്‍ നായരെ സംബന്ധിച്ചിടത്തോളം കരുണാകര മേനോന്‍ ഗുരുനാഥന്‍ മാത്രമല്ല. കലാപരമായ അദ്ദേഹത്തിന്റെ ഉയര്‍ച്ചയുടെ സര്‍വ്വവും അദ്ദേഹമായിരുന്നു. ഗുരുവും ശിഷ്യനുമെന്നതിലുപരി അച്ഛനും മകനുമെന്ന പോലെ ഒരാത്മ ബന്ധമായിരുന്നു രണ്ടുപേരും തമ്മിലുണ്ടായിരുന്നത്‌. ഗുരുനാഥനും ശിഷ്യനും എത്രയോ കളിയരങ്ങുകളില്‍ ഒരുമിച്ച്‌ വേഷമിട്ടിരിക്കുന്നു. ഗുരുനാഥന്റെ മരണാനന്തര കര്‍മ്മങ്ങള്‍ നടത്താന്‍ നിയോഗിക്കപ്പെട്ട ശിഷ്യനായിരുന്നു കുഞ്ഞിരാമന്‍ നായര്‍.

പ്രിയപ്പെട്ട ഗുരുനാഥന്റെ വേര്‍പാടിനെ കുറിച്ച്‌ കുഞ്ഞിരാമന്‍ നായര്‍ ഓര്‍ക്കുകയാണ്‌.

“ചിറയ്‌ക്കല്‍ വട്ടളത്ത്‌ ഇല്ലത്തായിരുന്നു അന്നു കളി. കുചേലവൃത്തവും കല്യാണസൗഗന്ധികവുമായിരുന്നു കഥ. കുചേലനും ഭാര്യയുമാണ്‌ രംഗത്ത്‌. കുചേലനായി ആശാനും കൃഷ്‌ണനായി ഞാനുമായിരുന്നു വേഷമിട്ടത്‌. കുചേലന്റെ ദയനീയമായ അവസ്ഥയാണ്‌ വര്‍ണ്ണിക്കുന്നത്‌. പഴം തുണിയില്‍ പൊതിഞ്ഞ അവിലുമായി ഭാര്യ സുദാമാവിനെ കൃഷ്‌ണന്റെ ദ്വാരകയിലേക്ക്‌ യാത്രയാക്കുകയാണ്‌. കുചേലനെ കാണുന്ന കൃഷ്‌ണന്‍ ദൂരെ നിന്ന്‌ കൂട്ടിക്കൊണ്ടു വരണം. കൃഷ്‌ണന്‍ ഓടിച്ചെന്ന്‌ കാല്‍ക്കല്‍ വീഴുന്നു. കൃഷ്‌ണന്‍ കാല്‍ക്കല്‍ വീണപ്പോള്‍ കുചേലന്‌ വലിയ ഭാവവ്യത്യാസമൊന്നുമില്ല. കുചേലന്‍ അവിടെ ഇരുന്നു പോയതുപോലെ. കൃഷ്‌ണന്‍ വളരെ പ്രയാസപ്പെട്ട്‌ വലിച്ചിഴച്ചാണ്‌ കുചേലനെ അരങ്ങിലേക്ക്‌ കൊണ്ടുവന്നത്‌. ആദ്യം കൃഷ്‌ണന്റെ പദമായിരുന്നു. അതനുസരിച്ച്‌ ഞാന്‍ മുദ്രകളൊക്കെ കാണിച്ചു. പിന്നീട്‌ കുചേലന്റെ പദമാണ്‌.
`വാഴിപ്പാനെഴുനേറ്റു തസ്യ സവിധം
പ്രാപ്യാലിലിംഗദ്വിജം’ എന്നു തുടങ്ങുന്ന പദമാരംഭിച്ചിട്ടും കുചേലന്‌ ഒരനക്കവുമില്ല. ഒന്നും കാണിക്കുന്നില്ല. കൂപ്പുകൈകളോടെ ഒരേ ഇരുപ്പ്‌. കളി അന്നവിടെ നിര്‍ത്തിവെച്ചു. ആശാന്‌ ഒട്ടും വയ്യാതെയായി. പിറ്റെ ദിവസം കണ്ണൂര്‍ എടക്കാട്ട്‌ കിഴുത്തള്ളിയിലാണ്‌ കളി. കഥ കുചേലവൃത്തം തന്നെ. നെഹ്രു കണ്ണൂരില്‍ വന്ന സമയമായിരുന്നു. അതുകൊണ്ട്‌ കളികാണാന്‍ ആളുകള്‍ കുറവായിരുന്നു. അന്ന്‌ ആശാന്‌ കളിക്കാനായില്ല. അപ്പോള്‍ തന്നെ തോട്ടാ ചാത്തുക്കുട്ടി വൈദ്യരെ വരുത്തി. അസുഖം കലശലായിക്കൊണ്ടിരുന്നു. എടക്കാട്ടില്‍ നിന്ന്‌ പിന്നെ നേരെ വീട്ടിലേക്ക്‌ കൊണ്ടുവന്നു. അഞ്ച്‌ ദിവസം ഒരേ കിടപ്പ്‌. പിന്നെ മരിച്ചു. ആശാന്റെ അന്ത്യസമയത്ത്‌ അരികിലുണ്ടായിരുന്നത്‌ ഞാനായിരുന്നു. ആശാന്റെ മക്കളാരും സ്ഥലത്തില്ലാതിരുന്നതിനാല്‍ ശേഷക്രിയകള്‍ ചെയ്‌തത്‌ ഞാനാണ്‌. ഒരച്ഛന്റെ സ്ഥാനമായിരുന്നു എന്റെ മനസ്സില്‍ ആശാനോടുണ്ടായിരുന്നത്‌.
ആശാന്റെ മരണശേഷം ഞാന്‍ എന്റെ തറവാട്ടിലേക്ക്‌ പോന്നു. അസ്വസ്ഥമായി അങ്ങനെ കഴിയുമ്പോള്‍ അപ്പുക്കുട്ടി നമ്പ്യാരുടെ കത്ത്‌ വന്നു. എത്രയും പെട്ടെന്ന്‌ കടത്തനാട്ട്‌ എത്താനും കഥകളിയോഗത്തില്‍ ചേരാനുമായിരുന്നു കത്തില്‍ പറഞ്ഞത്‌. അങ്ങനെ ഞാന്‍ വീണ്ടും യാത്രയായി. കടത്തനാട്ട്‌ അന്ന്‌ കഥകളി സജീവമായിരുന്നു. കരുണാകരമേനോനു പകരം കൊച്ചു ഗോവിന്ദനാശാനായിരുന്നു പിന്നീട്‌ വേഷമിട്ടിരുന്നത്‌. അങ്ങനെയിരിക്കുമ്പോഴാണ്‌ ചിറക്കല്‍ രാജവംശത്തിലെ കൗമുദി ടീച്ചര്‍ എന്നെ കാണണമെന്ന്‌ അറിയിച്ചത്‌.
ബാലികയായിരുന്നപ്പോള്‍ ഗാന്ധിജിയുടെ ഹരിജനോദ്ധാരണ ഫണ്ടിലേക്ക്‌ ഒരു ചടങ്ങില്‍ വെച്ച്‌ തന്റെ സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഊരിയെടുത്ത്‌ സമര്‍പ്പിച്ച മഹതിയാണവര്‍. അവര്‍ അന്ന്‌ കണ്ണൂര്‍ ഗേള്‍സ്‌ ഹൈസ്‌ക്കൂളില്‍ ഹിന്ദി ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. അവരുടെ സ്‌ക്കൂളിലെ കുട്ടികളെ ഡാന്‍സ്‌ പഠിപ്പിക്കണമെന്ന്‌ പറയാനായിരുന്നു ടീച്ചര്‍ വിളിപ്പിച്ചത്‌.”

നൃത്തത്തിലേക്കുള്ള ചുവടുമാറ്റം:

പതിനഞ്ചു വര്‍ഷക്കാലത്തോളം കഥകളി അരങ്ങില്‍ നിറഞ്ഞു നിന്ന കുഞ്ഞിരാമന്‍ നായര്‍ പിന്നീട്‌ കുറച്ചുകാലം നൃത്തത്തിലേക്ക്‌ ചുവടു മാറ്റിയിരുന്നു. ശാസ്‌ത്രീയ നൃത്തങ്ങളത്രയും വശത്താക്കാനാണ്‌ ഇക്കാലത്ത്‌ ഗുരു ശ്രമിച്ചത്‌. അതിനായി ഗുരുനാഥന്മാരെ തേടി യാത്രയും നടത്തി. കലാമണ്‌ഡലം മാധവന്‍ നായര്‍, സേലം രാജരത്‌നം പിള്ള. മദ്രാസ്‌ ബാലചന്ദ്രബായി എന്നീ പ്രഗല്‌ഭരില്‍ നിന്ന്‌ ഭരതനാട്യമഭ്യസിക്കാന്‍ അദ്ദേഹത്തിന്‌ ഭാഗ്യം സിദ്ധിച്ചു. നൃത്തരംഗത്തെ സമ്പന്നമായ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്‌ ഇവിടെ ഈ നാട്യാചാര്യന്‍ –

“കണ്ണൂര്‍ ഗേള്‍സ്‌ സ്‌ക്കൂളിലെ കുട്ടികളെ ഡാന്‍സ്‌ പഠിപ്പിക്കാന്‍ കൗമുദി ടീച്ചര്‍ ആവശ്യപ്പെട്ടതാണ്‌ നൃത്തത്തിലേക്ക്‌ വരാന്‍ ഒരു നിമിത്തമായത്‌. നൃത്തമൊന്നുമറിയാത്ത ഞാന്‍ എങ്ങനെയാണ്‌ കുട്ടികളെ പഠിപ്പിക്കുക. കുമ്മിയും മറ്റും ചേര്‍ത്ത്‌ ഞാനൊരു സംഗതിയുണ്ടാക്കി. കുമ്മിക്ക്‌ കഥകളിയില്‍ സ്ഥാനമുണ്ട്‌. സ്‌ക്കൂളിലെ തന്നെ ടീച്ചറായ ചിന്നമ്മ ടീച്ചറില്‍ നിന്ന്‌ ഞാന്‍ കൈകൊട്ടിക്കളി പഠിച്ചു. പിന്നീടത്‌ എന്റെ നൃത്തരൂപത്തില്‍ ചേര്‍ത്ത്‌ ഞാന്‍ കുട്ടികളെ പഠിപ്പിച്ചു. സ്‌കൂള്‍ വാര്‍ഷികത്തിന്‌ അത്‌ കളിച്ചു. എല്ലാവര്‍ക്കും ഇഷ്‌ടമായി. പിന്നീട്‌ എല്ലാ വര്‍ഷവും സ്‌കൂള്‍ വാര്‍ഷികത്തിന്‌ ഡാന്‍സ്‌ പഠിപ്പിക്കാന്‍ എന്നെ ക്ഷണിക്കുമായിരുന്നു. നൃത്തം കുറച്ച്‌ കാര്യമായി തന്നെ പഠിക്കണമെന്നൊരു ചിന്ത അക്കാലത്ത്‌ എനിക്കുണ്ടായി. അങ്ങനെയാണ്‌ കലാമണ്‌ഡലം മാധവന്‍ നായരുടെ അടുത്തെത്തുന്നത്‌. മാധവന്‍ നായര്‍ക്ക്‌ അന്ന്‌ വലിയ തിരക്കായിരുന്നു. എന്റെ ഗുരുനാഥന്‍ കരുണാകരമേനോന്റെ മരുമകളെയാണ്‌ അദ്ദേഹം വിവാഹം ചെയ്‌തത്‌ എന്ന ഒരു ബന്ധം മാത്രമാണുണ്ടായിരുന്നത്‌. മാധവന്‍ നായരെ കുറിച്ച്‌ വേറൊരു കാര്യം കൂടി ഓര്‍ക്കാനുണ്ട്‌. ഒരിക്കല്‍ വള്ളത്തോളും മുകുന്ദ രാജാവും കൂടി കലാമണ്‌ഡലത്തിന്റെയോ മറ്റോ പിരിവിനായി അപ്പുക്കുട്ടി നമ്പ്യാരുടെ അടുത്ത്‌ വന്നു. അപ്പോള്‍ അവിടെ മഹാകവി കുട്ടമത്ത്‌ `ബാലഗോപാലന്‍’ ആട്ടക്കഥയാക്കി കൊണ്ടിരിക്കുകയായിരുന്നു. ബാലഗോപാലനായി ഒരു കുട്ടിയെ വേണമല്ലോ എന്ന്‌ ചിന്തിച്ചിരിക്കുകയായിരുന്നു അവര്‍. അന്ന്‌ ബാലഗോപാലനായി അവര്‍ കണ്ടെത്തിയത്‌ മാധവന്‍ നായരെയായിരുന്നു. ആ മാധവന്‍ നായരാണ്‌ പിന്നീട്‌ കലാമണ്‌ഡലത്തില്‍ നിന്ന്‌ നൃത്തം പഠിച്ച്‌ വലിയ ആളായത്‌. ആറുമാസം ഞാന്‍ മാധവന്‍ നായരില്‍ നിന്ന്‌ തുടര്‍ച്ചയായി നൃത്തം പഠിച്ചിട്ടുണ്ട്‌. അദ്ദേഹം വലിയ തിരക്കുള്ള ആളായിരുന്നു. തൃപ്പൂണിത്തറയിലാണ്‌ അദ്ദേഹം താമസിച്ചിരുന്നത്‌. ആര്‍.എല്‍.വിയില്‍ ക്ലാസ്സെടുക്കുന്നുണ്ടായിരുന്നു. തൃപ്പൂണിത്തറയില്‍ നിന്ന്‌ ഞാനും മാധവന്‍ നായരോടൊപ്പം നടക്കും. നടക്കുന്നതിനിടയില്‍ എനിക്ക്‌ കുറെ ഡാന്‍സ്‌ പറഞ്ഞു തരും. പിന്നെ കുട്ടികള്‍ക്ക്‌ ഡാന്‍സെടുക്കുന്നിടത്ത്‌ ഞാനും ചെന്നിരിക്കും. എല്ലാം കണ്ടു മനസ്സിലാക്കും. സമയം കിട്ടുമ്പോഴൊക്കെ എനിക്ക്‌ ഡാന്‍സ്‌ പറഞ്ഞു തരും. മാധവന്‍ നായരില്‍ നിന്ന്‌ ആവുന്നത്ര ഞാന്‍ വശത്താക്കി. സേലം രാജരത്‌നം പിള്ളയില്‍ നിന്നും മദ്രാസ്‌ ബാലചന്ദ്രഭായില്‍ നിന്നും കുറച്ച്‌ കാലം ഭരതനാട്യം പഠിക്കാനും എനിയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇക്കാലത്ത്‌ സ്‌കൂള്‍ വാര്‍ഷികങ്ങള്‍ക്കും പിന്നെ യൂത്ത്‌ ഫെസ്റ്റിവലിനും കുട്ടികളെ ഡാന്‍സ്‌ പഠിപ്പിക്കാനായി പല സ്‌കൂളുകാരും വിളിച്ചു കൊണ്ടിരുന്നു. കണ്ണൂര്‍ ഗേള്‍സ്‌ സ്‌കൂളിലും കോണ്‍വെന്റ്‌ സ്‌കൂളിലും ഡാന്‍സ്‌ ക്ലാസ്‌ തുടങ്ങി. ആദ്യത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്‌ ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ക്ക്‌ – കോണ്‍വന്റ്‌ സ്‌കൂളിന്‌ ഒന്നാം സ്ഥാനം കിട്ടിയത്‌ ഓര്‍മ്മയില്‍ വരുന്നു. കഥകളിയെ അടിസ്ഥാനമാക്കി ഇന്നത്തെ കേരള നടനത്തിന്റെയൊക്കെ രൂപത്തിലുള്ളതായിരുന്നു സമ്മാനം കിട്ടിയ ആ നൃത്തം. ഞാന്‍ തന്നെ പഠിപ്പിച്ച ചിറക്കല്‍ സ്‌ക്കൂളിനായിരുന്നു അന്ന്‌ രണ്ടാം സ്ഥാനം. ഇക്കാലത്താണ്‌ ഞാന്‍ കണ്ണൂരില്‍ ഭാരതീയ നൃത്ത കലാലയം (1944-ല്‍) സ്ഥാപിച്ചത്‌. മേക്കുന്നത്ത്‌ കുഞ്ഞികൃഷ്‌ണന്‍ നായര്‍ എന്നെ വിളിപ്പിച്ചു.ഞാന്‍ പോയി കണ്ടു. തലശ്ശേരിയില്‍ ഒരു ഡാന്‍സ്‌ ക്ലാസ്സ്‌ തുടങ്ങണമെന്ന്‌ അദ്ദേഹം പറഞ്ഞു. അതനുസരിച്ചാണ്‌ തിരുവങ്ങാട്‌ അമ്പലത്തിനടുത്ത്‌ തിയോസഫിക്കല്‍ സൊസൈറ്റി ഹാളില്‍ ഭാരതീയ നാട്യ കലാലയം തുടങ്ങിയത്‌. ഇക്കാലത്തു തന്നെയാണ്‌ പ്രൊ.കരിമ്പുഴ രാമകൃഷ്‌ണന്‍ അഷ്‌ടപദി നൃത്തത്തിന്റെ സ്‌ക്രിപ്‌റ്റ്‌ എഴുതുകയും ഞാനത്‌ നൃത്തരൂപത്തില്‍ ചിട്ടപ്പെടുത്തുകയും ചെയ്‌തത്‌. അഷ്‌ടപദിയാട്ടമാ യിട്ടാണ്‌ അത്‌ അറിയപ്പെട്ടത്‌. കരിമ്പുഴ രാമ കൃഷ്‌ണന്‍ അന്ന്‌ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ അദ്ധ്യാപക നായിരുന്നു. സീതാലക്ഷ്‌മി ടീച്ചറായിരുന്നു ആ നൃത്തത്തില്‍ പ്രധാനമായി കളിച്ചത്‌. അങ്ങനെ പല സ്ഥലത്തും ഡാന്‍സ്‌ ക്ലാസ്സുകളുമായി കുറെക്കാലം പോയി.”

ഏതു നൃത്തവും സ്വീകാര്യം

കഥകളിയുടെയും ശാസ്‌ത്രീയ നൃത്തങ്ങളുടെയും പൊരുളറിഞ്ഞ കുഞ്ഞിരാമന്‍ നായര്‍ കുറച്ചുകാലം തിളങ്ങി നിന്നത്‌ നൃത്തനാടകങ്ങളിലാണ്‌. ബാലെ (നൃത്തനാടകം) അമ്പലപ്പറമ്പുകള്‍ അടക്കിവാണ കാലമായിരുന്നു അത്‌. പരമശിവനായും മഹാവിഷ്‌ണു വായും നരസിംഹമായും, മന്ധരയായുമൊക്കെ നൂറുകണക്കിന്‌ നൃത്തനാടകങ്ങളില്‍ ഈ നാട്യാചാര്യന്‍ വേഷമിട്ടിട്ടുണ്ട്‌. നൃത്തത്തിലെ ഏതു സമ്പ്രദായ മായാലും ഒന്നു പരീക്ഷിച്ചു നോക്കാമെന്ന ഭാവമായി രുന്നു ഈ കഥകളിയാശാന്‌. അതുകൊണ്ടാണ്‌ കഥകളിയില്‍ തുടങ്ങി ശാസ്‌ത്രീയ നൃത്തങ്ങളഭ്യസിച്ച്‌ പിന്നെ നാടോടി നൃത്തങ്ങളിലും നൃത്തനാടകങ്ങളിലും അഷ്‌ടപദിയാട്ടം കേരളനടനം പോലുള്ള നൂതന നൃത്തരൂപങ്ങളിലേക്കും കടന്നുചെന്നത്‌. ഏതു നൃത്തരൂപവും സ്വീകാര്യമായ ഗുരു നൃത്തനാടകങ്ങളിലെയും മറ്റും അനുഭവങ്ങളെ കുറിച്ച്‌ ഓര്‍ക്കുകയാണ്‌ –

“കണ്ണൂരിലും തലശ്ശേരിയിലും കോഴിക്കോട്ടുമൊക്കെ നിറയെ ഡാന്‍സ്‌ ക്ലാസ്സുണ്ടായിരുന്ന സമയത്താണ്‌ നൃത്തനാടകങ്ങളില്‍ കളിക്കാന്‍ പലരും വിളിച്ചത്‌. പല പുരാണ കഥകളും കളിച്ചിട്ടുണ്ട്‌. തലശ്ശേരി തിരുവങ്ങാട്‌ അമ്പലത്തില്‍ സ്ഥിരമായി നൃത്തനാടകങ്ങളുണ്ടാ കുമായിരുന്നു. കുറെ നൃത്തനാടകങ്ങള്‍ ഞാന്‍ തന്നെ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. അക്കാലത്തും കഥകളിയും ഭരതനാട്യവും തീര്‍ത്തും ഒഴിവാക്കിയിരുന്നില്ല. കളി ഉണ്ടാകുമ്പോഴൊക്കെ കഥകളിക്ക്‌ പോയിരുന്നു. ചേലിയ കഥകളി വിദ്യാലയവും ആദ്യകാലത്ത്‌ കുറച്ച്‌ നൃത്തനാടകങ്ങള്‍ ചെയ്‌തിരുന്നു. പൂക്കാട്‌ കലാലയത്തിന്റെ നൃത്തനാടകങ്ങള്‍ അക്കാലത്ത്‌ പ്രസിദ്ധമായിരുന്നു. യുവജനോത്സവം വരുമ്പോള്‍ പല സ്‌ക്കൂളുകാരും വിളിക്കും. അവര്‍ക്ക്‌ വേണ്ടി ഗ്രൂപ്പ്‌ ഡാന്‍സും നാടോടിനൃത്തവുമൊക്കെ ചെയ്‌തു കൊടുത്തിട്ടുണ്ട്‌. ഞാന്‍ തലശ്ശേരിയില്‍ ഡാന്‍സ്‌ പഠിപ്പിച്ചുകൊണ്ടിരുന്ന സമയത്ത്‌ സര്‍ക്കസ്സില്‍ ഡാന്‍സവതരിപ്പിച്ചതാണ്‌ വേറിട്ടൊരനുഭവം. ഫെയറി സര്‍ക്കസ്‌ മാനേജര്‍ എന്റെയടുത്തു വന്നു. സര്‍ക്കസില്‍ ഡാന്‍സ്‌ അവതരിപ്പിക്കാനാകുമോ എന്നു ചോദിച്ചു. ഞാന്‍ സമ്മതിച്ചു. അന്നൊക്കെ സര്‍ക്കസ്സില്‍ ഡാന്‍സിന്‌ വലിയ സ്ഥാനമായിരുന്നു. അങ്ങനെ ഞാന്‍ സര്‍ക്കസ്സില്‍ ഡാന്‍സവതരിപ്പിച്ചു. അതവര്‍ക്കിഷ്‌ടപ്പെട്ടു. കുറെ വേദികളില്‍ കളിച്ചിട്ടുണ്ട്‌. സര്‍ക്കസ്സ്‌ വഴിയാണ്‌ ഞാന്‍ മദ്രാസിലെത്തിയത്‌. അവിടെ എത്തിയതുകൊണ്ടുണ്ടായ ഒരു മഹാഭാഗ്യം ബാലചന്ദ്രഭായി ടീച്ചറില്‍ നിന്നും കുറച്ച്‌ ഭരതനാട്യം പഠിക്കാനായി എന്നതാണ്‌. അവര്‍ മുഖേനെയാണ്‌ മദ്രാസിലെ ജെമിനി സ്റ്റുഡിയോയില്‍ `ചന്ദ്രലേഖ’/യുടെ ഷൂട്ടിംഗ്‌ സമയത്ത്‌ ഞങ്ങള്‍ നൃത്തമവതരിപ്പിച്ചത്‌. ഇപ്പോഴും അത്‌ മനസ്സിലുണ്ട്‌. അന്ന്‌ സിനിമയിലെ പ്രസിദ്ധരായ ലളിത-പത്മിനിമാരെല്ലാം നൃത്തം കാണാനുണ്ടായിരുന്നു.
ഞാനന്ന്‌ ശിവന്റെ വേഷമാണ്‌ കളിച്ചത്‌. കണ്ണൂര്‍ ശ്രീനിവാസന്‍ കാമദേവനും ബാലചന്ദ്രഭായി രതിയായും വേഷമിട്ടത്‌ ഓര്‍മ്മയിലുണ്ട്‌. ഗ്രൂപ്പ്‌ ഡാന്‍സും നൃത്തനാടകങ്ങളുമായി അങ്ങനെ കഴിയുമ്പോഴാണ്‌ ഗുരുഗോപിനാഥിന്റെ ക്ഷണം കിട്ടുന്നത്‌. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ അദ്ദേഹത്തിന്റെ വിശ്വകലാകേന്ദ്രത്തിലെത്താനായിരുന്നു പറഞ്ഞത്‌. ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍ `കേരളവിജയം’ നൃത്തനാടകത്തില്‍ അഭിനയിക്കാമോ എന്നു ചോദിച്ചു. ഞാന്‍ സമ്മതിച്ചു. കഥകളിയും മോഹനിയാട്ടവും എല്ലാം ചേര്‍ന്ന ഇന്നത്തെ കേരളനടനത്തിന്റെയൊക്കെ ശൈലിയിലായിരുന്നു അത്‌. ഗുരു ഗോപിനാഥിനൊപ്പം ചേരാന്‍ കഴിഞ്ഞതു കൊണ്ടാണ്‌ കേരളം നടനം പഠിക്കാന്‍ കഴിഞ്ഞത്‌. യുവജനോത്സവങ്ങളിലെല്ലാം അതിന്‌ നല്ല പേരല്ലെ? കഥകളി വിദ്യാലയത്തിലും കേരളനടനം പഠിപ്പിക്കുന്നുണ്ട്‌. കഥകളിയായിട്ടും നൃത്തനാടകങ്ങളായിട്ടും കേരളത്തിന്റെ വടക്കും തെക്കും കുറെ കളിച്ചിട്ടുണ്ട്‌. നൃത്തനാടകങ്ങളില്‍ ഞാന്‍ ചെയ്‌ത വേഷങ്ങളില്‍ പരശുരാമനും ശിവനും മന്ദരയുമാണ്‌ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്‌. ഭരതനാട്യത്തിലെ പ്രസിദ്ധനായ ഉദയശങ്കറിനൊപ്പം കര്‍ണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ നൃത്തമവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഒക്കെ ജഗദീശ്വരന്റെ കാരുണ്യം.”

കഥകളിയിലേക്ക്‌ വീണ്ടും:

ചേലിയ എന്ന ജന്മഗ്രാമത്തില്‍ തറവാട്ടു വക സ്ഥലത്ത്‌ കഥകളിക്കായി ഒരു വിദ്യാലയം സ്ഥാപിക്കാന്‍ കഴിഞ്ഞതാണ്‌ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ഏഴര പതിറ്റാണ്ടു കാലത്തെ കലാജീവിതത്തിലെ മഹത്വമാര്‍ന്ന കാര്യം. 1983 ഏപ്രില്‍ 28ന്‌ അന്നത്തെ കേരള ഗവര്‍ണര്‍ പി.രാമചന്ദ്രന്‍ വിദ്യാലയത്തില്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌ ഉള്‍പുളകത്തോടെയാണ്‌ ഗുരു സ്‌മരിക്കുന്നത്‌.

കേരളത്തിന്റെ ക്ലാസിക്‌ കലയായ കഥകളിക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഗുരുവിന്റെ ആഗ്രഹത്തിന്റെ സഫലീകരണമായിരുന്നു അത്‌. 1974-ല്‍ പൂക്കാട്‌ കലാലയം സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ്‌ ഗുരു വഹിച്ചിട്ടുള്ളത്‌. മലബാര്‍ സുകുമാരന്‍ ഭാഗവതരോടൊപ്പം സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട്‌ പൂക്കാട്‌ കലാലയം എന്ന കലാസ്ഥാപനം തുടങ്ങുകയായിരുന്നു. ചേലിയ കഥകളി വിദ്യാലയം ഗുരുവിന്‌ സ്വന്തം വീടുപോലെയാണ്‌. വിദ്യാലയത്തെ കുറിച്ച്‌ ചോദിച്ചാല്‍ ഗുരു പറഞ്ഞു തുടങ്ങും –

“കഥകളിയും നൃത്തവും പാട്ടുമെല്ലാം ഇവിടെ പഠിപ്പിക്കുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ കഥകളിയെ കുറിച്ച്‌ എന്തെങ്കിലും പറഞ്ഞു കൊടുക്കാനായി അഞ്ചെട്ടു കൊല്ലം മുമ്പ്‌ ഞങ്ങള്‍ `ഹംസവും ദമയന്തിയും’ എന്ന പത്താം ക്ലാസ്സിലെ പുസ്‌തകത്തിലെ ഭാഗം സ്‌ക്കൂളുകളില്‍ അവതരിപ്പിച്ചിരുന്നു. നളചരിതം ഒന്നാം ദിവസത്തെ കഥയുടെ ഒരു ഭാഗമാണത്‌. നളനായി ഞാന്‍ വേഷമിട്ടു. നൂറിലധികം സ്‌കൂളുകളില്‍ ഇത്‌ കളിച്ചിട്ടുണ്ട്‌. ഈ വര്‍ഷം `കഥകളി നേരും നേരറിവും’ എന്നൊരു പരിപാടി തുടങ്ങി. കഥകളിയെ കുറിച്ച്‌ കുട്ടികള്‍ക്ക്‌ അറിവ്‌ നല്‍കുക എന്നതു തന്നെയാണ്‌ ഈ പരിപാടികൊണ്ടും ഉദ്ദേശിച്ചത്‌. `കലി വരുത്തി വെച്ച വിന’ എന്ന 10-ാം ക്ലാസ്സിലെ പാഠഭാഗത്തെ ആസ്‌പദമാക്കിയുള്ള കഥകളിയാണ്‌ അവതരിപ്പച്ചു പോരുന്നത്‌. പന്ത്രണ്ടോളം സ്‌കൂളില്‍ കളിച്ചു. കോഴിക്കോട്‌ സാമൂതിരി ഹൈസ്‌കൂളിലായിരുന്നു ഇതിന്റെ ഉദ്‌ഘാടനം. ഇതില്‍ ഞാന്‍ കളിക്കുന്നില്ല. പ്രേമനും (കലാമണ്‌ഡലം പ്രേംകുമാര്‍) മറ്റുമാണ്‌ വേഷമിടുന്നത്‌. നല്ല അഭിപ്രായമാണ്‌. കുട്ടികള്‍ക്ക്‌ കഥകളിയെ കുറിച്ച്‌ മനസ്സിലാക്കാന്‍ ഇത്‌ സഹായകരമാണെന്നാണ്‌ അഭിപ്രായം. കഥകളി വിദ്യാലയത്തെ കുറിച്ച്‌ പറയുകയാണെങ്കില്‍ ഒരു കളിയ്‌ക്ക്‌ വേണ്ട കോപ്പുകളൊക്കെ ഇവിടെയുണ്ട്‌. സ്ഥിരമായി കളിയുണ്ടാകുകയില്ലെങ്കിലും ഇടയ്‌ക്കൊക്കെ ബുക്കിങ്ങുണ്ടാകും. വിദ്യാലയം ഈയ്യിടെ പുതിയൊരു കഥ – `ധര്‍മ്മ വിജയം’ കളിക്കുകയുണ്ടായി. കോഴിക്കോട്ട്‌ കളിച്ചപ്പോള്‍ നല്ല അഭിപ്രായമാണ്‌ പറഞ്ഞത്‌. ഇവിടെ പഠിക്കുന്ന കുട്ടികളും കഥകളി അവതരിപ്പിക്കുന്നുണ്ട്‌. ഇന്ന്‌ കഥകളിക്ക്‌ വലിയ പ്രയാസമൊന്നുമില്ല. പണ്ട്‌ 7 പെട്ടിയും ചുമന്നുകൊണ്ടാണ്‌ കളിക്ക്‌ പോകുക. വെള്ളിപ്പെട്ടി, ഉടുത്തുകെട്ട്‌ പെട്ടി, ചണ്ടിപ്പെട്ടി മദ്ദളത്തിന്റെ ഒരു കെട്ട്‌ എന്നിവയൊക്കെ താങ്ങിയുള്ള യാത്രയാണ്‌. ഇന്നാണെങ്കില്‍ യാത്രയ്‌ക്കും പ്രശ്‌നമില്ല. മൂന്നോ നാലോ മണിക്കൂറിലധികം കളിയും നീണ്ടുനില്‍ക്കില്ല. കഥകളി പഠിക്കാന്‍ കുട്ടികള്‍ വരുന്നുണ്ട്‌. ചിലര്‍ക്കൊക്കെ യുവജനോത്സവത്തിനുള്ള പഠിത്തം മതി. കഥകളി വിദ്യാലയത്തില്‍ കഥകളിക്കൊപ്പം ഭരതനാട്യവും മോഹിനിയാട്ടവും കേരളനടനവും പിന്നെ ശാസ്‌ത്രീയ സംഗീതവുമൊക്കെ പഠിപ്പിക്കുന്നുണ്ട്‌. ഏത്‌ കലാരൂപം പഠിപ്പിക്കുന്നതിലും എനിക്ക്‌ സന്തോഷമേയുള്ളൂ.”

സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമാണ്‌ ഇന്നും കുഞ്ഞിരാമന്‍ നായര്‍. നവതിയുടെ നിറവിലും ദിവസം ഒന്നിലധികം ഉദ്‌ഘാടന സദസ്സുകള്‍ക്ക്‌ ശോഭ പകരുകയാണ്‌ കലാകേരളത്തിന്റെ സര്‍ഗ്ഗധനനായ ഈ കഥകളിയാശാന്‍. എത്രയോ വേദികളില്‍ ഗുരു നവരസങ്ങള്‍ അഭിനയിച്ചു കാണിച്ചിട്ടുണ്ട്‌. കലാസ്‌നേഹികളുടെയും നാട്ടുകാരുടെയും ശിഷ്യ പ്രശിഷ്യന്മാരുടെയുമെല്ലാം സ്‌നേഹാദരങ്ങള്‍ സമ്പാദിച്ച ഈ നാട്യാചാര്യന്‌
1979-ല്‍ നൃത്തത്തിന്‌ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും 1999-ല്‍ കഥകളിക്കും നൃത്തത്തിനുമായി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്‌.
കേരള കലാമണ്‌ഡലം 2001-ല്‍ കലയ്‌ക്കുള്ള വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഏതൊരവാര്‍ഡിനെക്കാളും മഹത്തരമായിരുന്നു കലാസ്‌നേഹികളും ശിഷ്യ പ്രാശിഷ്യരും നാട്ടുകാരുമെല്ലാം ചേര്‍ന്ന്‌ നടത്തിയ ഗുരുവിന്റെ നവതി (2006) ആഘോഷം. ഗുരു നട്ടുവളര്‍ത്തിയ കഥകളി വിദ്യാലയം കലയുടെ രാജവീഥികളില്‍ പുണ്യം വിതറി വളര്‍ന്നു വലുതാവുകയാണ്‌. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ ശമ്പള ഗ്രാന്റോടെ ഈ വിദ്യാലയത്തില്‍ നിന്ന്‌ സൗജന്യ ദ്വിവത്സര കഥകളി കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ ഒന്നാം ബാച്ച്‌ പുറത്തു വന്നു കഴിഞ്ഞു. കഥകളിയെ കുറിച്ചുള്ള സമഗ്രമായ പഠനമാണിവിടെ നടക്കുന്നത്‌. കഥകളി വേഷം, ചുട്ടി, സംഗീതം, ചെണ്ട, മദ്ദളം എന്നീ വിഭാഗങ്ങളില്‍ പഠനത്തിനായി രണ്ടു കൊല്ലത്തെ കോഴ്‌സാണ്‌ സൗജന്യമായി നടത്തുന്നത്‌. ഓരോ ശാഖയിലും പ്രഗല്‌ഭരായ അധ്യാപകര്‍. എല്ലാറ്റിന്റെയും സാരഥി (പ്രിന്‍സിപ്പാള്‍)യായി കുഞ്ഞിരാമന്‍ നായര്‍.

മരുമകന്‍ കെ.കെ.ശങ്കരന്റെ വീട്ടില്‍ താമസിക്കുന്ന കുഞ്ഞിരാമന്‍ നായര്‍ അധിക സമയവും സമീപത്തു തന്നെയായുള്ള കഥകളി വിദ്യാലയത്തിലാണ്‌ ചിലവിടുന്നത്‌. അതു തന്നെയാണ്‌ ഗുരുവിനേറ്റവും സന്തോഷകരമായിട്ടുള്ളത്‌. ജീവിത സാക്ഷാത്‌ക്കാരമെന്നോണം കഥകളിക്കായി ഒരു സ്ഥാപനം….
ഒരു കളിക്കു വേണ്ട കോപ്പുകളും കളിക്കാരും……
ശിഷ്യ പ്രശിഷ്യരുടെ നീണ്ട നിര….
കഥകളിയെ നെഞ്ചോടു ചേര്‍ക്കുന്ന ഇളംമുറക്കാര്‍…..
എല്ലാറ്റിനുമുപരി കഥകളിയെ സ്‌നേഹിക്കുന്ന നാട്ടുകാര്‍
ഗുരുവിന്റെ ജീവിതം ധന്യമാകുകയാണ്‌.

നവതിയിലും തളരാത്ത നടനവൈഭവത്തിന്റെ തേജോരൂപത്തിനു പ്രണാമം.
ഗുരുവിന്‌ പ്രണാമം – കലാകേരളത്തിന്റെ പ്രണാമം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: