കഥകളി പാരമ്പര്യം

ഉത്തരകേരളത്തിന്റെ കഥകളി പാരമ്പര്യം

തയ്യാറാക്കിയത്‌: കെ.കെ.ശങ്കരന്‍

17- നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ കൊട്ടാരക്കര തമ്പുരാന്‍ ജന്മം നല്‌കിയ രാമനാട്ടം ഇന്നത്തെ കഥകളിയുടെ വാചികാഭിനയ പ്രധാനമായ ഒരസംസ്‌കൃത രൂപമായിരുന്നു.

വാചികാഭിനയത്തിന്നു പകരം ആംഗികാഭിനയത്തിന്‌ പ്രാധാന്യം നല്‍കി, വേഷഭൂഷാദികളിലും, മുഖംതേപ്പിലും ഗണനീയ മാറ്റങ്ങള്‍ വരുത്തി രാമനാട്ടത്തെ പരിഷ്‌ക്കരിക്കുന്നതില്‍ വലിയ പങ്കു വഹിച്ചത്‌ വെട്ടത്ത്‌ രാജാക്കന്മാരാണ്‌. വെട്ടത്ത്‌ കോവിലകത്തു നിന്നും തലശ്ശേരിക്കടുത്തുള്ള പുരളീമലയിലെ കോട്ടയം കൊട്ടാരത്തില്‍ രാമനാട്ടമെത്തിയപ്പോള്‍ ഇന്ന്‌ നാം കാണുന്ന രൂപത്തിലുള്ള ലക്ഷണമൊത്ത കഥകളിയായി രൂപാന്തരം പ്രാപിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങി. കോട്ടയം രാജാവ്‌ എന്നറിയപ്പെടുന്ന കോട്ടയം രാജവംശത്തിലെ കേരളവര്‍മ്മ തമ്പുരാനാണ്‌ കേവലം ഭക്തിരസ പ്രധാനമായിരുന്ന രാമനാട്ടത്തെ പരിഷ്‌ക്കരിച്ച്‌ നവരസങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട്‌, ഭാവാഭിനയത്തിന്റെ അനന്തസാദ്ധ്യതകള്‍ തുറക്കുന്ന നാടകീയ രംഗങ്ങള്‍ ആവിഷ്‌ക്കരിച്ചു കൊണ്ട്‌, പദാര്‍ത്ഥാഭിനയത്തിന്റെ ഉത്തുംഗമേഖലകളിലേക്ക്‌ ഉയര്‍ത്തിയത്‌.


ക്രിസ്‌തുവര്‍ഷം 17ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പുരളീശ വംശത്തില്‍ സന്താനങ്ങളില്ലാതെ വന്നതുകൊണ്ട്‌ വെട്ടം കോവിലകത്തു നിന്നും രണ്ട്‌ തമ്പുരാട്ടിമാരെ ദത്തെടുത്തു. ഇതില്‍ അനിയത്തിയുടെ പുത്രനാണ്‌ ആട്ടക്കഥാ കര്‍ത്താവായ കോട്ടയം തമ്പുരാന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ തമ്പുരാട്ടിമാര്‍ വെട്ടം കോവിലകത്തായിരുന്നപ്പോള്‍ അവിടെ മായാവരം ഗോവിന്ദ ദീക്ഷിതര്‍ എന്ന ഒരു ബ്രാഹ്മണ മഹാപണ്‌ഡിതന്‍ താമസിച്ചിരുന്നു. ഗോവിന്ദ ദീക്ഷിതര്‍ മുമ്പ്‌ തഞ്ചാവൂര്‍ രാജകൊട്ടാരത്തില്‍ വളരെക്കാലം ആസ്ഥാന പണ്‌ഡിതനായിരുന്ന ആളാണ്‌. അക്കാലത്ത്‌ അദ്ദേഹം കുച്ചുപ്പുഡി ബ്രാഹ്മണരില്‍ നിന്നും ജയദേവരുടെ ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള അഷ്‌ടപദിയാട്ടത്തിന്റെ നൃത്താവിഷ്‌ക്കാരം മനസ്സിലാക്കിയിരുന്നു. ദീക്ഷിതര്‍ വെട്ടം കോവിലകത്ത്‌ താമസിക്കുന്ന കാലത്ത്‌ അവിടുത്തെ തമ്പുരാട്ടിമാരെ നൃത്തവും സംഗീതവും അഭ്യസിപ്പിച്ചിരുന്നു. തന്റെ ശിഷ്യകളെ കോട്ടയം കോവിലകത്തേക്ക്‌ ദത്തെടുത്തപ്പോള്‍ അവരെ കാണുന്നതിനായി അദ്ദേഹം കോവിലകം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇളയ തമ്പുരാട്ടിയുടെ മകനെ എഴുത്തിനിരുത്തിയതും പ്രാഥമിക വിദ്യാഭ്യാസം നല്‍കിയതും ദീക്ഷിതരായിരുന്നു. ദീക്ഷിതരുടെ ഉപദേശ പ്രകാരം അന്നത്തെ കോട്ടയം രാജാവ്‌ വെട്ടം കോവിലകത്തു നിന്നും ഒരു രാമനാട്ടം ആശാനെ വരുത്തി ഒരു കളരിക്ക്‌ ജന്മം നല്‍കി. ഈ കളരിയില്‍ നടക്കുന്ന രാമനാട്ടം ചൊല്ലിയാട്ടവും മറ്റും അടുത്തിരുന്ന്‌ കണ്ട്‌ വളര്‍ന്ന രാജകുമാരന്ന്‌ രാമനാട്ടത്തില്‍ അതീവ താല്‍പ്പര്യമുണര്‍ന്നത്‌ സ്വാഭാവികം. രാജകുമാരന്‍ വളര്‍ന്ന്‌ രാജസ്ഥാനം ഏറ്റെടുത്തപ്പോള്‍ രാജ്യകാര്യങ്ങളോടൊപ്പം രാമനാട്ടത്തിന്റെ പരിഷ്‌ക്കരണത്തിലും പുതിയ ആട്ടക്കഥകളുടെ സൃഷ്‌ടിയിലും, ചൊല്ലിയാട്ടത്തിലുമായി ശ്രദ്ധ. ഇതിന്റെ ഫലമാണ്‌ പില്‍ക്കാലത്ത്‌ കോട്ടയം കഥകള്‍ എന്ന്‌ പ്രസിദ്ധി നേടിയതും ലക്ഷണമൊത്തതുമായ 4 ആട്ടക്കഥകളുടെ ആവിര്‍ഭാവം – ബകവധം, കല്യാണ സൗഗന്ധികം, നിവാതകവചകാലകേയവധം, കിര്‍മ്മീര വധം. അദ്ദേഹമെഴുതിയ ആട്ടക്കഥകള്‍ ചൊല്ലിയാടിക്കുന്നതിന്നായി പെരുമ്പടപ്പ്‌ കളിയോഗത്തിലെ പ്രതിഭാശാലിയായ വെള്ളാട്ട്‌ ചാത്തുപ്പണിക്കരെ ആശാനായി വരുത്തി. ചാത്തുപ്പണിക്കരുടെ സഹായത്തോടെ ഈ ആട്ടക്കഥകള്‍ ചൊല്ലിയാടിക്കുന്നതിലും, ചിട്ടകള്‍ ക്രമീകരിക്കുന്നതിലും, വേഷഭൂഷാദികള്‍ പരിഷ്‌ക്കരിക്കുന്നതിലും തമ്പുരാന്‍ നടത്തിയ വിദഗ്‌ധ പരിഷ്‌ക്കാരങ്ങളാണ്‌ രാമനാട്ടത്തെ ഇന്നത്തെ കഥകളിയായി രൂപപ്പെടുത്തിയത്‌. അങ്ങനെ തെക്കു നിന്നെത്തിയ രാമനാട്ടം ഉത്തര കേരളത്തില്‍ വെച്ച്‌ കഥകളിയായി വികസിച്ച്‌ പുതിയ രൂപത്തിലും, ഭാവത്തിലും, മദ്ധ്യകേരളത്തിലേക്കും, തെക്കന്‍ കേരളത്തിലേക്കും പകരുന്നതിന്നുള്ള സാഹചര്യമൊരുങ്ങി. ഈ പകര്‍ച്ചയുടെ ഇടനിലക്കാരനായി വര്‍ത്തിച്ചത്‌ വെള്ളാട്ട്‌ ചാത്തുപ്പണിക്കരാണെന്ന്‌ പറയാം.
വെള്ളാട്ട്‌ ചാത്തുപ്പണിക്കര്‍ നാലഞ്ചുവര്‍ഷം കോട്ടയം കളരിയില്‍ പ്രവര്‍ത്തിച്ചതിനു ശേഷം തന്റെ ജന്മസ്ഥലമായ കല്ലടിക്കോട്‌ ദേശത്ത്‌ തിരിച്ചെത്തി. അപ്പോള്‍ കുതിരവട്ടത്ത്‌ നായര്‍ എത്ത്രസ്ഥാനി അദ്ദേഹത്തെ വിളിച്ചുവരുത്തി പുലാപ്പറ്റ എന്ന സ്ഥലത്ത്‌ ഒരു കളരി ആരംഭിക്കുന്നതിന്ന്‌ ആവശ്യപ്പെട്ടു. അങ്ങനെ പുലാപ്പറ്റയില്‍ അദ്ദേഹം ആരംഭിച്ച കളരി ഒരു പ്രധാന കഥകളി അഭ്യസന കേന്ദ്രമായി മാറി. കോട്ടയം കളരിയില്‍ വെച്ച്‌ തമ്പുരാന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആവിഷ്‌ക്കരിച്ച പരിഷ്‌കൃത രൂപത്തിലുള്ള ചിട്ടകളും, ചൊല്ലിയാട്ട സമ്പ്രദായങ്ങളും ചടങ്ങുകളും, വേഷഭൂഷാദികളിലൂള്ള മാറ്റവും ചാത്തുപ്പണിക്കര്‍ തന്റെ പുതിയ ശിഷ്യരുടെ അഭ്യസനത്തില്‍ നിഷ്‌ക്കര്‍ഷയോടെ നടപ്പാക്കി. ചാത്തുപ്പണിക്കരുടെ പുതിയ കളരിയെക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ കേരളത്തിന്റെ പല ഭാഗത്തുനിന്നും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ കീഴില്‍ പരിശീലനത്തിന്നായി എത്തിച്ചേര്‍ന്നു. കോട്ടയം കളരിയില്‍ തമ്പുരാന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടതും, ചാത്തുപ്പണിക്കര്‍ തന്റെ കളരിയില്‍ കൂടി പ്രചരിപ്പിച്ചതുമായ പുതിയ സമ്പ്രദായമാണ്‌ പിന്നീട്‌ കല്ലടിക്കോടന്‍ ചിട്ട എന്ന പേരില്‍ പ്രസിദ്ധമായത്‌.
കുറുമ്പ്രനാട്‌, കടത്തനാട്‌ തുടങ്ങിയ ഉത്തരകേരളത്തിലെ പല കോവിലകങ്ങളുടേയും നേതൃത്വത്തില്‍ നാടുവാഴികളുടേയും മറ്റും ഒത്താശയോടുകൂടി കല്ലടിക്കോട്‌ കളരിയില്‍ അഭ്യസനം നടത്തിയവരാണ്‌ ഉത്തരകേരളത്തിലെ പില്‍ക്കാല കഥകളി യോഗങ്ങള്‍ക്കും, കളരികള്‍ക്കും അസ്‌തിവാരമിട്ടത്‌.
ഏതാനും വര്‍ഷങ്ങള്‍ രാജകീയ പ്രൗഢിയോടെ നിലനിന്ന കോട്ടയം കഥകളിയോഗം പഴശ്ശി രാജാവെന്ന്‌ ചരിത്രത്തില്‍ പുകള്‍പെറ്റ കേരളവര്‍മ്മ രാജാവ്‌ അധികാരമേല്‍ക്കുന്നതിന്‌ മുമ്പ്‌ തന്നെ ക്ഷയോന്മുഖമായിരുന്നു. പഴശ്ശിരാജാവിന്ന്‌ കഥകളിയില്‍ താല്‌പര്യമായിരുന്നെങ്കില്‍ കൂടി സ്വസ്ഥതയോടുകൂടി കൊട്ടാരത്തില്‍ വാഴുന്നതിന്‌ സാഹചര്യമില്ലാത്തതുകൊണ്ട്‌ കഥകളി യോഗങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാതെ പോയി. 18ാം നൂറ്റാണ്ടിന്റെ ആരംഭമാകുമ്പോഴേക്കും കോട്ടയം കഥകളി യോഗത്തിന്റെ ക്ഷീണം സംഭവിച്ചിരിക്കണം.
പിന്നീട്‌ ഉത്തര കേരളത്തിലെ കഥകളി രംഗത്ത്‌ ഏറ്റവും കാലം ജ്വലിച്ച്‌ നിന്നത്‌ 18ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ആരംഭിച്ച കടത്തനാട്‌ കഥകളി യോഗമാണ്‌. ഏകദേശം 100 വര്‍ഷക്കാലം കടത്തനാട്‌ കഥകളിയോഗം അതിപ്രശസ്‌തരായ അനേകം കലാകാരന്മാരുടേയും, കഥകളി ആസ്വാദകരുടേയും ശക്തിസ്രോതസ്സും, അഭയ കേന്ദ്രവുമായി നിലകൊണ്ടു. ആട്ടവിളക്കിന്റെ പിന്നില്‍ അത്ഭുത പ്രപഞ്ചം സൃഷ്‌ടിച്ച അനേകം കലാകാരന്മാരുടെ നീണ്ട നിര തന്നെ പല കാലത്തായി കടത്തനാട്‌ കഥകളി യോഗത്തിലൂടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കുഞ്ഞാടി രാഘവന്‍ നായര്‍, കുഞ്ചു കര്‍ത്താവ്‌, കുഞ്ഞിക്കുട്ടി നായര്‍, കുങ്കന്‍ നായര്‍, പുറ്റാടന്‍ അനന്തന്‍ നായര്‍, നെച്ചോളി രാമന്‍ നായര്‍, കണ്ടോത്ത്‌ കൃഷ്‌ണന്‍ നായര്‍, പൊയിലില്‍ ചാത്തുനായര്‍, കുഴിക്കാണക്കണ്ടി രാമന്‍ നായര്‍, വള്ളിമ്മല്‍ അനന്തന്‍ നായര്‍, കുരിയാടി അനന്തന്‍ നായര്‍, തെക്കന്‍ രാമന്‍ നായര്‍, കടത്തനാട്‌ രാമുണ്ണി നായര്‍, മടാശ്ശേരി ശങ്കരന്‍ നായര്‍, ചക്കിയത്ത്‌ രാമനടിയോടി, കൊച്ചു ഗോവിന്ദനാശാന്‍, കണ്ടോത്ത്‌ ശങ്കരന്‍ നായര്‍, മഞ്ഞിനോളി രാമന്‍ നമ്പ്യാര്‍ തുടങ്ങിയ പ്രസിദ്ധ വേഷക്കാരും, താമരക്കുളം നാരായണന്‍ നമ്പൂതിരി, കമ്മാരന്‍ നായര്‍, ഗോവിന്ദന്‍ നമ്പീശന്‍, മാണി എമ്പ്രാന്തിരി, ഇടമന നമ്പൂതിരി, കുണ്ടൂങ്കര ശങ്കരന്‍ നമ്പൂതിരി, അപ്പുക്കുട്ടന്‍ ഭാഗവതര്‍, ഗോപാലകൃഷ്‌ണ ഭാഗവതര്‍, മൂത്തേടത്ത്‌ വാസുദേവന്‍ നമ്പൂതിരി തുടങ്ങിയ പാട്ടുകാരും, കാക്കൂര്‌ കുഞ്ഞന്‍ മാരാര്‍, കച്ചേരി അനന്തന്‍ മാരാര്‍, കച്ചേരി ശങ്കരമാരാര്‍, പൊയിലില്‍ കണ്ണമാരാരന്‍ തുടങ്ങിയ ചെണ്ടക്കാരും, നാരായണന്‍ നമ്പീശന്‍, കാവില്‍ അമ്പലവാസി, എടക്കാട്‌ കേശവ മേനോന്‍, പാലക്കാട്‌ കേശവന്‍ നായര്‍ തുടങ്ങിയ മദ്ദളക്കാരും, അപ്പുക്കുട്ടി ആശാന്‍, ഗോവിന്ദന്‍ നായര്‍ തുടങ്ങിയ ചുട്ടിക്കാരും കടത്തനാട്‌ കഥകളി യോഗത്തിന്റെ വെന്നിക്കൊടി നാട്ടിലുടനീളം പാറിച്ച പ്രഗല്‌ഭ കലാകാരന്മാരാണ്‌.
കഥകളിയുടെ പരിഷ്‌ക്കരണത്തിന്ന്‌ കോട്ടയം തമ്പുരാനോളമില്ലെങ്കിലും കടത്തനാട്‌ രാജാക്കന്മാരും തങ്ങളുടേതായ പങ്കു നിര്‍വഹിച്ചിട്ടുണ്ട്‌. ഹനുമാന്റെ വട്ടമുടി ആദ്യമായി രംഗത്തവതരിപ്പിച്ചത്‌ കടത്തനാട്‌ കളിയോഗത്തിലാണെന്ന്‌ പറയപ്പെടുന്നു. ഒരിക്കല്‍ കടത്തനാട്‌ കോവിലകത്തെത്തിയ ഒരു ഫ്രഞ്ച്‌ സായ്‌പ്‌ രാജാവിന്ന്‌ സമ്മാനമായി ഒരു തൊപ്പി (വമ)േ സമ്മാനിച്ചുവത്രെ. ഇതിന്റെ മാതൃകയില്‍ ഒരു വട്ടമുടി ഹനുമാന്ന്‌ നിര്‍മ്മിക്കുവാന്‍ രാജാവ്‌ കോപ്പു പണിക്കാരോട്‌ പറഞ്ഞു. കാരണം, വെള്ളക്കാരെല്ലാം വാനരവംശത്തില്‍പ്പെട്ടവരാണെന്നായിരുന്നല്ലോ അന്നത്തെ വിശ്വാസം.
ഉത്തര കേരളത്തില്‍ ആദ്യകാലത്ത്‌ ആരംഭിച്ച മറ്റൊരു കഥകളി യോഗമാണ്‌ നീലേശ്വരം കഥകളി യോഗം. നീലേശ്വരം കോവിലകത്തെ 1900ത്തില്‍ തീപ്പെട്ട രാമവര്‍മ്മ തമ്പുരാനാണ്‌ ഈ കഥകളിയോഗം സംഘടിപ്പിച്ചത്‌. 1885 മുതല്‍ 1895 വരെ പത്ത്‌ വര്‍ഷക്കാലം സകല ഐശ്വര്യങ്ങളോടും കൂടി ഈ കളിയോഗം നിലനിന്നു. അരീക്കത്ത്‌ കിട്ടുണ്ണിമേനോന്‍, ഗോപാലകൃഷ്‌ണപ്പണിക്കര്‍, പാലായില്‍ കുഞ്ഞികൃഷ്‌ണ മേനോന്‍, ചമ്രക്കുളം ശങ്കുണ്ണി നായര്‍ തുടങ്ങിയ വേഷക്കാരും, ഇടമന നമ്പൂതിരി, മാവിലായി ഗണപതി ഭാഗവതര്‍, നീലേശ്വരം ഗോവിന്ദന്‍ നായര്‍ തുടങ്ങിയ പാട്ടുകാരും, ഇടക്കാട്‌ ഗോവിന്ദ മാരാര്‍, കിഴക്കും വീട്ടില്‍ രാമവാര്യര്‍ തുടങ്ങിയ മദ്ദളക്കാരും, കിഴക്കും വീട്ടില്‍ ദേര്‍മ്മന്‍ മാരാര്‍ എന്ന ചെണ്ടക്കാരനും ഈ കഥകളിയോഗത്തിലെ അവിസ്‌മരണീയ കലാകാരന്മാരായിരുന്നു.
1873 മുതല്‍ 1875 വരെ തലശ്ശേരിയിലെ കുഞ്ഞി ബാപ്പു ഗുരിക്കള്‍ പാലക്കാട്‌ നിന്നും ഏതാനും കലാകാരന്മാരെ വരുത്തി ഒരു കഥകളിയോഗം സംഘടിപ്പിച്ചു. ഇതിനുശേഷം തലശ്ശേരി ട്രെയിനിങ്ങ്‌ സ്‌ക്കൂള്‍ ഹെഡ്‌മാസ്റ്ററായിരുന്ന കുന്നത്തിടത്തില്‍ കുഞ്ഞിക്കുട്ടിയും, മയ്യഴിക്കാരനായ ചാനോലിയന്‍ കണ്ണനും ഇങ്ങനെ പാലക്കാട്‌ നിന്നും കലാകാരന്മാരെ വരുത്തി ഏതാനും വര്‍ഷങ്ങള്‍ കഥകളിയോഗം നടത്തിയവരാണ്‌.
1875 കാലഘട്ടത്തില്‍ തലശ്ശേരി മറ്റൊരു കഥകളിയോഗത്തിന്‌ ജന്മം നല്‌കിയ പ്രമുഖ വ്യക്തിയാണ്‌ ചമ്രക്കുളത്ത്‌ എടക്കാട്‌ വീട്ടിലെ ഗോപാലപ്പണിക്കര്‍. ഇദ്ദേഹം കുഞ്ഞിബാപ്പു ഗുരിക്കളുടെ നേതൃത്വത്തിലുള്ള കഥകളിയോഗത്തില്‍ ആദ്യാവസാന വേഷക്കാരനായും, ആശാനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കല്ലടിക്കോടന്‍ സമ്പ്രദായത്തിലുള്ള കഥകളി തലശ്ശേരി ഭാഗങ്ങളില്‍ പ്രചാരം നേടിയത്‌ ഗോപാലപ്പണിക്കരിലൂടെയാണ്‌. ഗോപാലപ്പണിക്കര്‍ സ്ഥാപിച്ച കളരി അല്‌പായുസ്സായിപ്പോയി.
1895ല്‍ തലശ്ശേരിയിലെ കുഞ്ഞമ്പു ഗുരിക്കളുടെ നേതൃത്വത്തില്‍ എരഞ്ഞോളി എന്ന സ്ഥലത്ത്‌ മറ്റൊരു കഥകളി യോഗം സ്ഥാപിക്കപ്പെട്ടു. പില്‍ക്കാലത്ത്‌ വടക്കന്‍ പ്രദേശങ്ങളിലെ കഥകളി അരങ്ങുകളില്‍ ഒരൊന്നാംതരം വേഷക്കാരനായി തിളങ്ങിയ ഒണക്കന്‍ മേനോന്‍ കുഞ്ഞമ്പു ഗുരിക്കളുടെ നേതൃത്വത്തിലുള്ള ഈ കളരിയില്‍ നിന്നാണ്‌ ആദ്യമായി കഥകളി അഭ്യസനം തുടങ്ങിയത്‌. ഒരൊന്നാം തരം വേഷക്കാരനായി വളര്‍ന്ന ഒണക്കന്‍ മേനോന്‍ ചിറക്കല്‍ അംശത്തിലെ അഞ്ചരക്കണ്ടിയില്‍ ഒരു കഥകളി യോഗത്തിന്‌ ജന്മം നല്‌കിയെങ്കിലും ഏതാനും അരങ്ങുകള്‍ മാത്രം നടത്തി രംഗത്ത്‌ നിന്നും നിഷ്‌ക്രമിക്കേണ്ടി വന്നു. സുസജ്ജമായ ഒരു കഥകളി യോഗത്തെ അധികകാലം മുന്നോട്ടു കൊണ്ടു പോകുന്നതിന്നുള്ള സമ്പത്ത്‌ ഒരുക്കാന്‍ കഴിയാത്തതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്‌.
ഉത്തര കേരളത്തിലെ കഥകളി ചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്രകള്‍ പതിപ്പിച്ച മറ്റൊരു കഥകളി യോഗമാണ്‌ 1894ല്‍ ഈച്ചരമേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ച തൃക്കരിപ്പൂരിലെ താഴക്കാട്ട്‌ മന കഥകളിയോഗം. കല്ലടിക്കോടന്‍ സമ്പ്രദായത്തിലുള്ള കഥകളി വടക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പ്രചാരം നേടിയത്‌ ഈ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഈച്ചരമേനോന്‍ ശിക്ഷണം തുടങ്ങിയപ്പോഴാണ്‌. താഴക്കാട്ട്‌ മന വലിയ നമ്പൂതിരിയാണ്‌ ആദ്യമായി മനയില്‍ ഒരു കളിയോഗം തുടങ്ങാന്‍ വേണ്ട പശ്ചാത്തലമൊരുക്കാന്‍ മുന്‍കൈയ്യെടുത്തത്‌. തുടക്കത്തില്‍ ഗോപാലപ്പണിക്കനായിരുന്നു ശിക്ഷകനെങ്കിലും നാലു മാസത്തിനു ശേഷം അച്ഛന്‍ നമ്പൂതിരിയുടെ നിര്‍ബ്ബന്ധപ്രകാരം ഈച്ചരമേനോന്‍ മനയിലെത്തി ശിക്ഷണച്ചുമതല ഏല്‍ക്കുകയായിരുന്നു. വടക്കെ മലബാറിലെ അരങ്ങുകളില്‍ ദീര്‍ഘകാലം നിറഞ്ഞാടിയ അതിപ്രഗല്‌ഭരായ അമ്പുപ്പണിക്കര്‍, ചിണ്ടപ്പണിക്കര്‍, ചന്തുപ്പണിക്കര്‍, കാവില്‍ രാമന്‍ തുടങ്ങിയവര്‍ ആദ്യമായി കച്ചകെട്ടിയഭ്യാസം തുടങ്ങിയത്‌ താഴക്കാട്ട്‌ കളരിയില്‍ വെച്ചാണ്‌. കേരളത്തിലെ പ്രശസ്‌തരായ ഒട്ടുമിക്ക കഥകളി കലാകാരന്മാരും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ താഴക്കാട്ട്‌ മന കഥകളിയോഗവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഏകദേശം 13 വര്‍ഷക്കാലം കഥകളി ആസ്വാദകരുടേയും, ആരാധകരുടേയും മനസ്സുകളില്‍ മറക്കാത്ത ഓര്‍മ്മകള്‍ നല്‍കിക്കൊണ്ട്‌ പരശ്ശതം അരങ്ങുകള്‍ ഈ കളിയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നിട്ടുണ്ട്‌. ആദ്യഘട്ടത്തില്‍ കരുണാകര മേനോന്‍, കുട്ടികൃഷ്‌ണന്‍ നായര്‍, കേശവ നമ്പീശന്‍, താടിക്കുട്ടി രാമപ്പണിക്കര്‍, കുളങ്ങര കുഞ്ഞികൃഷ്‌ണന്‍, വണ്ടൂര്‌ കൃഷ്‌ണന്‍ നായര്‍, പൂമുള്ളി ശങ്കരന്‍ നായര്‍ തുടങ്ങിയവരും പില്‍ക്കാലത്ത്‌ അമ്പുപ്പണിക്കര്‍, ചിണ്ടപ്പണിക്കര്‍, ചാത്തുപ്പണിക്കര്‍ തുടങ്ങിയവരും ഈ കളിയോഗത്തിലെ ആദ്യാവസാന വേഷക്കാരായിരുന്നു. കൂടാതെ പിന്നണിയില്‍ ഒന്നാംതരത്തില്‍ പെട്ട ഇടമന നമ്പൂതിരി, പെരളശ്ശേരി സഹോദരന്മാര്‍, വാവള്ളി നാരായണന്‍ നായര്‍, കണ്ണക്കുറുപ്പ്‌ കേശവന്‍ നായര്‍, വാസു നമ്പീശന്‍ തുടങ്ങിയ പാട്ടുകാരും, തെമ്മടത്തില്‍ കുഞ്ഞിരാമന്‍ നായര്‍ എന്ന ചെണ്ട വിദഗ്‌ധനും, മനയത്ത്‌ രാമന്‍ നായര്‍, അച്ചുതന്‍ നായര്‍ എന്നീ മദ്ദളക്കാരും, ശങ്കരന്‍ നമ്പൂതിരി എന്ന ചുട്ടിക്കാരനും ഉണ്ടായിരുന്നു.
ഇതിന്നിടയ്‌ക്ക്‌ തളിപ്പറമ്പില്‍ 1885 മുതല്‍ 87 വരെ ഇളമന ഭാഗവതരുടെ നേതൃത്വത്തില്‍ ഒരു കഥകളിയോഗം രൂപം കൊണ്ടെങ്കിലും ഏതാനും അരങ്ങുകള്‍ മാത്രം നടത്തി അപ്രത്യക്ഷമായി.
ഏകദേശം 13 വര്‍ഷക്കാലം കഴിയുമ്പോഴേക്ക്‌ താഴക്കാട്ട്‌ മന കഥകളിയോഗത്തിന്റെ ധനാശ്ശി പാടിക്കഴിഞ്ഞു. കഥകളിയോഗം നടത്തിക്കൊണ്ടു പോകാനുള്ള കാര്യശേഷിയുള്ളവര്‍ മനയിലില്ലാതെ വന്നതാണ്‌ കാരണം. ഭാഗ്യവശാല്‍ മറ്റൊരു കഥകളി യോഗത്തിന്റെ കേളിക്കൊട്ട്‌ അധികം ദൂരെയല്ലാതെ ഉയരുന്നതിന്നുള്ള ഭാഗ്യം ഒത്തുവന്നു. കോടോത്ത്‌ തറവാട്ടിലെ കമ്മാരന്‍ നായര്‍ താഴക്കാട്ട്‌ മന കളിയോഗത്തിലെ കലാകാരന്മാരെ മൊത്തമായി ഏറ്റെടുത്ത്‌ കോടോത്ത്‌ തന്നെ ഒരു കഥകളിയോഗം ആരംഭിച്ചു. പൂര്‍ണ്ണസജ്ജമായ ഈ കളിയോഗം ആരംഭിക്കുന്നതിന്‌ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കമ്മാരന്‍ നായര്‍ മറ്റു കഥകളിയോഗങ്ങളിലെ കലാകാരന്മാരെ ക്ഷണിച്ചു വരുത്തി തറവാട്ടില്‍ കളിയരങ്ങുകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. കോടോത്ത്‌ സ്വന്തമായി കഥകളിയോഗം ആരംഭിച്ചപ്പോള്‍ താഴക്കാട്ട്‌ മന കളിയോഗത്തിലെ പ്രഗല്‌ഭരായ കരുണാകര മേനോനും, അമ്പുപ്പണിക്കരും, ചിണ്ടപ്പണിക്കരും, ചന്തുപ്പണിക്കരും അതിലെ പ്രധാന അംഗങ്ങളായി.
കോടോത്ത്‌ കഥകളി യോഗത്തിന്റെ ഏറ്റവും വലിയ നേട്ടം അത്‌ ശിക്ഷണം നല്‌കി വളര്‍ത്തിയെടുത്ത പ്രശസ്‌തരായ ഒരുകൂട്ടം കഥകളി കലാകാരന്മാരുടെ പില്‍ക്കാല പ്രകടനങ്ങളാണ്‌. ഉത്തര കേരളത്തിലേയും, മദ്ധ്യകേരളത്തിലേയും അനേകം അരങ്ങുകളില്‍ കഥകളി ഭ്രാന്തന്മാരുടെ പ്രശംസയ്‌ക്ക്‌ പാത്രീഭൂതരായ കലിങ്ങോന്‍ അമ്പുനായര്‍, അടുക്കാടന്‍ കൃഷ്‌ണന്‍ നായര്‍, ഗോവിന്ദപ്പണിക്കര്‍, അരിങ്കൂറന്‍ കൃഷ്‌ണന്‍, ശിവപാലന്‍ തുടങ്ങിയവര്‍ കരുണാകര മേനോന്റെയും, ചന്തുപ്പണിക്കരുടേയും, അമ്പുപ്പണിക്കരുടേയും ശിക്ഷണത്തില്‍ കോടോത്ത്‌ കളരിയില്‍ നിന്നു തെളിഞ്ഞു വന്നവരാണ്‌. 1927ഓടുകൂടി ഏകദേശം 22 വര്‍ഷക്കാലം നിന്ന ഈ കഥകളിയോഗം മിക്കവാറും അസ്‌തമിച്ചു. പിന്നീടുള്ള കുറെ വര്‍ഷങ്ങള്‍ പലപ്പോഴായി കളിയരങ്ങുകള്‍ മാത്രം സംഘടിപ്പിച്ച്‌ ചില കാരണവന്മാര്‍ തറവാടിന്റെ കഥകളി പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിച്ചു എന്നു മാത്രം.
ഏകദേശം ഇതേ കാലഘട്ടത്തിലാണ്‌ വടക്കെ മലബാറില്‍ മറ്റൊരു കഥകളിയോഗം പിറന്നു വീഴുന്നത്‌. കുറുമ്പ്രനാട്‌ താലൂക്കില്‍ മേപ്പയ്യൂരംശത്തിലുള്ള കീഴ്‌പ്പയ്യൂരിലെ ഒരു നാടുവാഴി കുടുംബമായിരുന്ന കൂത്താളിനായര്‍ വീട്ടില്‍ ഒരു കഥകളിയോഗം ആരംഭിക്കണമെന്ന്‌ സ്ഥാനിയായ കൃഷ്‌ണന്‍ നായര്‍ക്ക്‌ അതിയായ മോഹമുദിച്ചു. അദ്ദേഹം ഇതിന്നായി കുട്ടികൃഷ്‌ണന്‍ നായര്‍, തോലന്നൂര്‌ കിട്ടുണ്ണി മേനോന്‍, കിഴുത്താണി ഗോവിന്ദപ്പണിക്കര്‍ എന്നിവരെ തറവാട്ടില്‍ വരുത്തി. കഥകളിയോഗം ഏറെ വൈകാതെ ആരംഭിച്ചു. കൃഷ്‌ണന്‍നായരുടെ സംരക്ഷണത്തില്‍ 1916 വരെ ഈ കളിയോഗം നടന്നു. കൃഷ്‌ണന്‍ നായരുടെ മരണശേഷം ഒരു വര്‍ഷത്തോളം നിര്‍ജ്ജീവമായ ഈ കഥകളി യോഗത്തെ വീണ്ടും അദ്ദേഹത്തിന്റെ മക്കളിലൊരാളായ സി.സി.അപ്പുക്കുട്ടി നമ്പ്യാര്‍ പുനഃസംഘടിപ്പിച്ചു. രാധാകൃഷ്‌ണ കഥകളി വിദ്യാലയം എന്ന പേരില്‍ ഗുരു കരുണാകര മേനോന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ട ഈ കഥകളി യോഗത്തില്‍ കുട്ടികൃഷ്‌ണന്‍ നായര്‍, കുഞ്ചുക്കുറുപ്പ്‌, താടിക്കുഞ്ചുണ്ണിപ്പണിക്കര്‍, താമരക്കുളം അച്ഛന്‍ നമ്പൂതിരി, കമ്മാരന്‍ നായര്‍, കുഞ്ഞുണ്ണിനായര്‍, ഗോവിന്ദന്‍ നായര്‍, അപ്പുക്കുട്ടി നായര്‍ തുടങ്ങിയവരുണ്ടായിരുന്നു. വടക്കെ മലബാറില്‍ അധഃപതിച്ചു കിടന്നിരുന്ന കഥകളിയെ തന്റെ അഭ്യാസവൈഭവം കൊണ്ട്‌ ഉദ്ധരിച്ച പ്രസിദ്ധ കഥകളി ആശാന്‍ ഈച്ചരമേനോന്റെ മകനായ കരുണാകര മേനോന്‍ ഒമ്പതാം വയസ്സ്‌ മുതല്‍ കഥകളിയഭ്യാസം ആരംഭിച്ച ഒരു മഹാപ്രതിഭയായിരുന്നു. കഥകളിയുടെ സമസ്‌ത മേഖലകളിലും ഒരുപോലെ പ്രാവീണ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി കഥകളി രംഗത്ത്‌ ചില പരീക്ഷണങ്ങള്‍ നടത്താന്‍ ശ്രീ അപ്പുക്കുട്ടി നമ്പ്യാര്‍ തയ്യാറായി. പ്രസിദ്ധ കവി കുട്ടമത്ത്‌ കുന്നിയൂര്‌ കുഞ്ഞികൃഷ്‌ണക്കുറുപ്പിന്റെ ബാലഗോപാലന്‍ നാടകം ആട്ടക്കഥയാക്കി നൃത്തനാടകങ്ങളിലെപ്പോലെ രംഗങ്ങള്‍ക്കനുസൃതമായ സ്റ്റേജ്‌ സെറ്റിങ്ങ്‌സ്‌ഓടുകൂടി അവതരിപ്പിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടു. ഇതിന്നായി കുട്ടമത്തിനെ തന്റെ വീടായ ചെറുവട്ടാട്ട്‌ വരുത്തി താമസിപ്പിച്ച്‌ ആട്ടക്കഥയാക്കി മാറ്റിയെഴുതുന്നതിന്നുള്ള ഏര്‍പ്പാടുകള്‍ ചെയ്‌തു. അങ്ങനെ കുട്ടമത്ത്‌ വീട്ടില്‍ താമസിക്കുന്നതിനിടയ്‌ക്കാണ്‌ വള്ളത്തോള്‍ നാരായണ മേനോനും, മുകുന്ദ രാജാവും കൂടി കലാമണ്‌ഡലത്തിന്റെ ധനശേഖരണാര്‍ത്ഥം അവിടെയെത്തുന്നത്‌. പുതിയ ആട്ടക്കഥയില്‍ ബാലഗോപാലനായി അഭിനയിക്കുന്നതിന്‌ നൃത്തമറിയാവുന്ന ഒരു കുട്ടിയെ ചെറുവട്ടാട്ടേക്ക്‌ അയയ്‌ക്കാമൊ എന്ന്‌ കരുണാകര മേനോന്‍ വള്ളത്തോളിനോട്‌ ആരാഞ്ഞു. അദ്ദേഹം തിരിച്ചു പോയി ഏകദേശം 10 വയസ്സുള്ള മാധവന്‍ എന്ന കുട്ടിയെ ചെറുവട്ടാട്ടേക്കയച്ചു. ഇദ്ദേഹമാണ്‌ പില്‍ക്കാലത്ത്‌ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരേയും മറ്റും നൃത്തമഭ്യസിപ്പിച്ച കലാമണ്‌ഡലം മാധവന്‍ നായര്‍ എന്ന പ്രസിദ്ധ നര്‍ത്തകന്‍.
`ബാലഗോപാലന്‍’ ആട്ടക്കഥയിലെ പുതിയ പരീക്ഷണമാണ്‌ ഇന്ന്‌ നവതിയിലെത്തി നില്‍ക്കുന്ന പ്രസിദ്ധ കഥകളി നടനും, നൃത്താചാര്യരുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ കഥകളി രംഗത്തെത്തിച്ചത്‌. `ബാലഗോപാലന്റെ’ അവതരണത്തിന്നായി അപ്പുക്കുട്ടി നമ്പ്യാരുടെ നിര്‍ദ്ദേശപ്രകാരം ഗോവിന്ദമേനോന്‍ എന്ന ഒരു ആര്‍ട്ടിസ്റ്റ്‌ പാലക്കാട്ടു നിന്നും മേപ്പയ്യൂരില്‍ വന്ന്‌ താമസിക്കുന്നുണ്ടായിരുന്നു. ആയിടയ്‌ക്കാണ്‌ ചെങ്ങോട്ടുകാവിലെ വാരിയംവീട്ടില്‍ കുഞ്ഞിരാമന്‍ കിടാവ്‌ ഒരു നാടകസംഘം തുടങ്ങിയത്‌. മേനോന്‍ ഈ സംഘത്തിന്നു വേണ്ടി സീന്‍ കര്‍ട്ടനുകള്‍ വരയ്‌ക്കാനും, സ്റ്റേജ്‌ സെറ്റിംഗുകള്‍ ഉണ്ടാക്കാനും എത്തിച്ചേര്‍ന്നു. അവര്‍ അവതരിപ്പിച്ച `വള്ളിത്തിരുമണം’ എന്ന നാടകത്തില്‍ അഭിനയിച്ച 15 വയസ്സുകാരനായ കുഞ്ഞിരാമനെ ഗോവിന്ദമേനോന്‌ വളരെ ഇഷ്‌ടമായി. കരുണാകര മേനോന്റെ ആഭിമുഖ്യത്തില്‍ കുനിക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തുടങ്ങാനിരിക്കുന്ന കളരിയിലേക്ക്‌ അനുയോജ്യരായ കുട്ടികളെ കിട്ടുമൊ എന്ന്‌ നോക്കാന്‍ നമ്പ്യാര്‍ ഗോവിന്ദമേനോനെ ഏല്‌പിച്ചിരുന്നു. അങ്ങനെ ഗോവിന്ദമേനോന്റെ ഒത്താശയോടു കൂടി കുഞ്ഞിരാമന്‍ നായര്‍ ആരുമറിയാതെ വീട്ടില്‍ നിന്നും കഥകളി പഠനത്തിന്നായി കരുണാകര മേനോന്റെ കളരിയിലെത്തി.
അപ്പുക്കുട്ടി നമ്പ്യാരുടെ നിര്‍ദ്ദേശപ്രകാരം 8 കുട്ടികളെയാണ്‌ കുനിക്ഷേത്രത്തില്‍ വെച്ച്‌ അഭ്യസനം ആരംഭിച്ചത്‌. അതില്‍ കുഞ്ഞികൃഷ്‌ണ മാരാര്‍, അപ്പുനായര്‍, കുഞ്ഞിരാമന്‍ നമ്പീശന്‍, വാസു നമ്പൂതിരി, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ പില്‍ക്കാലത്ത്‌ പല വേദികളിലും വേഷം കെട്ടിയെങ്കിലും കുഞ്ഞിരാമന്‍ നായര്‍ മാത്രമാണ്‌ വേഷക്കാരനെന്ന നിലയില്‍ പ്രസിദ്ധി നേടിയത്‌. കരുണാകര മേനോന്‍ പുത്രനിര്‍വിശേഷം സ്‌നേഹിച്ചിരുന്ന കുഞ്ഞിരാമന്‍ നായരുടെ കൃഷ്‌ണവേഷം അക്കാലത്തെ കഥകളി പ്രേമികളുടെ ഹരമായിരുന്നു. ഏകദേശം 100ലധികം അരങ്ങുകളില്‍ കരുണാകര മേനോന്റെ കുചേലനും, കുഞ്ഞിരാമന്‍ നായരുടെ ശ്രീകൃഷ്‌ണനുമായി കുചേലവൃത്തം ആട്ടക്കഥ അരങ്ങേറിയതായി പറയപ്പെടുന്നു. ഏകദേശം 1917 മുതല്‍ 1937 വരെ 20 വര്‍ഷക്കാലത്തിനിടയ്‌ക്ക്‌ അപ്പുക്കുട്ടി നമ്പ്യാരുടെ നേതൃത്വത്തിലുള്ള കഥകളിയോഗം മറ്റു പല കഥകളിയോഗങ്ങളുമായി ബന്ധപ്പെട്ട്‌ കളിവട്ടങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇതില്‍ 2 വര്‍ഷക്കാലം കോഴിക്കോടിനടുത്തുള്ള എരഞ്ഞിക്കലുള്ള കാരംവള്ളിക്കുറുപ്പിന്റെ കളിവട്ടവുമായി ബന്ധപ്പെട്ടാണ്‌. പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ സഹോദരീ ഭര്‍ത്താവായ രാമുണ്ണിക്കുറുപ്പ്‌ ഒരു ശരിയായ കഥകളി ഭ്രാന്തന്‍ തന്നെയായിരുന്നു. അദ്ദേഹം സ്വന്തമായി 4 ആട്ടക്കഥകള്‍ രചിച്ചിട്ടുണ്ട്‌. ശ്രീകൃഷ്‌ണ ലീല, മാര്‍ത്താണ്‌ഡ ചരിതം, സീമന്തിനീ പരിണയം, ഘോഷയാത്ര എന്നിവയാണ്‌ അവ. ഈ ആട്ടക്കഥകള്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നതിന്നാണ്‌ രാമുണ്ണിക്കുറുപ്പ്‌ അപ്പുക്കുട്ടി നമ്പ്യാരുടെ കഥകളിയോഗത്തെ ദത്തെടുത്തത്‌. 2 വര്‍ഷക്കാലം കുറുപ്പിന്റെ കളരിയില്‍ ചൊല്ലിയാട്ടവും, അഭ്യസനവും, ആട്ടക്കഥകളുടെ അവതരണവും മുറയ്‌ക്ക്‌ നടന്നു. 1930ല്‍ അപ്പുക്കുട്ടി നമ്പ്യാരുടെ നേതൃത്വത്തിലുള്ള കഥകളിയോഗത്തെ സംരക്ഷിക്കുന്നതിന്നുള്ള ചുമതല എടക്കാട്ട്‌ മുല്ലപ്പള്ളി മനക്കലെ അപ്പന്‍ നമ്പൂതിരി ഏറ്റെടുത്തു. അങ്ങനെ കളിയോഗത്തിലെ എല്ലാ അംഗങ്ങളും കരുണാകര മേനോന്റെ നേതൃത്വത്തില്‍ മുല്ലപ്പള്ളി മനയ്‌ക്കലേക്ക്‌ താമസം മാറ്റി. മുല്ലപ്പള്ളി കളിവട്ടത്തിന്റെ ആഭിമുഖ്യത്തില്‍ പല സ്ഥലങ്ങളിലായി അരങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ ഒരു മാസത്തെ കളി പറശ്ശിനിക്കടവ്‌ മടയന്‍ കുഞ്ഞിരാമന്‍ മേനേജര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഒത്താശയോടുകൂടി എടക്കാടിന്നടുത്തുള്ള വട്ടളത്തില്ലത്ത്‌ നടന്ന കഥകളിയരങ്ങാണ്‌ കരുണാകര മേനോന്‍ എന്ന മഹാനടന്റെ അന്ത്യ അരങ്ങായി മാറിയത്‌. പതിവു പോലെ ആദ്യത്തെ കഥകളി കുചേലവൃത്തമായിരുന്നു. ആശാന്റെ കുചേലനും കുഞ്ഞിരാമന്‍ നായരുടെ കൃഷ്‌ണനും. കുചേലന്‍ ദ്വാരകയിലേക്കുള്ള യാത്രാമദ്ധ്യേ ജനക്കൂട്ടത്തിന്റെ വളരെ പിന്നില്‍ കൂടി മെല്ലെ നടന്നു വരികയാണ്‌. ദ്വാരകയിലിരിക്കുന്ന കൃഷ്‌ണന്‍ ദൂരെ നിന്നുള്ള കുചേലനെ കണ്ട മാത്രയില്‍ അത്യാഹ്‌ളാദത്തോടു കൂടി ജനമദ്ധ്യത്തില്‍ കൂടി കുചേലനെ എതിരേല്‍ക്കുവാനായി ഓടിയടുക്കുകയാണ്‌. തന്റെ നേര്‍ക്ക്‌ തുള്ളിച്ചാടി വരുന്ന ശിഷ്യനെ ആനന്ദാശ്രുക്കളോടെ നോക്കിക്കാണുന്ന ഗുരുനാഥന്‍. ഒരു മോഹാവേശത്തിലെന്നോണം കൃഷ്‌ണന്റെ മുമ്പില്‍ കൈകൂപ്പിക്കുമ്പിട്ട്‌ നിന്ന കുചേലനെ ദ്വാരകയിലേക്ക്‌ ആനയിക്കുന്നതിന്ന്‌ സാധാരണയില്‍ കവിഞ്ഞ്‌ അല്‌പം കൈബലം കൂടുതല്‍ പ്രയോഗിക്കേണ്ടി വന്നോ എന്ന്‌ കൃഷ്‌ണന്‌ സംശയം. കൃഷ്‌ണന്റെ പദം കഴിഞ്ഞ്‌ കുചേലന്റെ പദം തുടങ്ങിയിട്ടും നിര്‍വ്വികാരനായി, നിശ്ചലമായി ഇരിക്കുന്നൂ കുചേലന്‍. ആപത്ത്‌ മനസ്സിലാക്കിയ പിന്നണിക്കാര്‍ ഉടനെ തിരശ്ശീല പിടിച്ച്‌ ആശാനെ അണിയറയിലേക്ക്‌ മാറ്റി. അബോധാവസ്ഥയില്‍ തന്നെ തുടര്‍ന്ന കരുണാകര മേനോന്‍ മൂന്ന്‌ ദിവസങ്ങള്‍ക്കു ശേഷം തന്റെ പ്രിയ ശിഷ്യന്റെ അന്ത്യ ശുശ്രൂഷകള്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ ജീവിതമെന്ന കളിയരങ്ങിനോട്‌ എന്നെന്നേക്കുമായി യാത്ര പറഞ്ഞു.
പില്‍ക്കാലത്ത്‌ കഥകളിയരങ്ങുകള്‍ അസ്‌തമിച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞിരാമന്‍ നായര്‍ നൃത്തരംഗത്തേക്ക്‌ ചുവടു മാറ്റുന്നതിന്നായി കലാമണ്‌ഡലം മാധവന്‍ നായരുടെ അടുത്തെത്തുന്നത്‌ അപ്പുക്കുട്ടി നമ്പ്യാരും മാധവന്‍ നായരും തമ്മിലുള്ള കഥകളി രംഗത്തെ പരിചയമാണെന്നുള്ളത്‌ പ്രത്യേകം എടുത്ത്‌ പറയട്ടെ.
കരുണാകര മേനോന്റെ മരണശേഷം അല്‌പകാലം മടാശ്ശേരി കൊച്ചുഗോവിന്ദനാശാന്‍ രാധാകൃഷ്‌ണ കഥകളി വിദ്യാലയത്തിന്റെ ആശാനായി പ്രവര്‍ത്തിച്ചു. അപ്പോഴേക്കും കൊച്ചുഗോവിന്ദനാശാനോട്‌ പറശ്ശിനിക്കടവ്‌ മുത്തപ്പന്‍ ക്ഷേത്രം വകയായി ആരംഭിച്ച കഥകളിയോഗത്തിന്റെ ആശാന്‍ പദവി ഏറ്റെടുക്കാന്‍ കുഞ്ഞിരാമന്‍ മേനേജര്‍ ആവശ്യപ്പെട്ടു. ക്ഷേത്രം വഴിപാടുകളിലൊന്നായി കഥകളി ഉള്‍പ്പെടുത്തിയപ്പോള്‍ അതുവഴി ധാരാളം കഥകളി അരങ്ങുകള്‍ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. അമ്പുപ്പണിക്കര്‍, ചന്തുപ്പണിക്കര്‍, കടത്തനാട്‌ ശങ്കരന്‍ നായര്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പാണേങ്കോട്ട്‌ നാരായണന്‍ നായര്‍, എരഞ്ഞിക്കല്‍ അപ്പുക്കുട്ടി നായര്‍, താമരക്കുളം നായാരണന്‍ നമ്പൂതിരി, ആപ്പേക്കാട്ട്‌ കൃഷ്‌ണന്‍ നായര്‍, നാരായണ പിഷാരടി, കടത്തനാട്‌ കൃഷ്‌ണന്‍ നായര്‍, വെള്ളാറ്റഞ്ഞൂര്‍ രാമന്‍ നമ്പീശന്‍ തുടങ്ങിയ ഉത്തരകേരളത്തിലെ ഒട്ടുവളരെ കലാകാരന്മാര്‍ മുത്തപ്പന്‍ കഥകളിയോഗവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പറശ്ശിനിക്കടവില്‍ ആശാനായി പ്രവര്‍ത്തിക്കുമ്പോള്‍ കൊച്ചുഗോവിന്ദന്‍ നായര്‍ ശിക്ഷണം നല്‍കിയവരാണ്‌ പിന്നീട്‌ ഈ കഥകളിയോഗത്തിന്റെ നെടുംതൂണുകളായി മാറിയ പറശ്ശിനിക്കടവ്‌ കുഞ്ഞിരാമന്‍ നായര്‍, ടി.ടി.കൃഷ്‌ണന്‍, കടത്തനാട്‌ മാധവന്‍, രാഘവന്‍, നാരായണന്‍ നായര്‍, ബാലകൃഷ്‌ണന്‍, ബാലന്‍ തുടങ്ങിയവര്‍.
1982ല്‍ കൊച്ചുഗോവിന്ദനാശാന്‍ പറശ്ശിനിക്കടവ്‌ കഥകളിയോഗത്തില്‍ നിന്നും യാത്ര പറഞ്ഞു. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ അഭ്യര്‍ത്ഥന പ്രകാരം അദ്ദേഹം ചേലിയയില്‍ തുടങ്ങിയ കഥകളി വിദ്യാലയത്തില്‍ ഏതാനും കുട്ടികളെ കഥകളി അഭ്യസിപ്പിക്കുന്നതിനായി പിന്നീടുള്ള കാലം ചെലവഴിച്ചു. 7 വര്‍ഷം അദ്ദേഹം കഥകളി വിദ്യാലയത്തിലുണ്ടായിരുന്നു. ഉത്തരകേരളത്തിലെ ക്ഷയോന്മുഖമായ കഥകളി രംഗം വീണ്ടും സജീവമാക്കുന്നതിന്നുള്ള അടിത്തറ ചേലിയ കഥകളി വിദ്യാലയം മുഖേന തീര്‍ത്ത്‌ തന്റെ 87ാമത്തെ വയസ്സില്‍ 1992ല്‍ അദ്ദേഹം കഥകളി ആസ്വാദകരുടെ മനസ്സില്‍ ഒരിക്കലും മരിക്കാത്ത ഒരുപാട്‌ ഓര്‍മ്മകള്‍ ബാക്കിയാക്കിക്കൊണ്ട്‌ ഇഹലോകവാസം വെടിഞ്ഞു.
ഹ്രസ്വമെങ്കിലും ഉത്തരകേരളത്തിന്റെ കഥകളി ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട മറ്റൊരു പേരാണ്‌ വാരണക്കോട്ട്‌ കഥകളിയോഗം. 1928ലാണ്‌ വാരണക്കോട്ട്‌ ഇല്ലത്തെ ചെറിയ സുബ്രഹ്മണ്യം നമ്പൂതിരിയുടെ ശ്രമഫലമായി ഒരു കഥകളിയോഗം രൂപം കൊണ്ടത്‌. അപ്പോള്‍ അമ്പുപ്പണിക്കരും, ചിണ്ടപ്പണിക്കരും, ചന്തുപ്പണിക്കരും, കമ്മാരന്‍ നായരും, പാണേങ്കോട്ട്‌ നാരായണന്‍ നായരും ഈ കളിയോഗത്തിലുണ്ടായിരുന്നു. കഥകളി ലോകത്തെ അപൂര്‍വ്വ പ്രതിഭകളിലൊരാളായ കലാമണ്‌ഡലം കൃഷ്‌ണന്‍ നായര്‍ ആദ്യമായി കച്ചകെട്ടി അഭ്യസിക്കാന്‍ തുടങ്ങിയത്‌ വാരണക്കോട്ട്‌ ഇല്ലത്ത്‌ വെച്ചാണ്‌. എന്നാല്‍ കേവലം രണ്ട്‌ വര്‍ഷങ്ങള്‍ മാത്രമെ വാരണക്കോട്‌ കഥകളിയോഗം നിന്നുള്ളു. മൂന്നാമത്തെ കൊല്ലം ഈ കഥകളിയോഗത്തെ ഏറ്റെടുത്ത്‌ നടത്തിയത്‌ മുല്ലശ്ശേരി കേളുനായര്‍ എന്നൊരു സ്ഥാനിയായിരുന്നു. ഇക്കാലത്ത്‌ തന്നെ വാരണക്കോട്ട്‌ ഇല്ലത്തിന്‌ സമീപമുള്ള ഒരു എമ്പ്രാന്തിരി ഗൃഹമായ നാരായണ മംഗലത്തുകാര്‍ ഒരു കഥകളിയോഗം നടത്തി അവസാനിപ്പിച്ചിരുന്നു.
1931,32 വര്‍ഷങ്ങളില്‍ മയ്യഴിയിലെ ഒരു പ്രമാണിയായ വാച്ചാലി കിട്ടന്‍ ഒരു കളിയോഗം നടത്തിയിരുന്നു. രണ്ട്‌ വര്‍ഷമാണെങ്കിലും പ്രഗല്‌ഭരായ കരുണാകര മേനോന്‍, കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍, കോപ്പന്‍ നായര്‍, അമ്പുപ്പണിക്കര്‍, ചിണ്ടപ്പണിക്കര്‍ തുടങ്ങിയവര്‍ ഈ കഥകളിയോഗത്തിലുണ്ടായിരുന്നു. വടക്കെ മലബാറിലും, കോഴിക്കോട്‌ പരിസരങ്ങളിലും നിരവധി കളിയരങ്ങുകള്‍ ഈ രണ്ട്‌ വര്‍ഷത്തിന്നുള്ളില്‍ ഈ കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നിട്ടുണ്ടെന്നുള്ളത്‌ പ്രസ്‌താവ്യമാണ്‌. കലാമണ്‌ഡലം കൃഷ്‌ണന്‍ നായര്‍ ഈ കഥകളി അരങ്ങുകളില്‍ പല തവണ കുട്ടിത്തരം വേഷങ്ങള്‍ കെട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.
വാരണക്കോട്ട്‌ കഥകളിയോഗം പെട്ടെന്ന്‌ നിന്നപ്പോള്‍ അതിലെ പ്രഗല്‌ഭരായ പല കലാകാരന്മാരും ഉപജീവനത്തിന്നായി മറ്റു വഴികള്‍ തേടിപ്പോയി. അതിലെ ആദ്യവസാന വേഷക്കാരനായിരുന്ന ചന്തുപ്പണിക്കര്‍ മറ്റു വഴികളൊന്നുമില്ലാതായപ്പോള്‍ ജീവിക്കാന്‍ വേണ്ടി ഒരു ചായക്കട തുടങ്ങി. ഇക്കാലത്താണ്‌ ഉത്തരമലബാറിലെ പ്രസിദ്ധ നായര്‍ തറവാടുകളിലൊന്നായ കുറ്റൂര്‍ വേങ്ങയില്‍, കേസരി എന്ന അപരനാമത്താല്‍ വിശ്രുതനായ കുഞ്ഞിരാമന്‍ നായരുടെ അനുജന്‍ ചാത്തുക്കുട്ടി നായര്‍ കാരണവര്‍ സ്ഥാനം ഏറ്റെടുക്കുന്നത്‌. കഥകളിയുടെ വിശിഷ്യ ചന്തുപ്പണിക്കരുടെ ഒരാരാധകനായിരുന്നു വേങ്ങയില്‍ ചാത്തുക്കുട്ടി നായര്‍. ഒരിക്കല്‍ തറവാട്ടില്‍ വന്ന ആരോ ഒരാള്‍ ചന്തുപ്പണിക്കര്‍ ഉപജീവനത്തിന്നായി ചായക്കട നടത്തുന്ന വിവരം ചാത്തുക്കുട്ടി നായരെ ധരിപ്പിച്ചു. ചാത്തുക്കുട്ടി നായരുടെ മനസ്സിന്‌ ഈ വാര്‍ത്ത താങ്ങാവുന്നതില്‍ കൂടുതലായിരുന്നു. അദ്ദേഹം പിറ്റേ ദിവസം തന്നെ ചന്തുപ്പണിക്കരെ വേങ്ങയില്‍ തറവാട്ടിലേക്ക്‌ ആളയച്ച്‌ വരുത്തി. തറവാടിന്റെ മേല്‍നോട്ടത്തില്‍ ഒരു കഥകളി കളരിയും കളിയോഗവും സംഘടിപ്പിച്ചു. ഇതിന്നുവേണ്ടി സാമ്പത്തിക വിഷമങ്ങള്‍ ഏറെ സഹിച്ചുകൊണ്ട്‌ വേണ്ട കഥകളി കോപ്പുകളും പണികഴിപ്പിച്ചു. ചാത്തുക്കുട്ടി നായരുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബ്ബന്ധം കൊണ്ട്‌ ഏതാനും കുട്ടികളെ കഥകളി അഭ്യസനത്തിന്‌ സംഘടിപ്പിക്കാനും സാധിച്ചു. ഇവരെയെല്ലാം തറവാട്ടില്‍ത്തന്നെ താമസിപ്പിച്ച്‌ പഠിപ്പിക്കുന്നതിന്നുള്ള ഒരുക്കങ്ങളും ചെയ്‌തു. അങ്ങനെ വേങ്ങയില്‍ കളരിയില്‍ വെച്ച്‌ ചന്തുപ്പണിക്കര്‍ ശിക്ഷണം നല്‍കിയ കുട്ടികളാണ്‌ പില്‍ക്കാലത്തെ കളരിയരങ്ങുകളില്‍ നിറഞ്ഞാടിയ കാനാക്കണ്ണന്‍ നായര്‍, മേക്കര കൃഷ്‌ണന്‍, തളിപ്പറമ്പ്‌ നാരായണന്‍, കണ്ണമാരാര്‍, ബാലകൃഷ്‌ണന്‍, കോട്ടൂര്‍ കൃഷ്‌ണന്‍ തുടങ്ങിയവര്‍. വേങ്ങയില്‍ കഥകളിയോഗം അറിയപ്പെട്ടിരുന്നത്‌ രാജരാജേശ്വരീ വിലാസം കഥകളിയോഗം എന്ന പേരിലായിരുന്നു. 1936 മുതല്‍ 1941 വരെ വേങ്ങയില്‍ കഥകളിയോഗം വളരെ സജീവമായിത്തന്നെ നിലകൊണ്ടു. എന്നാല്‍ ചാത്തുക്കുട്ടി നായരുടെ മരണത്തോടെ കഥകളി യോഗം തുടര്‍ന്നു കൊണ്ടുപോകുന്നതിന്നുള്ള സാദ്ധ്യതകള്‍ മങ്ങി. അങ്ങനെ വേങ്ങയില്‍ കഥകളിയോഗവും ചരിത്രത്തിന്റെ ഭാഗമായി.
കഴിഞ്ഞ ഏതാണ്ട്‌ മുന്നൂറ്‌ വര്‍ഷക്കാലം ഉത്തരകേരളത്തിലെ കഥകളിരംഗം സജീവമായി നിലനിര്‍ത്താന്‍ ശ്രമിച്ച കൂട്ടായ്‌മകളുടേയും വ്യക്തികളുടേയും ഒരു ഹ്രസ്വ വിവരണമാണ്‌ മുകളില്‍ കൊടുത്തത്‌. വിസ്‌താരഭയത്താല്‍ ഇതില്‍ പരാമര്‍ശിക്കാന്‍ കഴിയാതെ പോയ കളിവട്ടങ്ങളുടേയും, കലാകാരന്മാരുടേയും സംഭാവനകളും അമൂല്യമാണെന്ന്‌ ഇവിടെ പ്രത്യേകം പ്രസ്‌താവിക്കട്ടെ. അതുപോലെ നമുക്ക്‌ കൈവന്ന ഈ അമൂല്യനിധിയെ തലമുറകളിലേക്ക്‌ പകരുന്നതിന്നുള്ള പരിശ്രമത്തില്‍ കളിയോഗങ്ങളും, കളിവട്ടങ്ങളും നടത്തി നിത്യദാരിദ്ര്യം ഏറ്റുവാങ്ങിയ തറവാടുകളുടേയും, മനകളുടേയും ഓര്‍മ്മകള്‍ക്കു മുമ്പില്‍ നമിക്കുമ്പോള്‍ നമ്മെ തുറിച്ച്‌ നോക്കുന്ന ഒരു ചോദ്യമുണ്ട്‌. പ്രതിഭാശാലികളായ അനേകായിരങ്ങള്‍ പോറ്റിവളര്‍ത്തി ഇവിടംവരെ എത്തിച്ച ഈ ഉത്തമ കലാസൃഷ്‌ടി സംരക്ഷിക്കുന്നതിന്‌ നമുക്കൊരു ചുമതലയില്ലേ. കഥകളി ഭ്രാന്തരുടെ മനസ്സില്‍ നിത്യഹരിത സ്‌മരണകള്‍ നല്‌കി മണ്‍മറഞ്ഞു പോയ പ്രഗല്‌ഭരായ കലാകാരന്മാരെ പിന്‍തുടരാന്‍ പോന്ന കലാകാരന്മാര്‍ നമുക്ക്‌ വേണ്ടേ. വേണം എന്ന്‌ തന്നെ നമുക്ക്‌ ഉറപ്പിച്ച്‌ പറയാം.
കാരണം മലയുടേയും ആഴിയുടേയും ഇടയിലായി മലര്‍ന്നു കിടക്കുന്ന നമ്മുടെ മലയാളക്കരയില്‍ കഴിഞ്ഞ 2000 വര്‍ഷക്കാലത്തിനിടയ്‌ക്ക്‌ രൂപംകൊണ്ട മിക്കവാറും എല്ലാ കലാരൂപങ്ങളുടേയും ഉത്തമാംശങ്ങള്‍ കഥകളിയില്‍ സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്‌. പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ സ്വാധീനം അല്‌പംപോലും ഏല്‌ക്കാത്ത ഇത്തരമൊരു കലാരൂപത്തിന്റെ സംരക്ഷണം അതുകൊണ്ട്‌ തന്നെ ഏറ്റവും ശ്ലാഘനീയമാണ്‌. കഥകളി രംഗത്ത്‌ ഉത്തരകേരളത്തിന്റെ ഗതകാല പ്രൗഢി തിരിച്ചു കൊണ്ടുവരാന്‍ നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നേതൃത്വത്തില്‍ ചേലിയ കഥകളി വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു നാടിന്റെ മഹത്തായ സാംസ്‌ക്കാരിക പാരമ്പര്യം സംരക്ഷിക്കുന്നതിന്നുള്ള മഹായത്‌നമാണ്‌.

Advertisements
%d bloggers like this: