ജീവിത രേഖ

മടയന്‍കണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുകുട്ടിയുടേയും മകനായി 1916 ജൂണ്‍ 26ന്‌ ജനിച്ചു.

 15-)o വയസ്സില്‍ വാരിയം വീട്ടില്‍ നാടകസംഘത്തിന്റെ “വള്ളിത്തിരുമണം” എന്ന നാടകത്തോടെ രംഗപ്രവേശനം നടത്തിയ ശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ കഴിവു നേടിയ ഈ അസാമാന്യ പ്രതിഭ 1977ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ക്കൊപ്പം പൂക്കാട്‌ കലാലയവും 1983ല്‍ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.

സിനിമാ നടന്‍ വിനീത്‌ വരെ വരുന്നു ഇദ്ദേഹത്തിന്റ ശിഷ്യസമ്പത്ത്‌. 1979ല്‍ നൃത്തത്തിനുള്ള അവാര്‍ഡും 1990ല്‍ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നല്‍കി കേരള സംഗീത നാടക അക്കാദമി ഇദ്ദേഹത്തെ ആദരിച്ചു. 2001ല്‍ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിനുള്ള അവാര്‍ഡ്‌ നല്‍കി ആദരിച്ചു. 2002ല്‍ കൊച്ചി കേരളദര്‍പ്പണം നാട്യകുലപതിയായി പ്രഖ്യാപിച്ചു. പത്തുകൊല്ലം കേരള ഗവണ്‍മെന്റ്‌ നടനഭൂഷണം എക്‌സാമിനറായും ഒരു വര്‍ഷം കേരളകലാമണ്ഡലം എക്‌സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രു വര്‍ഷം സംഗീതനാടക അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.

—————————————————————————

ചന്ദ്രിക ഓണപ്പതിപ്പ്‌ -2011
തയ്യാറാക്കിയത്‌ : അനീഷ്‌ കുട്ടന്‍

ജനനം: 1916 ജൂണ്‍ 26. സ്‌കൂള്‍ പഠനം നാലാം ക്ലാസു വരെ. 15-ാം വയസ്സില്‍ കഥകളി പഠിക്കാനായി നാടുവിടുന്നു. പത്തുവര്‍ഷക്കാലത്തിലധികം മേപ്പയ്യൂര്‍ രാധാകൃഷ്‌ണന്‍ കഥകളി യോഗത്തില്‍ കഠിന പരിശീലനവും അവതരണവും.
പാലക്കാട്‌ സ്വദേശിയായ ഗുരു കരുണാകര മേനോന്റെ കീഴില്‍ ശിഷ്യത്വം. പഠന ശേഷം മലബാറിലെ മണ്‍മറഞ്ഞുപോയ വിവിധ കഥകളി യോഗങ്ങളില്‍ നിറസാന്നിധ്യമാവുന്നു. കൗമുദി ടീച്ചറുടെ പ്രേരണയാല്‍ നൃത്തരംഗത്തേയ്‌ക്ക്‌ ചുവടു മാറ്റുന്നു.
കലാമണ്‌ഡലം മാധവന്‍, സേലം രാജരത്‌ന പിള്ള, മദ്രാസ്‌ ബാലചന്ദ്രഭായ്‌ തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യം പഠനം. 1945-ല്‍ കണ്ണൂരില്‍ ഭാരതീയ നാട്യകലാലയം തുടങ്ങുന്നു. രണ്ടു വര്‍ഷത്തിനു ശേഷം തലശ്ശേരിയില്‍ ഭാരതീയ നൃത്ത കലാലയം സ്ഥാപിച്ചു.
1949-ല്‍ ഫേരി സര്‍ക്കസില്‍ ചേരുകയും, സര്‍ക്കസ്‌ കലാകാരന്‍ മാര്‍ക്ക്‌ നൃത്തപരിശീലനവും ദക്ഷിണേന്ത്യന്‍ പര്യടനവും.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ്‌ കലാകേന്ദ്രത്തിലെ ഗുരു ഗോപിനാഥുമായി സഹകരിച്ച്‌ കേരള നടനത്തിന്റെ പ്രചരണം.
1974-ല്‍ ചേമഞ്ചേരി പൂക്കാട്‌ കലാലയത്തിന്റെ പിറവിക്ക്‌ പിന്നിലെ നിര്‍ണായക ശക്തിയാവുന്നു.
1983 ഏപ്രില്‍ 28-ന്‌ സ്വന്തം തറവാട്ടു വക സ്ഥലത്ത്‌ ചേലിയ കഥകളി വിദ്യാലയത്തിന്റെ സ്ഥാപനം.
1979-ല്‍ നൃത്തത്തിന്‌ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം.
കലാ സാംസ്‌കാരിക രംഗത്തെ പുതുതലമുറയ്‌ക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി `സ്‌കൂള്‍ തിയേറ്ററിന്റെ’ ശില്‍പി.
1999-ല്‍ നൃത്തത്തിനും, കഥകളിക്കും സംയുക്തമായി കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്‌. 2002-ല്‍ കേരള കലാമണ്‌ഡലത്തിന്റെ കലാരംഗത്തെ വിശിഷ്‌ട സേവനത്തിനുള്ള പുരസ്‌കാരം.
2004-ല്‍ കലാദര്‍പ്പണത്തിന്റെ നാട്യകുലപതി പുരസ്‌കാരം. 2006-ല്‍ മയില്‍പ്പീലി പുരസ്‌കാരം. 2007-ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്‌കാരം. 2008-ല്‍ കേരള കലാമണ്‌ഡലം അവാര്‍ഡ്‌, 2010-ല്‍ രൈക്വ ഋഷി പുരസ്‌കാരം. ഇവ കൂടാതെ നിരവധി സ്ഥാപനങ്ങളും സംഘടനകളും പൊന്നാടയും കീര്‍ത്തിമുദ്രകളും നല്‍കി ആദരിച്ചു.
പിതാവ്‌: പരേതനായ മടയന്‍കണ്ടി ചാത്തുകുട്ടി നായര്‍. മാതാവ്‌: പരേതനായ കിണറ്റിന്‍കര കുഞ്ഞമ്മക്കുട്ടി അമ്മ.
ഭാര്യ: പരേതയായ ജാനകി ടീച്ചര്‍. മകന്‍: പവിത്രന്‍-ജോലി സംബന്ധമായി മുംബെയില്‍ താമസിക്കുന്നു. മരുമകള്‍: നളിനി പേരമക്കള്‍: അമൃത, ചിന്മയന്‍. വിലാസം: കഥകളി വിദ്യാലയം ചേലിയ പി.ഒ, കൊയിലാണ്ടി, കോഴിക്കോട്‌-673306 രണ്ടര വയസ്സില്‍ അമ്മയും 13-ാം വയസ്സില്‍ അച്ഛനും 36-ാം വയസ്സില്‍ ഭാര്യയും നഷ്‌ടപ്പെട്ടതാണ്‌ വ്യക്തിജീവിതത്തിലെ കനത്ത നഷ്‌ടം. ചേലിയ കഥകളി വിദ്യാലയത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ കഥകളിയുടെയും വിവിധ നൃത്തരൂപങ്ങളുടെയും അറിവുകള്‍ പകര്‍ന്നു നല്‍കി, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായി, നാടിന്റെയും നാട്ടുകാരുടെയും ഗുരുവര്യനായി കഴിയുന്നു.

 

—————————————————————————

ചന്ദ്രിക ഓണപ്പതിപ്പ്‌ -2011

2010 ജൂലൈ 8. മിഥുന മാസത്തിലെ കാര്‍ത്തിക നക്ഷത്രദിനം, സമയം വൈകീട്ട്‌ 5.30. കൊയിലാണ്ടിക്കടുത്ത്‌ ചേലിയ കഥകളി വിദ്യാലയത്തിലെ അരങ്ങ്‌.
കുചേലവൃത്തം കഥകളിയാണ്‌ അവതരിപ്പിക്കാന്‍ പോകുന്നത്‌. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിന്റെ സഹായത്തിന്‌ പത്‌നിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുചേലന്‍ സതീര്‍ത്ഥ്യനായ ഭഗവാന്‍ കൃഷ്‌ണനെ കാണാന്‍ ദ്വാരകയിലേയ്‌ക്ക്‌ പുറപ്പെടുകയാണ്‌…
രംഗപടം മാറുമ്പോള്‍, മട്ടുപ്പാവില്‍ രുഗ്‌മിണീ സമേതനായി ഇരിക്കുകയാണ്‌ ഭഗവാന്‍ കൃഷ്‌ണന്‍. സദസ്സിന്‌ പിന്നില്‍, ദൂരെയായി കുചേലനെ കണ്ടതും കൃഷ്‌ണന്‍ വേദിയില്‍ നിന്ന്‌ ചാടിയിറങ്ങി, കാണികള്‍ക്കിടയിലൂടെ ഓടി കുചേലനരികിലെത്തുന്നു. വന്‍ സദസ്സ്‌ അല്ലെങ്കിലും കാണികള്‍ എല്ലാവരും അത്‌ അത്ഭുതത്തോടും, അതിലുപരി അമ്പരപ്പോടും കൂടി പ്രാര്‍ത്ഥനയോടെ….
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരാണ്‌ അരങ്ങത്ത്‌. ആള്‍ക്ക്‌ അന്ന്‌ 94 വയസ്സ്‌ പൂര്‍ത്തിയാകുന്നു. തന്റെ കഥകളി ആശാനായ കരുണാകര മേനോനുള്ള സമര്‍പ്പണമായി തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ശ്രീകൃഷ്‌ണ വേഷം തന്നെ കെട്ടി, കുഞ്ഞിരാമന്‍നായര്‍ അരങ്ങത്ത്‌ വരുന്നത്‌ കാണാനും, കളി ആസ്വദിക്കാനും എത്തിയതായിരുന്നു സദസ്സ്‌. എല്ലാതരം അവശതകളെയും മാറ്റി നിര്‍ത്തിക്കൊണ്ടാണ്‌ ഗുരു വേഷമണിഞ്ഞ്‌ മണിക്കൂറുകളോളം ആടിയത്‌. വാഹനാപകടത്തില്‍ മുമ്പൊരിക്കല്‍ തകര്‍ന്ന വലതു കൈപ്പത്തി, തുന്നിക്കൂട്ടിയ കൈവിരലുകള്‍, പലപ്പോഴായി ഉണ്ടായ അപകടങ്ങളുടെ ഫലമായി തകര്‍ന്ന ഇടതു-വലതു കാല്‍മുട്ടുകളിലെ എല്ലുകളില്‍ ഇട്ടിരിക്കുന്ന സ്റ്റീല്‍ കമ്പികള്‍, ഉടുത്തുകെട്ടും, കിരീടവുമായി 35 കിലോയിലധികം ഭാരവും…
പക്ഷേ… ആട്ടവിളക്കിന്‌ മുമ്പിലെത്തിയതോടെ ഇവയെല്ലാം മറന്ന്‌ തന്റെ ഇഷ്‌ട വേഷത്തില്‍ ഗുരു ചേമഞ്ചേരി മണിക്കൂറുകള്‍ അരങ്ങു തകര്‍ത്തു, ആസ്വാദക മനവും നിറച്ചു. മഹാകവി വൈലോപ്പിള്ളി എഴുതിയ “ചരിത്രത്തിലെ ചാരുദൃശ്യം.” ഓര്‍മ്മ വന്നു.
ഗിന്നസ്‌ ബുക്ക്‌ അധികൃതരതറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ ഗുരുവിനെ അറിയുകയും, ആസ്വദിക്കുകയും ചെയ്യുന്ന കേരളത്തിനും പുറത്തുമുള്ള കഥകളി ആസ്വാദകര്‍ ഇത്‌ മറക്കാനിടയില്ല. അവര്‍ ഇക്കഴിഞ്ഞ ജൂണ്‍ 28ന്‌ തൊണ്ണൂറ്റി അഞ്ചാം വയസ്സ്‌ പൂര്‍ത്തിയാകുന്ന പിറന്നാള്‍ ദിനത്തില്‍ നാട്യാചാര്യനെക്കൊണ്ട്‌ വേഷമണിയിക്കാന്‍ ഒരുങ്ങിയെങ്കിലും ഗിന്നസ്‌ ബുക്ക്‌ അധികൃതരുടെ റജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മാറ്റി വെയ്‌ക്കുകയായിരുന്നു. ഇപ്പോഴും കഥകളി അധ്യാപകനായ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്‌ കഴിഞ്ഞ ആറ്‌ വര്‍ഷത്തിലധികമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, കോഴിക്കോട്‌ ജില്ലയ്‌ക്കായി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്നത്‌. വിവിധ സ്‌കൂളുകളെ പ്രതിനിധാനം ചെയ്‌താണ്‌ ഇവരെല്ലാം മത്സരിക്കുന്നത്‌. അതിനാല്‍ സമ്മാനിതര്‍ക്കിടയിലെ ഗുരുവിന്റെ ശിക്ഷണ വൈദഗ്‌ധ്യം പരക്കെ അറിയപ്പെടുന്നില്ല. നടന നൃത്തരംഗത്തെ നിത്യവിസ്‌മയം എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌ ആരായിരുന്നാലും, അത്‌ അക്ഷരംപ്രതി ശരിയാണെന്ന്‌ ഇക്കാര്യങ്ങളെല്ലാം വിലയിരുത്താതെ തന്നെ ഗുരുവിനെ കാണുമ്പോള്‍ നമ്മള്‍ സമ്മതിക്കും. കണ്ണൂര്‍, കാസര്‍ക്കോട്‌, കോഴിക്കോട്‌ ജില്ലകളിലെ അനവധി സാംസ്‌കാരിക ചടങ്ങുകളില്‍ ഉദ്‌ഘാടകനായും, കലാവേദികളിലാണെങ്കില്‍, വേഷമണിയുന്നില്ലെങ്കിലും രാത്രി വൈകുവോളം ആസ്വാദകനായും നാട്യാചാര്യനെ കാണാം. സംഭവബഹുലവും, മാതൃകാപരവുമായ ഗുരു ചേമഞ്ചേരിയുടെ ഓര്‍മ്മകളിലൂടെ ഒരു യാത്ര…

? ബാല്യകാലത്തെപ്പറ്റി
പറയാമോ.

കുട്ടിക്കാലത്തെക്കുറിച്ച്‌ എനിക്ക്‌ വ്യക്തമായ ഓര്‍മ്മകള്‍ ഇല്ല. എങ്കിലും അമ്മയുടെ മരണം ഇന്നും മനസ്സില്‍ പച്ചയായി നില്‍ക്കുന്നു. എനിക്ക്‌ രണ്ടര വയസ്സുള്ളപ്പോഴാണത്‌. പ്രസവ സംബന്ധമായ എന്തോ അസുഖമായിരുന്നു അമ്മയ്‌ക്ക്‌. അന്നുരാവിലെ അച്ഛന്‍ വീടിനു സമീപത്തെ കടയില്‍ കൊണ്ടുപോയി ചായ വാങ്ങിത്തന്നതും, ഇവിടെ നിന്നും എന്തൊക്കെയോ വാങ്ങി, വയറ്‌ നിറയെ കഴിച്ചതും ഓര്‍മ്മയിലെത്തുന്നു. പിന്നീട്‌ വീട്ടിലെത്തിയപ്പോഴാണ്‌ പതിവില്ലാത്ത ഈ “ഹോട്ടലിലെ ഭക്ഷണത്തിന്റെ” രഹസ്യം പിടികിട്ടിയത്‌. കത്തിച്ചുവെച്ച നിലവിളക്കിനു മുന്നില്‍ ഇലയില്‍ കിടത്തിയിരിക്കുന്നു അമ്മയെ.

കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍, ചെങ്ങോട്ടുകാവ്‌ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ചേലിയയെന്ന നാട്ടിന്‍പുറത്താണ്‌ ഗുരു ചേമഞ്ചേരിയുടെ ജനനം. അക്കാലത്തെക്കുറിച്ചും മാതാപിതാക്കളെപ്പറ്റിയും അദ്ദേഹം പറയുന്നു.

“ജന്മി-കുടിയാന്‍ വ്യവസ്ഥിതിയും, നാടുവാഴിത്തവും, മരുമക്കത്തായവും നിലനില്‍ക്കുന്ന കാലം. ബ്രിട്ടീഷുകാരുടെ ഭരണമെങ്കിലും നാടുവാഴികളുടെ കീഴിലായിരുന്നു ചേലിയയും. പന്തലായനി പ്രദേശത്തെ പുത്തലത്ത്‌ സ്ഥാനികളുടെ പ്രധാന കുടിയാന്മാരായിരുന്നു കിണറ്റുംകര തറവാട്ടുകാര്‍. ഇവിടുത്തെ അംഗമായിരുന്ന കുഞ്ഞമ്മക്കുട്ടിയുടെയും ചെങ്ങോട്ടുകാവ്‌ മഠയന്‍കണ്ടി ചാത്തുക്കുട്ടിനായരുടെയും മകനായിട്ടാണ്‌ ജനിച്ചത്‌. കാര്‍ഷികവൃത്തിയായിരുന്നു മാതാപിതാക്കളുടെയും അമ്മാവന്മാരുടെയും പ്രധാന തൊഴില്‍. മൂന്ന്‌ വയസ്സിന്‌ മൂത്ത ഉണ്ണിമാധവിയായിരുന്നു ഏക കൂടപ്പിറപ്പ്‌. അമ്മയുടെ മരണത്തിന്‌ ശേഷം, ചെറിയ കുട്ടികളായ ഞങ്ങളെ നോക്കിവളര്‍ത്താനായി ബന്ധുക്കളുടെ നിര്‍ബ്ബന്ധത്തിന്‌ വഴങ്ങി അച്ഛന്‌ മറ്റൊരു വിവാഹം കൂടി കഴിക്കേണ്ടി വന്നു. ഈ ദാമ്പത്യത്തില്‍ രണ്ട്‌ സഹോദരന്മാരെ കൂടി ഞങ്ങള്‍ക്ക്‌ കിട്ടി. മരുമക്കത്തായം കൊടികുത്തിവാഴുന്ന കാലമായിട്ടും ഒരച്ഛന്‍, രണ്ടമ്മ എന്ന ഭേദമില്ലാതെയായിരുന്നു ഞങ്ങളുടെ ജീവിതം.”

? ഏതുവിധ വിദ്യാഭ്യാസമാണ്‌
കിട്ടിയത്‌.

ആറാം വയസ്സിന്‌ മുമ്പെ തന്നെ നാട്ടിലെ പ്രധാനിയായ പുളിയേരി കണ്ണന്‍ കിടാവാണ്‌ സ്വര്‍ണമോതിരമുപയോഗിച്ച്‌ നാവില്‍ ആദ്യാക്ഷരങ്ങള്‍ കുറിച്ചത്‌. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള എഴുത്തു പള്ളിക്കൂടത്തില്‍ നിലത്തെഴുത്തും… തൊണ്ടും മണലും ഉപയോഗിച്ചായിരുന്നു എഴുത്ത്‌. തുടര്‍പഠനം കോരന്‍ വൈദ്യരുടെ ഉടമസ്ഥതയിലുള്ള ചെങ്ങോട്ടുകാവ്‌ ഈസ്റ്റ്‌ യു.പി. സ്‌കൂളില്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ വില കല്‍പ്പിക്കാത്ത കാലം. അതിനാലാവും നാലാം ക്ലാസ്‌ വരെയേ പഠിക്കാനവസരം ലഭിച്ചുള്ളൂ.

? കുട്ടിക്കാലത്ത്‌ കലാതാല്‍പ
ര്യമുണ്ടായ പശ്ചാത്തലം ഒന്ന്‌
ഓര്‍ത്തെടുക്കാമോ.

ഒരു കുട്ടിയുടെ മാതൃത്വത്തെച്ചൊല്ലി രണ്ടു സ്‌ത്രീകള്‍ തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചിരിക്കയാണ്‌. പരിഹാരത്തിനായി ധര്‍മ്മനിഷ്‌ഠനായ സോളമ മഹാരാജാവിന്റെ മുന്‍പാകെ എത്തുന്നു. ഇരുവരുടെയും പരാതി കേട്ട്‌ മഹാരാജാവ്‌ പരിഹാരം നിര്‍ദ്ദേശിച്ചു. `കുട്ടിയെ രണ്ടായി വീതിക്കുക. എന്നിട്ട്‌ ഇരുവര്‍ക്കും തുല്യപങ്ക്‌ നല്‍കുക’. ആജ്ഞ നടപ്പാക്കാനായി വാളുയര്‍ത്തിയ മന്ത്രിയെ തടഞ്ഞുകൊണ്ട്‌
“കൊല്ലരുതിവനെ നീ മന്നവ ശിഖാമണേ….
മണ്ണില്‍ വല്ലോരിടത്തും ജീവനോടെ ഭവിച്ചിടട്ടെ.”
എന്നും പറഞ്ഞ്‌ യഥാര്‍ത്ഥ അമ്മ സോളമ മഹാരാജാവിന്റെ കാല്‍ക്കല്‍ വീഴുന്നു. സ്‌കൂള്‍ വാര്‍ഷികത്തിന്‌ അവതരിപ്പിച്ച നാടകത്തിലെ ഈ രംഗമാണ്‌ എന്നില്‍ കലാതാല്‍പ്പര്യം ജനിപ്പിക്കുന്നത്‌. എന്റെ സഹപാഠിയായ അമ്മാളുവായിരുന്നു യഥാര്‍ത്ഥ അമ്മയുടെ വേഷത്തില്‍ അഭിനയിച്ചത്‌. ഒരു പെണ്‍കുട്ടിക്ക്‌ യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ, ഇത്ര ഭംഗിയായി അഭിനയിക്കാനാവുമെങ്കില്‍ എനിക്കെന്തു കൊണ്ടിത്‌ സാധിക്കില്ല, എന്ന്‌ ചിന്തിക്കുകയും അതോടെ അഭിനയ മോഹം മനസ്സില്‍ ജന്മമെടുക്കുകയും ചെയ്‌തു.
കലാരംഗത്ത്‌ എനിക്ക്‌ യാതൊരു പാരമ്പര്യവും അവകാശപ്പെടാനുണ്ടായിരുന്നില്ല. കര്‍ഷകരായ അമ്മാവന്‍മാര്‍ നാട്ടിലെ പ്രധാന കോല്‍ക്കളിക്കാരായിരുന്നു. ഇവര്‍ വീട്ടു മുറ്റത്ത്‌ പന്തല്‍ കെട്ടി കോല്‍ക്കളി അഭ്യസിക്കുന്നത്‌ കുട്ടിയായ ഞാന്‍ കാണുമായിരുന്നു. ചുറ്റുപാടുകളിലാണെങ്കില്‍ തറവാടുകളില്‍ ഐശ്വര്യത്തിനായി ക്ഷേത്രങ്ങളില്‍ തിറ, വെള്ളാട്ട്‌, കവലകളില്‍ സുഹൃത്തുക്കള്‍ പൊറാട്ട്‌ നാടകം നടത്തുന്നതും, വെള്ളാട്ട്‌ തുടങ്ങിയവയും അവതരിപ്പിക്കുന്നത്‌ ദിവസേന കാണാമായിരുന്നു. ഇന്നത്തെ തലമുറക്ക്‌ അപ്രാപ്യമായ ഇത്തരം സാഹചര്യങ്ങള്‍ എന്റെ ഉള്ളിലുറങ്ങിക്കിടന്ന കലാകാരനെ ഉണര്‍ത്തിയിരിക്കാം.

? സ്വാതന്ത്ര്യസമര കാലം
ഓര്‍മ്മയുണ്ടല്ലോ.

സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭ പരിപാടികള്‍ നാട്ടില്‍ കൊടുമ്പിരി കൊള്ളുകയായിരുന്നു. വീടിനടുത്തുള്ള ഇടവഴികളിലും ചെറിയ നാട്ടുവഴിപ്പാതകളിലുമെല്ലാം, ദേശസ്‌നേഹമുയര്‍ത്തുന്ന മുദ്രാവാക്യം വിളികള്‍ കേള്‍ക്കാമായിരുന്നു. ഒരു ദിവസം ഇവരുടെ ജാഥയില്‍ ഞാനും കൂട്ടുകാരും പങ്കെടുത്തു. കൊയിലാണ്ടിയില്‍ ഉപ്പുകുറുക്കലിനായി പോവുകയായിരുന്നു ജാഥയിലെ അംഗങ്ങള്‍. ഞങ്ങളും ജാഥയുടെ മുന്‍നിരയില്‍ നിന്ന്‌ മുദ്രാവാക്യം വിളിച്ചു നടക്കാന്‍ തുടങ്ങി. എല്ലാവരുടെയും കൈകളില്‍ ത്രിവര്‍ണ്ണ പതാക കെട്ടിയ കൊടിയുണ്ട്‌. എന്റെ പക്കലില്ല. ഞാനും കൂട്ടുകാരനും കൂടി, മുന്‍നിരയില്‍ നിന്ന ഒരാളോട്‌ കൊടി ചോദിച്ചു. കുട്ടികള്‍ക്കുള്ളതല്ല കൊടികളെന്ന്‌ അദ്ദേഹം പറഞ്ഞു. ദേശീയ പതാകയുടെ പവിത്രത ഓര്‍ത്താവാം അയാളിത്‌ പറഞ്ഞത്‌.

? മരുമക്കത്തായം നിലനിന്ന
പ്രദേശമായിരുന്നല്ലോ
താങ്കളുടേത്‌.

അച്ഛന്റെ മരണശേഷം മരുമക്കത്തായ സമ്പ്രദായമായതിനാല്‍ സഹോദരിയേയും എന്നെയും അച്ഛന്റെ വീടായ പിലാശ്ശേരിയില്‍ നിന്നും കുടിയിറക്കി. അങ്ങനെയാണ്‌ അമ്മയുടെ വീട്ടില്‍ എത്തിച്ചേരുന്നത്‌. പിന്നീട്‌ അമ്മാവന്‍മാരുടെ കൂടെ കാര്‍ഷിക ജോലികളില്‍ സഹായിച്ചു കഴിയുകയായിരുന്നു. ഒരു കലാകാരനായി മാറിയിരുന്നില്ലെങ്കില്‍ ഞാന്‍ കര്‍ഷകനായി മാറുമായിരുന്നു. തട്ടിയും മുട്ടിയും ജീവിതം കഴിയവെ സഹോദരിയുടെ വിവാഹം കഴിഞ്ഞു. സമീപസ്ഥലമായ കാഞ്ഞിലശ്ശേരിക്കാണ്‌ വിവാഹം കഴിപ്പിച്ചത്‌. ഇതോടെ മിണ്ടാനും, പറയാനും ആരുമില്ലാതെ വീട്ടിലൊറ്റക്കായി. ഈ ഏകാന്തതയില്‍ നിന്നുമുള്ള മോചനമായിരുന്നു എനിക്ക്‌ കലാപ്രവര്‍ത്തനം. വീടിനടുത്തുള്ള വാര്യേം വീട്ടില്‍ കുഞ്ഞിരാമന്‍ കിടാവിന്‌ സ്വന്തമായൊരു നാടക സംഘമുണ്ടായിരുന്നു. എന്റെ സായാഹ്നങ്ങള്‍ അധികവും ഇവിടെ ചെലവഴിക്കും. നാടകത്തിലെ ഓരോ കഥാപാത്രത്തിനും, ജീവന്‍ വെക്കുന്നതെങ്ങനെയെന്ന്‌ ഞാന്‍ സാകൂതം നോക്കിനില്‍ക്കും. ഇതു കണ്ടിട്ടാവണം കുഞ്ഞിരാമന്‍ കിടാവ്‌ എന്നോട്‌ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്നു ചോദിച്ചു. മറ്റൊന്നും ചിന്തിക്കാനില്ലാത്തതിനാല്‍ `അതെ’യെന്ന്‌ ഉത്തരവും പറഞ്ഞു. `വള്ളിത്തിരുമണം’ എന്നായിരുന്നു ഈ നാടകത്തിന്റെ പേര്‌. ഇതില്‍ വള്ളിയുടെ തോഴിയായിട്ടായിരുന്നു ആദ്യ വേഷം. നാടകത്തിന്‌ രംഗസജ്ജീകരണം നടത്താനും ചിത്രപ്പണികള്‍ക്കുമായി ഗോവിന്ദമേനോന്‍ എന്നൊരാള്‍ വാര്യം വീട്ടിലെത്തി. തന്റെ സൗഹാര്‍ദ്ദപരമായ പെരുമാറ്റം നിമിത്തം നാടക സംഘത്തിലെ എല്ലാവരെയും അദ്ദേഹം കൂട്ടുകാരാക്കി മാറ്റി. ഒരു ദിവസം “ആര്‍ക്കെങ്കിലും കഥകളി പഠിക്കാന്‍ ആഗ്രഹമുണ്ടോ??? എന്ന്‌ ഗോവിന്ദമേനോന്‍ ചോദിക്കുന്നു. കഥകളിയെക്കുറിച്ച്‌ കേട്ടറിവ്‌ പോലുമില്ലാത്തതിനാല്‍ }ഞങ്ങളാരും മറുപടി പറഞ്ഞില്ല.

പക്ഷേ, കലയോടുള്ള അഗാധമായ അഭിനിവേശം കാരണമോ, തുടര്‍ന്നുവരുന്ന ഏകാന്തതയകറ്റണമെന്നതിനാലോ എന്തോ നാട്യാചാര്യന്‍ കഥകളി പഠിക്കാന്‍ തീരുമാനമെടുത്തു. ഗോവിന്ദമേനോന്‍ ചെങ്ങോട്ടുകാവില്‍ നിന്നും മടങ്ങുന്നതിന്റെ തലേ ദിവസം രാത്രി, ഈ തീരുമാനം ഗോവിന്ദമേനോനെ അറിയിച്ചു. അപ്രതീക്ഷിതവും, അമ്പരപ്പുമുളവാക്കുന്നതായിരുന്നു ഗോവിന്ദമേനോന്‌ ഈ വാക്കുകള്‍. കാരണവന്‍മാരുടെ സമ്മതമില്ലാതെ വരരുതെന്ന്‌ ഉപദേശിച്ചു. ചവിട്ടിയുഴിച്ചിലും, മെയ്യഭ്യാസവും, കടകം മറിയലുമൊക്കെയായി ശരീരം വേദനിക്കുമെന്ന്‌ പറഞ്ഞ്‌ ഭയപ്പെടുത്തി. രക്ഷയില്ല. കുട്ടിക്കുഞ്ഞിരാമന്റെ തീരുമാനത്തിന്‌ മാറ്റമൊന്നുമില്ല. അല്ലെങ്കിലും വിധിയെ തടുക്കാന്‍ ഒരു കള്ളം കൊണ്ടും കഴിയുകയില്ലല്ലോ… നാട്യാചാര്യന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഗോവിന്ദ മേനോന്‍ ഒരുപാധിവെച്ചു: “നിന്നെ ഇവിടെ നിന്നും കാരണവന്‍മാരുടെ സമ്മതമില്ലാതെ ഞാന്‍ കൂട്ടിക്കൊണ്ടു പോകില്ല. എന്നാല്‍ നാളെ വൈകീട്ട്‌ തിക്കോടി റെയില്‍വെ സ്റ്റേഷനിലെത്തുക. അവിടം വരെയെത്താനുള്ള യാത്രാ ചെലവിനത്തിലേക്കായി നാലണ മാത്രം കൈയില്‍ കരുതുക. ബാക്കിയെല്ലാ സഹായങ്ങളും ഒരുക്കിത്തരാം.” ഇതുപ്രകാരം സഹോദരിയുടെ സമീപത്ത്‌ പോയി യാത്രക്കൂലിയായി നാലണ വാങ്ങി. ആരോടും പറയാതെ നാടുവിട്ടു. മുന്‍കൂട്ടി പറഞ്ഞുറപ്പിച്ചതു പോലെ തിക്കോടി റെയില്‍വെ സ്റ്റേഷനില്‍ എത്തി. അവിടെയപ്പോള്‍ ഗോവിന്ദ മേനോന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോഴാണ്‌ ഒരാശ്വാസം. കണ്ടിരുന്നില്ലെങ്കില്‍ തിരിച്ചുപോകാന്‍ വണ്ടിക്കാശ്‌ പോലും കൈവശമില്ലല്ലോ. എവിടേക്കാണോ എങ്ങോട്ടാണോ എന്നറിയാത്ത യാത്രയായിരുന്നു പിന്നീട്‌. കാല്‍നടയായും കടവു കടന്നും, ലക്ഷ്യസ്ഥാനമായ മേപ്പയൂര്‍ രാധാകൃഷ്‌ണ കഥകളി യോഗത്തിലെത്തി. അവിടെ യോഗം ഉടമസ്ഥനായ സി.സി. അപ്പുകുട്ടി നമ്പ്യാരെ കണ്ടു. കഥകളി പഠിക്കാനായി ഏതെങ്കിലും കുട്ടികളെ ലഭിക്കുമോ എന്ന്‌ അന്വേഷിക്കാനായി അപ്പുകുട്ടി നമ്പ്യാര്‍, ഗോവിന്ദമേനോനെ ചുമതലപ്പെടുത്തുകയായിരുന്നു.

? പരിശീലനകാലം
എങ്ങനെയായിരുന്നു.

കുനിയില്‍ ക്ഷേത്രത്തിലെ അഗ്രശാലയിലായിരുന്നു കഥകളി പഠനം. പാലക്കാട്‌ സ്വദേശിയായ കരുണാകര മേനോനാണ്‌ ഗുരുനാഥന്‍. നടനത്തിന്റെ മര്‍മ്മമെന്തെന്ന്‌ അറിഞ്ഞ മഹാപ്രതിഭ. ഇന്നത്തെ കളിക്കാരെപ്പോലെ ഓരോരുത്തര്‍ക്കും നിശ്ചയിച്ച ജോലി മാത്രം ചെയ്യുന്ന പ്രകൃതമായിരുന്നില്ല ആശാന്‌. കളി വേഷം കെട്ടും, ചുട്ടി കുത്തും, പിന്നണി ഗാനം പാടും. കളി നിശ്ചയിച്ച ദിവസം ഇവരിലാര്‍ക്കെങ്കിലും എന്തെങ്കിലും അസൗകര്യം വന്നുചേര്‍ന്നാലോ എന്ന്‌ മുന്‍കൂട്ടി കണ്ടായിരുന്നു ഇത്‌. അതിനാല്‍ ഞങ്ങളും ഇവയെല്ലാം പഠിക്കണമെന്നത്‌ നിര്‍ബന്ധമാണ്‌. എന്നാല്‍ കഥകളിയുടെ പിന്നണി പാടാന്‍ എനിക്കറിയില്ല. പഠിക്കാഞ്ഞിട്ടല്ല. പാട്ടുപാടി തുടങ്ങുന്നതും, രാഗം കഴുതരാഗമായി മാറും. ഇതോടെയാണ്‌ ഗാനപഠനം നിര്‍ത്തിയത്‌. എന്റെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയതും നേര്‍വഴി തെളിയിച്ചതും ഗുരു കരുണാകര മേനോന്റെ സാമീപ്യമായിരുന്നു.

പരിശീലനം തുടങ്ങി ആഴ്‌ചകള്‍ പിന്നിട്ടപ്പോഴാണ്‌ വീട്ടില്‍ നിന്നും, നാട്ടില്‍ നിന്നും കാണാതായ കുഞ്ഞിരാമന്‍ കഥകളി പഠിക്കുന്നുവെന്ന വിവരം കാരണവന്‍മാരറിയുന്നത്‌. കലിപൂണ്ട്‌ വീട്ടിലേയ്‌ക്ക്‌ തിരികെ കൂട്ടിക്കൊണ്ടുപ്പോകാനായി രാധാകൃഷ്‌ണ കഥകളി യോഗത്തിലെത്തിയ അവരെ, ശാന്തരായി മടക്കി അയച്ചത്‌ കരുണാകരമേനോനും അപ്പുകുട്ടി നമ്പ്യാരും ഒരേ സ്വരത്തില്‍ `സംരക്ഷിച്ചു കൊള്ളാമെന്ന’ വാക്കിന്റെ അടിസ്ഥാനത്തിലായിരുന്നു. അതുവരെയുള്ള പരിശീലനത്തിനിടയില്‍ കുഞ്ഞിരാമന്റെ ഉള്ളിലുറങ്ങിക്കിടന്ന നടന വൈഭവം ഗുരു കരുണാകരമേനോന്‍ തിരിച്ചറിഞ്ഞ വിവരം അപ്പുകുട്ടി നമ്പ്യാരെ അറിയിച്ചിരുന്നു. എല്ലുകള്‍ നുറുങ്ങി വെള്ളമാകുന്ന കഠിന പരിശീലനകാലം. കുടിച്ച മുലപ്പാലിന്റെ വരെ രുചിയറിഞ്ഞു.
നിരവധി കുട്ടി വേഷങ്ങള്‍ കഥകളി പഠിച്ചു തുടങ്ങുന്ന കാലം മുതല്‍ കെട്ടിയിരുന്നുവെങ്കിലും, കഥകളിയിലെ സങ്കേതങ്ങള്‍ മുഴുവന്‍ പഠിച്ചുവെന്ന്‌ ഗുരു കരുണാകര മേനോന്‌ ബോധ്യപ്പെട്ടത്‌ ആറു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു. അന്നു തന്നെ ഔദ്യോഗികമായ അരങ്ങേറ്റത്തിനുള്ള തീയതിയും നിശ്ചയിക്കപ്പെട്ടു. ബന്ധുജനങ്ങളുടേയും, പൗരപ്രമുഖരുടെയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങി കിരാതത്തിലെ പാഞ്ചാലിയായിട്ടായിരുന്നു അരങ്ങേറ്റം. അടുത്ത ദിവസം മുതല്‍ നാടൊട്ടുക്കും കളി. കോവിലകങ്ങളില്‍, രാജകൊട്ടാരങ്ങളില്‍, നെല്ലു കൊയ്‌ത്‌ നിരത്തിയിരിക്കുന്ന വയലുകളില്‍, അമ്പല പറമ്പുകളില്‍, അവിടെയെല്ലാം കുചേലനായി, ഭഗവാന്‍ കൃഷ്‌ണനായി, ദുര്യോധനനായി, കീചകനായി, ഭീമനായി പകര്‍ന്നാട്ടം നടത്തി. ഇതിനിടയില്‍ രാധാകൃഷ്‌ണ കഥകളി യോഗം വിവിധ കളിവട്ടങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. എരഞ്ഞിക്കല്‍ കാരംവെള്ളി കളിയോഗത്തിലായിരുന്നു ആദ്യം. ഇവിടുത്തെ കഥകളി വേഷങ്ങളിലൂടെയായിരുന്നു കൃഷ്‌ണവേഷം മികച്ചതാണെന്ന്‌ അഭിപ്രായമുയരുന്നത്‌. ഇതുകേട്ടറിഞ്ഞ കരുണാകരമേനോന്‍, കൃഷ്‌ണവേഷം മറ്റൊരാള്‍ക്കും നല്‍കിയില്ല. ഇത്തരത്തിലൊരു പരിഗണന ലഭിച്ചതോടെ പതിവായി കൃഷ്‌ണവേഷം ലഭിക്കും. അതോടൊപ്പം ഉള്ളില്‍ കൃഷ്‌ണഭക്തിയും നിറയുകയായിരുന്നു.

? കളിയുമായി ബന്ധപ്പെട്ട
അവിസ്‌മരണീയമായ
സന്ദര്‍ഭം.

അന്നു കളി ചിറയ്‌ക്കല്‍ വട്ടളത്തില്ലത്താണ്‌. കഥ കുചേലവൃത്തം കഥകളിയും. പതിവുപോലെ ആശാന്‍ കുചേലനും ഞാന്‍ കൃഷ്‌ണനായും വേഷമിട്ടു. കുചേല സതീര്‍ത്ഥ്യന്റെ മുന്നില്‍ പദങ്ങള്‍ക്കനുസരിച്ച്‌ ആടുകയാണ്‌ ഞാന്‍. കുചേലന്‍ കൈകള്‍ കൂപ്പിയിരിക്കുന്നു. എന്റെ പദങ്ങള്‍ കഴിഞ്ഞിട്ടും, കുചേലന്‌ അനക്കമില്ല. ഞാന്‍ ഗുരുവിനെ മെല്ലെ തൊട്ടുനോക്കി. ഉടനെയദ്ദേഹം തളര്‍ന്ന്‌ കൈകളിലേക്ക്‌ വീഴുകയും ചെയ്‌തു. ശേഷം കിടപ്പിലായി ആശാന്‍. ഒരാഴ്‌ച കഴിഞ്ഞതോടെ മരണത്തിനും കീഴടങ്ങി. ബന്ധുക്കളാരും അടുത്തില്ലാത്തതിനാല്‍ കരുണാകര മേനോന്റെ ശേഷക്രിയയുടെ ചടങ്ങുകള്‍ നിര്‍വ്വഹിച്ചതും ഞാന്‍ തന്നെയായിരുന്നു. കഥകളി പഠിക്കാനായി രാധാകൃഷ്‌ണ കഥകളി യോഗത്തില്‍ എത്തിയ ആദ്യദിനം സി.സി. അപ്പുക്കുട്ടി നമ്പ്യാര്‍ എന്നെ കരുണാകരമേനോനെ ഏല്‍പ്പിച്ച്‌ പറഞ്ഞ വാക്കുകള്‍ `ബന്ധുക്കളാരും അടുത്തില്ലാത്തതിനാല്‍ തന്റെ ശേഷക്രിയക്ക്‌ ഒരാളാവട്ടെ’ എന്നു പറഞ്ഞായിരുന്നു.’ കാലക്രമത്തില്‍ ഈ വാക്കുകള്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു.

പെട്ടെന്നാണ്‌ അകത്തുനിന്നും ഫോണ്‍ ബെല്ലടിക്കുന്നത്‌. വീട്ടിലാരും ഇല്ലാത്തതിനാല്‍ നാട്യാചാര്യന്‍ തന്നെയാണ്‌ ഫോണ്‍ എടുത്ത്‌ സംസാരിച്ചത്‌. ആരോ ഗുരുവിന്റെ സൗകര്യം ചോദിച്ച്‌ വിളിക്കുകയാണ്‌. അവര്‍ പറഞ്ഞ തീയതിയില്‍ വേറെ ചടങ്ങുണ്ടെന്ന്‌ നാട്യാചാര്യന്‍ മറുപടി പറയുന്നതു കേട്ടു. വിളിച്ചവര്‍ വിടുന്നില്ല. അന്നുതന്നെ മറ്റൊരു സമയം നല്‍കി, അവരെ തൃപ്‌തിപ്പെടുത്തി. ഫോണ്‍ വെച്ച്‌ പുറത്തെത്തിയിരിക്കുകയാണ്‌ നാട്യാചാര്യന്‍. ദിവസത്തില്‍ മുന്നും നാലും ചടങ്ങുകളില്‍ പങ്കെടുക്കാനുണ്ടാവും ഗുരു ചേമഞ്ചേരിക്ക്‌.
ദീപംകൊളുത്തലും, പൊന്നാടയണിയിച്ച്‌ ആദരിക്കുകയുമാവും എവിടെയും ചെയ്യേണ്ടത്‌. അല്ലെങ്കില്‍ പുതിയ സ്ഥാപനങ്ങളുടെ ഉദ്‌ഘാടനം, പ്രായം കുറെയായില്ലേ…. അതാവും ഇത്തരം ചടങ്ങുകള്‍ക്ക്‌ ഞാന്‍ ക്ഷണിക്കപ്പെടുന്നത്‌. കൂടെ ഒരു പരിഭവവും പങ്കുവെച്ചു.

“പലരും ഫോണില്‍ വിളിച്ച്‌, തീയതിയും സമയവും പറഞ്ഞ്‌, ആ ദിവസം മാറ്റിവെപ്പിക്കും. ഞാനത്‌ ഡയറിയില്‍ എഴുതും. പക്ഷേ ഈ ദിവസം ചിലര്‍ വന്നെത്തുക പോയിട്ട്‌ വിളിച്ചറിയിക്കുകപോലുമില്ല.”

ഗുരു ചേമഞ്ചേരിക്ക്‌ സമയനിഷ്‌ഠ അതിപ്രധാനമാണ.്‌ എവിടെയെങ്കിലും പോകാനുണ്ടെങ്കില്‍ നിശ്ചയിച്ച സമയത്തിന്‌ വളരെ മുമ്പെ തന്നെ അദ്ദേഹം റെഡിയായി, ഊന്നുവടിയും ചുമലില്‍ കസവു വേഷ്‌ടിയുമിട്ട്‌ ഉമ്മറക്കോലായില്‍ കാത്തിരിക്കുന്നുണ്ടാവും. വിളിച്ചുപറഞ്ഞ്‌ സമയം ഉറപ്പിച്ചവരെയും കാത്ത്‌…`

? ആശാന്റെ മരണശേഷം
എന്താണ്‌ സംഭവിച്ചത്‌.

ആശാന്റെ മരണം എന്നെ മാനസികമായി തളര്‍ത്തി. രാധാകൃഷ്‌ണ കഥകളിയോഗത്തില്‍ തുടരാനായില്ല. തറവാട്ടിലെത്തി കാര്‍ഷിക ജോലികളുമായി കഴിഞ്ഞുവരികയായിരുന്നു. കടത്തനാട്‌ കുറ്റിപ്പുറം കോവിലകത്തു നിന്നും അയച്ച ദൂതന്‍ കത്തുമായി വീട്ടിലെത്തി. `കോവിലകത്ത്‌ എത്തുക’ എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. അപ്പുകുട്ടി നമ്പ്യാരെ കണ്ടതിനു ശേഷമാണ്‌ എന്റെയടുത്തേക്ക്‌ വന്നതെന്നും ദൂതന്‍ പറഞ്ഞു. അന്നുതന്നെ നമ്പ്യാരുടെ അടുത്തെത്തി. `കോവിലകത്തേക്ക്‌ കുഞ്ഞിരാമന്‍ പോകണമെന്ന്‌ നമ്പ്യാരും പറഞ്ഞു. പിന്നെ നേരെ പോയത്‌ കോവിലകത്തേയ്‌ക്കായിരുന്നു. അവിടുത്തെ കളിക്കാരനായി തുടരവെയാണ്‌ ഞാന്‍ നൃത്തരംഗത്തെത്തുന്നത്‌. ഇതിനു നിമിത്തമായത്‌ കൗമുദി ടീച്ചറുമായുള്ള പരിചയമായിരുന്നു.
ടീച്ചറെക്കുറിച്ച്‌ എവിടെയോ വായിച്ചിട്ടുണ്ടല്ലോ. ഓര്‍ത്തുനോക്കി. പിടികിട്ടി…. ത്യാഗത്തിന്റെ പേരില്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയായിരുന്നു കൗമുദി ടീച്ചര്‍. ഹരിജന ഉദ്ധാരണ നിധി ധനശേഖരണാര്‍ത്ഥം വടകരയിലെത്തിയ മഹാത്മാഗാന്ധിക്ക്‌ തന്റെ 16-ാം വയസ്സില്‍, കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങളെല്ലാം ഊരി നല്‍കിയ മഹതിയായിരുന്നു. `നിന്റെ ത്യാഗം നിനക്ക്‌ അലങ്കാരമാകുന്നു’ എന്നായിരുന്നു ടീച്ചറുടെ ഓട്ടോഗ്രാഫില്‍ ഗാന്ധിജി എഴുതിയത്‌. 93-ാം വയസ്സില്‍ മരിക്കുന്നതുവരെയും കൗമുദി ടീച്ചര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിച്ചിട്ടില്ല. മദിരാശി സംസ്ഥാനത്തെ ആദ്യ ഹിന്ദി അദ്ധ്യാപികയുമാണ്‌ കൗമുദി ടീച്ചര്‍. ഇതൊക്കെയായിരുന്നു ടീച്ചറെക്കുറിച്ച്‌ വായിച്ചറിഞ്ഞത്‌. പക്ഷേ ടീച്ചറും നൃത്തവുമായുള്ള ബന്ധമെന്തായിരുന്നു? അതിലുപരിയായി ഗുരു ചേമഞ്ചേരിയെ കഥകളി രംഗത്തുനിന്നും നൃത്തരംഗത്തേക്ക്‌ അടുപ്പിച്ചതെങ്ങനെ? അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ഞാന്‍ കാതോര്‍ത്തിരുന്നു.

`കണ്ണൂര്‍ ഗവ. ഗേള്‍സ്‌’ ഹൈസ്‌കൂളിലെ അധ്യാപികയാണ്‌ കൗമുദി ടീച്ചര്‍. സ്‌കൂളിലെ വാര്‍ഷികത്തിന്‌ നൃത്തം പഠിപ്പിക്കാനാണ്‌ എന്നെ ക്ഷണിച്ചത്‌. കടത്തനാട്‌ കുറ്റിപ്പുറം കോവിലകത്തെ സന്ദര്‍ശകനായിരുന്നു ടീച്ചറുടെ അച്ഛനായ രാമവര്‍മ്മ തമ്പുരാന്‍. അദ്ദേഹം വഴിയാണ്‌ ടീച്ചര്‍ എന്നെ ക്ഷണിക്കുന്നത്‌. സ്‌കൂളിലെ കുട്ടികളെ നൃത്തം പഠപ്പിക്കാന്‍ പറഞ്ഞപ്പോള്‍ എനിക്കറിയില്ലെന്ന്‌ പറഞ്ഞ്‌ ഒഴിയാന്‍ ശ്രമിച്ചു. സത്യവുമതാണല്ലോ… കഥകളിയല്ലാതെ എനിക്ക്‌ മറ്റൊരു കലാരൂപവും അന്ന്‌ അറിയില്ല. ഇക്കാര്യം ടീച്ചറോട്‌ തുറന്നുപറഞ്ഞു. സാരമില്ല. ഞാന്‍ സഹായിക്കാമെന്ന വാഗ്‌ദാനവും. ഇതോടെ വെട്ടിലായ എനിക്ക്‌ ഒരു കലാരൂപം ചിട്ടപ്പെടുത്തേണ്ടിവന്നു. കഥകളിയിലെ സാരിയും, കുമ്മിയും, മുദ്രകളും കൂട്ടിയിണക്കിയായിരുന്നു ഈ കലാരൂപത്തിന്റെ നിര്‍മ്മാണം. ഒരു കുട്ടിയെ കൃഷ്‌ണനായും, ചുറ്റിലും മറ്റു കുട്ടികളെ ഗോപസ്‌ത്രീകളുമായും നിര്‍ത്തിയായിരുന്നു അവതരണം. മികച്ച അഭിപ്രായമാണ്‌ ആസ്വാദകര്‍ പറഞ്ഞത്‌. ഇതോടെ തുടര്‍ വര്‍ഷങ്ങളിലും ഞാന്‍ തന്നെ നൃത്തം പഠിപ്പിപ്പിക്കണമെന്ന്‌ സ്‌കൂളധികൃതര്‍ക്ക്‌ നിര്‍ബന്ധം മുറുകി.
നൃത്തമറിയാത്ത ഞാന്‍ വരും വര്‍ഷം എന്ത്‌ കുട്ടികളെ പഠിപ്പിക്കും. ഈ ആഗ്രഹത്താല്‍ എത്തിയത്‌ കേരള കലാമണ്‌ഡലത്തില്‍. അവിടെ ചേര്‍ന്ന്‌ നൃത്തം പഠിക്കാനാവശ്യമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായെങ്കിലും അദ്ധ്യാപകനായ മാധവന്‍ നായര്‍ പെട്ടെന്ന്‌ കലാമണ്‌ഡലത്തിലെ ജോലി രാജിവെച്ചു. തൃപ്പുണിത്തുറ ആര്‍.എല്‍.വി. സ്‌കൂളില്‍ നൃത്താദ്ധ്യാപകനായി ജോലി കിട്ടിയ കാരണത്താലാണിത്‌. എങ്കിലും നൃത്തം പഠിക്കണമെന്ന കലശലായ ആഗ്രഹത്താല്‍ മാധവന്‍ നായര്‍ക്കൊപ്പം അദ്ദേഹത്തിന്റെ നാടായ എറണാകുളത്തേക്ക്‌ തിരിച്ചു. അവിടെ നിന്നും തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സ്‌കൂളിലേക്ക്‌ കാല്‍നടയായി ദിവസവും പോയി വരികയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഈ നടത്തത്തിനിടയില്‍ രാവിലെയും വൈകീട്ടും നൃത്തച്ചുവടുകളെക്കുറിച്ച്‌ പറഞ്ഞുതരികയും, സംശയങ്ങള്‍ ചോദിക്കുമ്പോള്‍ പരിഹരിച്ചു തരികയും ചെയ്‌തു. സ്‌കൂളിലെത്തിയാല്‍ അവിടുത്തെ കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത്‌ ഞാന്‍ കണ്ടുപഠിക്കും. ഇതിനെ തുടര്‍ന്നായിരുന്നു മിക്ക സംശയങ്ങളും ഉണ്ടാവുക. രാത്രിയായാല്‍ പരിശീലനവും. ഇത്തരത്തില്‍ തുടര്‍ച്ചയായി ആറു മാസം അഭ്യസിച്ചു നൃത്തം പഠിച്ചു. കണ്ണൂരിലെത്തി കൗമുദി ടീച്ചറെ കണ്ടു. ആ വര്‍ഷം സ്‌കൂള്‍ വാര്‍ഷികത്തിന്‌ ടീച്ചര്‍ തന്നെ ചിട്ടപ്പെടുത്തിയ ശിഷ്യനും മകനും അവതരിപ്പിച്ചതോടെ ആസ്വാദകര്‍ എന്നെ വിടുന്നില്ല. അടുത്തവര്‍ഷം ബന്ധനസ്ഥനായ അനിരുദ്ധനും അവതരിപ്പിച്ചു. ഇവയെല്ലാം ചിട്ടപ്പെടുത്തിയതാവട്ടെ കൗമുദി ടീച്ചറായിരുന്നു.

കൗമുദി ടീച്ചര്‍ ഒരു കലാകാരി കൂടിയാണെന്ന കാര്യം പുതിയ അറിവായിരുന്നു. സ്‌കൂള്‍ വാര്‍ഷികത്തിനായി നാട്യാചാര്യന്‍ പഠിപ്പിക്കുന്ന നൃത്തം കുട്ടികള്‍ അനായാസമായി അവതരിപ്പിക്കും. അതും ചുരുങ്ങിയ കാലത്തെ പരിശീലനത്താല്‍. ഇതോടെയാണ്‌ ഗുരു ചേമഞ്ചേരി നൃത്ത അദ്ധ്യാപകനായിമാറുന്നത്‌. തങ്ങള്‍ക്കു മാത്രമായി ഈ ശിക്ഷണ വൈദഗ്‌ദ്ധ്യം ലഭിക്കണമെന്ന അത്യാഗ്രഹത്താലാവും, നാട്യാചാര്യനെ കോഴിക്കോട്ടേക്ക്‌ മടങ്ങാന്‍ കണ്ണൂരിലെ കലാസ്‌നേഹികള്‍ അനുവദിച്ചില്ല. ഇതായിരുന്നു കണ്ണൂരില്‍ ഭാരതീയ നൃത്തകലാലയവും, രണ്ടു വര്‍ഷം കഴിഞ്ഞ്‌ തലശ്ശേരിയില്‍ ഭാരതീയ നാട്യകലാലയവും തുടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കലാസ്‌നേഹികളായ ശിഷ്യരുടെ ഗുരുദക്ഷിണയായിരുന്നു ഈ രണ്ടു സ്ഥാപനങ്ങളും. ഇതോടെ ഗുരു ചേമഞ്ചേരി ചേമഞ്ചേരിക്കും സ്വന്തം നാടിനും അന്യമാവുകയായിരുന്നു. രണ്ടു സ്ഥാപനങ്ങളിലുമായി നൂറുകണക്കിന്‌ ശിഷ്യരെയാണ്‌ നാട്ടാചാര്യന്‌ ലഭിച്ചത്‌.

? നൃത്താധ്യാപകനായ
കാലത്തെ എങ്ങനെ
വിലയിരുത്തുന്നു.

വിവിധയിടങ്ങളിലെ പഠനത്താല്‍ അവിടുത്തെ ഗുരുനാഥന്‍മാര്‍ കലയുടെ വിത്ത്‌ എനിക്ക്‌ നല്‍കിയിരുന്നു. ഞാനീ വിത്തുകള്‍ കണ്ണൂരില്‍ പാകി മുളപ്പിച്ചു. പടര്‍ന്ന്‌ പന്തലിച്ചതാവട്ടെ തലശ്ശേരിയിലും, പരിസര പ്രദേശങ്ങളിലുമായിരുന്നു.

? കുടുംബത്തെപ്പറ്റി
പറഞ്ഞില്ല.

ഭാര്യ ജാനകി. അധ്യാപികയായിരുന്നു. എന്റെ 36-ാം വയസ്സില്‍ അവള്‍ അന്തരിച്ചു. മൂത്തമകളുടെ അകാല നിര്യാണം സംഭവിച്ച്‌ മാസങ്ങള്‍ക്കകമായിരുന്നു ജാനകിയുടെ മരണവും. രണ്ടാമത്തെ മകന്‍ പവിത്രനന്ന്‌ ഒരു വയസ്സാണ്‌. അവനിപ്പോള്‍ ജോലി സംബന്ധമായി കുടുംബത്തോടൊപ്പം മുംബൈയില്‍ കഴിയുന്നു.

നിരന്തരമായി ജീവിതത്തില്‍ സംഭവിച്ച ഇത്തരം നഷ്‌ടങ്ങളാകാം ഗുരു ചേമഞ്ചേരിക്ക്‌ കലാകാരനെന്ന നിലക്ക്‌ ആത്മബലമേകിയത്‌. ഏകാന്തതയകറ്റാനായി കലാരംഗത്തെത്തിയ നാട്യാചാര്യന്‌ കലാരംഗം നഷ്‌ടങ്ങളില്‍ നിന്നും തിരിച്ചുകയറാനുള്ള പിടിവള്ളിയായി. അതോ സ്വന്തം ദു:ഖങ്ങളെ സാന്ത്വനിപ്പിക്കാനും, ആശ്വസിപ്പിക്കാനുമുള്ള ഉപാധിയായി മാറ്റിയെടുത്തതോ….

? കണ്ണൂരിലേക്ക്‌ വീണ്ടും
ചേക്കേറിയതിനു പിന്നിലെ
കഥ എന്താണ്‌.

ക്രിക്കറ്റ്‌, കേക്ക്‌, സര്‍ക്കസ്‌ തുടങ്ങി മൂന്ന്‌ `സി`കള്‍ക്ക്‌ ഈറ്റില്ലമാണല്ലോ കണ്ണൂര്‍. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണത്തെക്കുറിച്ച്‌ ചോദിച്ചാല്‍ ജന്മം കൊണ്ട്‌ ചേമഞ്ചേരിക്കാരനും കര്‍മ്മം കൊണ്ട്‌ കണ്ണൂരുകാരനുമായിത്തീര്‍ന്നു എന്റെ ജീവിതം. സര്‍ക്കസിനെക്കുറിച്ചാണ്‌ ചോദ്യമെങ്കില്‍ ഏറെ അറിയാന്‍ കഴിഞ്ഞത്‌ ഇക്കാലത്താണ്‌. സര്‍ക്കസിലെ അല്‍ഭുതപ്പെടുത്തുന്ന അഭ്യാസങ്ങളെക്കുറിച്ചെല്ലാം വിശദമായി അറിയാം. രണ്ടുവര്‍ഷക്കാലം സര്‍ക്കസില്‍ ഒരുകൈ പയറ്റിനോക്കാനും അവസരം ലഭിച്ചതിനാലാണിത്‌. ഇതിനും അവസരമൊരുക്കിയത്‌ കൗമുദി ടീച്ചറുമായുള്ള പരിചയമായിരുന്നു.
ഫെയറി സര്‍ക്കസ്‌ ഉടമയായിരുന്നു അമ്പു ജ്യേഷ്‌ഠന്‍, സര്‍ക്കസിലെ കലാകാരന്മാരെ ഇന്ത്യന്‍ നൃത്തമഭ്യസിപ്പിക്കണം എന്ന ആവശ്യവുമായി തലശ്ശേരിയിലെ കലാലയത്തിലെത്തി. കൗമുദി ടീച്ചറുടെ അയല്‍വാസിയായിരുന്നു അമ്പു ജ്യേഷ്‌ഠന്‍. ടീച്ചര്‍ എന്നെക്കുറിച്ച്‌ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. അതിനാല്‍ കൗമുദി ടീച്ചറുടെ ശുപാര്‍ശയുമായിട്ടായിരുന്നു വരവ്‌. രണ്ടു സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടു വരുന്ന സമയം. അസൗകര്യമുണ്ടെങ്കിലും ടീച്ചര്‍ ഇടപെട്ട കാര്യമായതിനാല്‍ അവഗണിക്കാനായില്ല. തലശ്ശേരിയിലും, കണ്ണൂരിലും നൃത്തപഠനത്തിന്‌ ശിഷ്യരെ ചുമതലപ്പെടുത്തി. ഇതോടെ സ്വതന്ത്രനായ ഞാന്‍ സര്‍ക്കസ്‌ സംഘത്തോടൊപ്പം പ്രയാണം തുടങ്ങി.

ദക്ഷിണേന്ത്യയിലെ വിവിധയിടങ്ങളിലേക്കുള്ള യാത്രകള്‍. ഒന്ന്‌, ഒന്നര മാസത്തിലധികം. എവിടെയും തമ്പടിക്കില്ല. അങ്ങനെ ഞങ്ങള്‍ തൃശ്ശിനാപ്പള്ളിയിലെത്തി. മഴ കോരിച്ചൊരിയുന്നതിനാല്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും പുറത്തിറങ്ങാനാകുന്നില്ല. അന്നു രാത്രിയായപ്പോള്‍ അടുത്ത മുറിയില്‍ നിന്നും ചിലങ്കയുടെ ശബ്‌ദവും പാട്ടും കേള്‍ക്കുന്നു. അകത്തേക്ക്‌ പാളി നോക്കി. ഒരു കുട്ടി അവിടെ നൃത്തമഭ്യസിക്കുകയാണ്‌. പ്രസിദ്ധ ഭരതനാട്യം നര്‍ത്തകി ബാലചന്ദ്ര ഭായിയുടെ ശിഷ്യ. സമീപത്തിരുന്ന്‌ അവര്‍ തന്നെയാണ്‌ പാട്ടുപാടുന്നത്‌. ?ഞാനിതു നോക്കിനില്‍ക്കെ അമ്പു ജ്യേഷ്‌ഠന്‍ വന്നെത്തി. മുറിക്കകത്തേക്ക്‌ കടന്ന്‌ നൃത്ത സംഘത്തെ പരിചയപ്പെട്ടു. ഭരതനാട്യം പഠിക്കാന്‍ ആഗ്രഹം പ്രകടിച്ചപ്പോള്‍ സ്വദേശം മദ്രാസിലാണെന്നും, ഇവിടെ രണ്ടുദിവസമേ ഉണ്ടാവുമെന്നും ബാലചന്ദ്രസരസ്വതി പറഞ്ഞു. മദ്രാസില്‍ എത്തിയാല്‍ പഠിപ്പിച്ചുതരാമെന്ന്‌ വാഗ്‌ദാനവും.

കുറച്ച്‌ മാസങ്ങള്‍ കഴിഞ്ഞ്‌ മദ്രാസിലെത്തിയ സര്‍ക്കസ്‌ സംഘത്തോട്‌ നാട്യാചാര്യന്‍ വിട പറഞ്ഞു. മുമ്പു പറഞ്ഞതുപോലെ ഭരതനാട്യം പഠിക്കാനായിട്ട്‌. അദ്ദേഹം അങ്ങനെയാണ്‌. എപ്പോഴും പഠിച്ചുകൊണ്ടിരിക്കണം. എങ്കിലേ അറിവ്‌ വര്‍ദ്ധിക്കുകയുള്ളൂ എന്ന ചിന്താഗതിക്കാരന്‍. ഈ ചിന്താഗതി ഡോ. ശാന്തകുമാരിയോട്‌ പറഞ്ഞതാണ്‌ അവരുടെ മകനും സിനിമാ താരവുമായ വിനീതിന്‌ കഥകളി പഠിക്കാനുള്ള അവസരം നഷ്‌ടമായത്‌.

? വിനീതിന്റെ കഥകളി പഠനം.

കൊയിലാണ്ടി ഗവ. ആസ്‌പത്രിയിലെ ഡോക്‌ടറായിരുന്നു ശാന്ത കുമാരി. സമീപത്തു തന്നെയുള്ള പെട്രോള്‍ പമ്പിന്‌ സമീപമായിരുന്നു താമസവും. മകനായ വിനീതാണെങ്കില്‍ മൈസൂരില്‍പ്പോയി പഠിക്കുന്നകാലം. ആയിടക്ക്‌ വീട്ടിലെത്തിയ വിനീതിന്‌ യുവജനോല്‍സവത്തിലേക്കായി കഥകളി പഠിക്കണം. ദുര്യോധന വധത്തിലെ കൃഷ്‌ണനായിട്ടായിരുന്നു ഒരുങ്ങേണ്ടത്‌. നിശ്ചിത സമയത്തിനുള്ളില്‍ ഒതുങ്ങുന്ന തരത്തില്‍ ചിട്ടപ്പെടുത്തി കഥകളി പഠിപ്പിക്കുകയാണ്‌. പകുതിയോളം പഠിച്ചുകഴിഞ്ഞപ്പോള്‍ വിനീതിന്റെ അമ്മ ഒരു സംശയം ചോദിച്ചു.
`മാഷേ…. എല്ലാവരും പറയുന്നു. മൂന്നുവര്‍ഷം കഥകളി തുടര്‍ച്ചയായി പഠിച്ചാലേ രംഗത്ത്‌ അവതരിപ്പിക്കാനാകൂവെന്ന്‌. ഇതു ശരിയാണോ?’
“മൂന്നല്ല മുപ്പത്‌ വര്‍ഷം പഠിച്ചാലും കഥകളി പഠനം പൂര്‍ത്തിയാകില്ല” ഞാനുത്തരം പറഞ്ഞു.
എന്റെയീ മറുപടി കേട്ടിട്ടാവണം ആ വര്‍ഷത്തെ കഥകളി പഠന ശേഷം അടുത്തവര്‍ഷം മുതല്‍ വിനീതിനെ കഥകളി പഠിപ്പിച്ചിരുന്നില്ല. അടുത്തവര്‍ഷം മുതല്‍ വിനീതിനെ മോഹിനിയാട്ടം പഠിപ്പിക്കാനുള്ള ചുമതലയും എനിക്കായി.

? ധാരാളം ശിഷ്യന്മാരുണ്ടല്ലോ.

അനവധി ശിഷ്യരുണ്ട്‌. എങ്കിലും എന്റെ പ്രഥമ ശിഷ്യ സീതാലക്ഷ്‌മി, ഭര്‍ത്താവ്‌, ശ്രീനിവാസന്‍, വിഭാവസു, മകന്‍ പവിത്രന്‍, സുരേന്ദ്രന്‍ അങ്ങനെ നൂറുകണക്കിന്‌ പേരുകള്‍, ആരെക്കുറിച്ചാണ്‌ പറയേണ്ടത്‌ എന്ന്‌ അറിയില്ല. എല്ലാവരെക്കുറിച്ചും പറയണം.

അരങ്ങിന്റെ ആചാര്യന്‌ തന്റെ ശിഷ്യരെല്ലാം തുല്യരാണ്‌. ആരെയും ചെറുതായും വലുതായും കാണുന്നില്ല. ഒരിക്കല്‍ ഒരു കലോല്‍സവത്തില്‍ നൃത്തമല്‍സരത്തിന്‌ ജഡ്‌ജിയായി ഗുരു ചേമഞ്ചേരി പോയി. അദ്ദേഹത്തിന്റെ ജഡ്‌ജ്‌മെന്റ്‌ കണ്ടതും നടത്തിപ്പുകാര്‍ അമ്പരന്നു. മല്‍സരിച്ചവര്‍ക്കെല്ലാം ഒരേ മാര്‍ക്ക്‌! എന്തായിങ്ങനെയെന്ന ചോദ്യത്തിന്‌ “എല്ലാവരുടെയും പ്രകടനം മികച്ചതായിരുന്നു. ആര്‍ക്കും കുറച്ച്‌ മാര്‍ക്കിടാന്‍ തോന്നിയില്ല അത്ര തന്നെ. എന്ന്‌ ഉത്തരവും നല്‍കി. സ്‌കൂള്‍ യുവജനോത്സവ രംഗത്ത്‌ കഴിഞ്ഞ ആറുവര്‍ഷം മുമ്പുവരെ കഥകളി രംഗത്ത്‌ തെക്കന്‍ ജില്ലകളില്‍ നിന്നുമുള്ള കലാകാരന്‍മാരായിരുന്നു തിളങ്ങിയിരുന്നത്‌. ഇതിനു ശേഷം ചേലിയ കഥകളി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ആധിപത്യം. 2005-ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ അവസാന കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ആദര്‍ശ്‌. എ.എസ്‌.എല്‍.നിന്നും തുടങ്ങുന്നു. ഗുരു ചേമഞ്ചേരിയുടെ ആ ശിഷ്യ പരമ്പര. ആനന്ദ്‌, രാഹുല്‍ശ്രീനിവാസ്‌ വൈഷ്‌ണവി, ജ്യോത്സ്‌ന, ജഗദീപ്‌ ആതിര…. തുടങ്ങി ശിഷ്യനിര നീളുകയാണ്‌…. അതോടൊപ്പം കഥകളിയിലെ ചേലിയ പെരുമയും…..

 


Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: